മരണമോ നമുക്കുമിനി സ്വാതന്ത്ര്യം

Web Desk
Posted on October 02, 2019, 11:35 am

ഏതൊരു മനുഷ്യനും ഒരു പരിധിവരെ അവന്‍ താലോലിക്കുന്ന സ്വപ്നങ്ങളില്‍ നിന്ന് നമുക്ക് വെളിപ്പെട്ടുകിട്ടും. അങ്ങനെവരുമ്പോള്‍, ഭാരതം കണ്ട ഏറ്റവും വലിയ സ്വപ്നജീവിയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ശരിക്കും മഹാത്മാവ് തന്നെ എന്ന് നമുക്ക് അംഗീകരിക്കേണ്ടിവരും, എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ. താന്‍ കണ്ട ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക് മണ്ണില്‍ വേരുകളുറപ്പിക്കാന്‍ ഇതേപോലെ ജീവിതം ഉഴിഞ്ഞുവെച്ച, അവയ്‌ക്കൊപ്പം ചടുലമായ കാല്‍വെപ്പുകളോടെ പിന്‍ചെന്ന മറ്റൊരാളും ഉണ്ടാവില്ല ഭാരതത്തില്‍. മഹാത്മജി എന്ന ഈ സ്വപ്നമനുഷ്യന്റ വിപണനമൂല്യം തിരിച്ചറിഞ്ഞവര്‍ നമ്മുടെ കറന്‍സിനോട്ടിലെ കഷണ്ടിത്തലയില്‍ മാത്രമല്ല അദ്ദേഹത്തെ പ്രതിഷ്ഠിച്ചിരുത്തിയത്, മറിച്ച് രാഷ്ട്രത്തിന്റെ പിതൃസ്ഥാനത്തേക്കു കൂടിയാണ്.

ഇന്ന് ഈ പിതാവിന് വയസ്സ് നൂറ്റിയമ്പത് തികയുമ്പോള്‍, ആഘോഷങ്ങളല്ല നമുക്കാവശ്യം, മറിച്ച് ഗാന്ധി ശരിക്കും ആരായിരുന്നു എന്ന നേര്‍ ദിശയിലുള്ള അന്വേഷണമാണ്. ഒപ്പം, എന്ത് ആയിരുന്നില്ല എന്ന തിരിച്ചറിവും. കാരണം, ആ അന്വേഷണത്തിന്റെ ഫലം അനുസരിച്ചിരിക്കും ഭാരതം എന്ന മഹാരാജ്യത്തിന്റെ യഥാര്‍ത്ഥ പൈതൃകം നമുക്ക് വീണ്ടെടുക്കാനാവാത്ത വിധം നഷ്ടമാവുമോ എന്ന ആശങ്കയ്ക്കുള്ള ഉത്തരവും. ഇതാ ഇവിടെ തുടങ്ങുകയാണ് ആ അന്വേഷണം.

♠ രാമരാജ്യം എന്ന ഭൂമിയിലെ സ്വര്‍ഗ്ഗം ♠

സ്വപ്നാടകനായ ഗാന്ധിജി വിഭാവനം ചെയ്ത ഏറ്റവും വലിയ ജനാധിപത്യ സങ്കല്പം ‘രാമരാജ്യ’ ത്തിന്റേതായിരുന്നു. പേര് സൂചിപ്പിക്കുംപോലെ അതൊരു മതരാഷ്ട്രത്തെ കെട്ടിപ്പടുക്കലായിരുന്നില്ല. മറിച്ച്, ”ഭൂമിയിലൊരു ദൈവരാജ്യം’ കെട്ടിപ്പടുക്കലായിരുന്നു. ഗാന്ധിജിയുടെ ദൈവത്തിനാവട്ടെ മതങ്ങളുടെ മതില്‍ക്കെട്ടുകളുമുണ്ടായിരുന്നില്ല.
‘രാമരാജ്യം എന്നത് കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത് ഹിന്ദുരാജ് അല്ല. ദൈവത്തിന്റെ രാജ്യമാണത്. എന്നെ സംബന്ധിച്ചിടത്തോളം രാമനും റഹീമും ഒറ്റയൊരു ദൈവമാണ്… സത്യമാകുന്ന ഈശ്വരന്‍, നന്മയാകുന്ന ഈശ്വരന്‍. ഈ ഒരു ഈശ്വരനെയല്ലാതെ മറ്റൊരീശ്വരനെയും ഞാന്‍ അംഗീകരിക്കില്ല’.

രാമരാജ്യത്തിന്റെ അടിത്തറ സത്യവും അഹിംസയുമാണെന്ന് പ്രഖ്യാപിച്ച ഗാന്ധിജി ഈയൊരു സങ്കല്പത്തിലേക്കുള്ള ഭാരതത്തിന്റെ വികാസത്തിലെ പരിമിതികളെ യാഥാര്‍ത്ഥ്യ ബോധ്യത്തോടെയാണ് നോക്കിക്കണ്ടത്: ‘ബ്രിട്ടീഷുകാര്‍ അധികാരം വിട്ടൊഴിയുന്നു എന്നതിനര്‍ത്ഥം രാമരാജ്യം കൈവന്നു എന്നല്ല. അഹിംസയുടെ മൂടുപടമണിഞ്ഞ് നാമൊക്കെ ഹൃദയങ്ങളില്‍ ഹിംസയെ താലോലിച്ചുകൊണ്ടിരിക്കെ, എങ്ങനെയാണ് രാമരാജ്യം വന്നുചേരുക? . അധികാരം നിലനിര്‍ത്താനായി ഹിംസയെ ഉപാസിക്കുന്നവരുടെ ഇടനാഴികളിലൊക്കെ ഇടിമുഴക്കമെന്നോണം പ്രതിധ്വനിക്കണം ഈ ചോദ്യം: ‘അഹിംസയുടെ മൂടുപടമണിഞ്ഞ് നാമൊക്കെ ഹൃദയങ്ങളില്‍ ഹിംസയെ താലോലിച്ചുകൊണ്ടിരിക്കെ, എങ്ങനെയാണ് രാമരാജ്യം വന്നുചേരുക? ’

കാലിക പുരാണം പറയുന്നത് ചെളിക്കുണ്ടില്‍ തിമിര്‍ത്താടിയ വിഷ്ണുദേവന് പോലും വേണ്ടിവന്നു മറ്റൊരു ദേവന്റെ ഇടപെടല്‍, താന്‍ തിമിര്‍ത്താടി രമിക്കുന്ന ചെളിക്കുണ്ടിന്റെ മ്ലേച്ഛതയില്‍ നിന്ന് രക്ഷപെടാന്‍, അധാര്‍മ്മികത ബോധ്യപ്പെടാന്‍ എന്നാണ്. പതഞ്ജലിയുടെ യോഗസൂത്രങ്ങളില്‍ പന്നിയായി മാറിയ ഇന്ദ്രദേവനെ ചെളിക്കുണ്ടിലെ മ്ലേച്ഛമായ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടുത്താനായി മറ്റ് ദേവന്മാര്‍ പറയുന്നതിങ്ങനെ: ”അങ്ങ് ഞങ്ങളുടെ രാജാവാണ്. പക്ഷേ അങ്ങ് ചെളിക്കുണ്ടില്‍ പന്നികള്‍ക്കൊപ്പം കുത്തി മറിയുകയാണ്. ഞങ്ങണ്ടള്‍ക്ക് അങ്ങയുടെ പ്രവൃത്തിയില്‍ ലജ്ജ തോന്നുന്നു. ‘തന്നെ ഉപദേശിക്കുന്ന ദേവകളെ ഞെട്ടിച്ച് ഇന്ദ്രന്‍ മൊഴിഞ്ഞതിങ്ങനെ: ‘ഞാന്‍ ദൈവമാണെന്ന് ആര് പറഞ്ഞു? ഞാനൊരു പന്നിയാണ്. പന്നിയെപ്പോലെ ജീവിക്കുന്നത് മഹത്തരമാണ്. അതിലെ സന്തോഷം നിങ്ങള്‍ക്കറിയില്ല. നിങ്ങള്‍ പന്നിയായാലേ അതിന്റെ സുഖം നിങ്ങള്‍ക്കും മനസ്സിലാകൂ’. പിന്നീട്, തങ്ങളുടെ രാജാവാണെന്നത് മറന്ന് ദേവന്മാര്‍ ഇന്ദ്രന്‍ പ്രവേശിച്ചിരുന്ന പന്നിയുടെ ഉദരം കീറിമുറിച്ച് അദ്ദേഹത്തിന്റെ ആത്മാവിനെ അതില്‍ നിന്നും രക്ഷപ്പെടുത്തുകയാണ്. താന്‍ അതുവരെ നയിച്ചിരുന്ന മ്ലേച്ഛമായ ജീവിതത്തെ തിരിഞ്ഞു നോക്കി ഇന്ദ്രന്‍ പറയുന്നു: ‘ഞാനിപ്പോള്‍ എന്റെ യഥാര്‍ത്ഥ സ്വത്വത്തെക്കാണുന്നു. ഇനിയൊരിക്കലും ഞാന്‍ പന്നിയാവില്ല’. (പതഞ്ജലിയുടെ യോഗസൂത്രങ്ങള്‍ പുസ്തകം രണ്ട്, സൂത്രം പതിനെട്ട്)

പന്നികളുടെ മ്ലേച്ഛമായ ജീവിതം കണ്ട് അവയ്ക്ക് ബോധം പകര്‍ന്നു നല്‍കാന്‍ ഭൂമിയിലേക്കിറങ്ങി വന്നതായിരുന്നു ദേവേന്ദ്രന്‍. പക്ഷേ, ദേവേന്ദ്രന്റെ ബോധം പന്നിക്കൂട്ടങ്ങള്‍ കീഴ്‌മേലാക്കി. മ്ലേച്ഛതയുടെ ജീവിതവഴികളില്‍ പരസ്പരം ചെളിവാരിയെറിഞ്ഞ്, കുത്തിമലര്‍ത്തി അതില്‍ ലഹരി കണ്ടെത്തുന്നവരുടെ എണ്ണം പെരുകുകയാണ് ഇന്ന് ലോകമെമ്പാടും. ഇവര്‍ ഈ ചേറിലേക്ക് പിടിച്ചിറക്കി ഇതേപോലെ ബോധം കീഴ്‌മേലാക്കുന്നവരുടെ എണ്ണമാവട്ടെ പതിന്മടങ്ങും. തങ്ങള്‍ വ്യാപരിക്കുന്നത് മ്ലേച്ഛമായ ചെളിക്കുണ്ടിലാണെന്ന് സ്വയം തിരിച്ചറിയാന്‍ ദേവേന്ദ്രനു പോലും കഴിഞ്ഞില്ലെങ്കില്‍ നിസ്സഹായരായ നാം മനുഷ്യരുടെ കാര്യം പറയേണ്ടതുണ്ടോ.
ദേവകള്‍ ഉദരം പിളര്‍ന്ന് ദേവേന്ദ്രന് തന്റെ യഥാര്‍ത്ഥ സ്വത്വം ബോധ്യപ്പെടുത്തിക്കൊടുക്കും പോലെ ഇതാ ഗാന്ധിജി തന്റെ ഉണ്മയുടെ ചിന്താശരങ്ങളാല്‍ ചേറില്‍ തിമിര്‍ക്കുന്ന നമ്മുടെ മ്ലേച്ഛതയെ കീറിമുറിക്കുകയാണ് ഏകമാനവികതയുടെ ഉദാത്ത സ്വത്വം നമ്മെ ബോധ്യപ്പെട്ടുത്താന്‍, തന്റെയീ നൂറ്റമ്പതാം പിറന്നാളില്‍. ഈ ദൗത്യത്തില്‍ ഗാന്ധിജി വിജയിച്ചു എന്നുവന്നാല്‍, തല നിവര്‍ത്തിനിന്ന് നമ്മുടെ മക്കള്‍ക്കും അഭിമാനിക്കാനാവും, തങ്ങള്‍ വിശ്വപൗരരായ ഭാരതീയരെന്ന്. തോല്‍ക്കാന്‍ തയ്യാറാവാത്തവനെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ല എന്നത് തന്നെ ഇവിടെ നമുക്ക് പ്രതീക്ഷ തരുന്ന സത്യം.

എഡ്വിന്‍ പി മൈക്കിള്‍ ([email protected] com)