8 September 2024, Sunday
KSFE Galaxy Chits Banner 2

‘മാനിഷാദ’ പാടിയ രാമായണത്തിലെ നിഷാദരാജ്യം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 12
July 27, 2024 4:15 am

ണചേരാനുള്ള മുന്നൊരുക്ക ചേഷ്ടയോടെ കഴിഞ്ഞിരുന്ന ക്രൗഞ്ചമിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു കൊന്ന കാട്ടാളനെ നോക്കി ‘മാ നിഷാദ‑അരുതു കാട്ടാള’ എന്നു പാടിയ ആദികവിയുടെ കാരുണ്യ പൂരിതമായ അന്തഃരംഗം കാണാൻ സഹൃദയത്വമില്ലാത്ത സംസ്കൃത പണ്ഡിതന്മാർ നമ്മൾക്കിടയിലുണ്ട്. അവർ ‘മാ നിഷാദാ’ പ്രയോഗത്തിനു കൽപ്പിക്കുന്ന അർത്ഥങ്ങൾ നിഷാദനു വേട്ടയാടി ഭക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരായ ചാതുർവ്വർണ്യവാദിയുടെ വിലക്ക് എന്നൊക്കെയാണ്. രാമായണം എഴുതിയ ആദി കവി വാല്മീകിക്കോ അദ്ധ്യാത്മ രാമായണ കർത്താവായ വ്യാസ മാമുനിക്കോ നിഷാദന്മാരെപ്പോലുള്ളവരെയൊന്നും കണ്ടു കൂടാത്ത ജാതി ഭ്രാന്തുണ്ടായിരുന്നു എന്നാണ് മേൽപ്പറഞ്ഞ വിധം മാനിഷാദാ പ്രയോഗത്തെ വ്യാഖ്യാനിക്കുന്ന അന്യാദൃശ്യമായ ‘സംസ്കൃത’ പ്രാവീണ്യമുള്ള അക്കാദമീഷ്യരുടെ അഭിപ്രായം. ഇതിൽ വല്ല കഥയും കാര്യവും ഉണ്ടോ എന്നു പരിശോധിക്കാൻ നാം നിർബന്ധിതരാണ്. എന്തുകൊണ്ടെന്നാൽ പൊതുജനം തെറ്റിദ്ധരിക്കരുതല്ലോ.

നിഷാദർ എന്ന മനുഷ്യവംശത്തോട് പ്രത്യേകമായ എതിർപ്പോ അറപ്പോ വാല്മീകിയും വ്യാസനും ഉൾപ്പെടെയുള്ള രാമായണ കാവ്യ രചയിതാക്കളായ പുരാണ കവിപ്രതിഭകൾക്ക് ഇല്ലായിരുന്നു. ഇതുതെളിയിക്കാൻ വാല്മീകി രാമായണത്തിലേയും അധ്യാത്മരാമായണത്തിലെയും ഗുഹസമാഗമം എന്ന ഭാഗം മാത്രം വായിച്ചാൽ മതി. ശ്രീ ഗുഹൻ ശൃഗീവേരം എന്ന പട്ടണത്തോടു കൂടിയ നിഷാദ രാജ്യത്തിന്റെ രാജാവായിരുന്നു. മുസ്ലിങ്ങൾ അധികാരത്തിന്റെ ഏഴയലത്തുപോലും ഇല്ലാത്ത നില ഉണ്ടായാലേ ഇന്ത്യ ഹിന്ദുരാഷ്ട്രമാകൂ എന്നു കരുതുന്നവർ ഇക്കാലത്തുണ്ടല്ലോ. ഇത്തരം മനോഭാവത്തോടെ നിഷാദർ അധികാരത്തിലില്ലാത്ത ഒന്നാണ് രാമരാജ്യം എന്ന നിലപാട് വാല്മീകിക്കോ വ്യാസനോ ഉണ്ടായിരുന്നെങ്കിൽ,അവർ എഴുതിയ രാമായണങ്ങളിൽ നിഷാദരാജാവായ ഗുഹൻ ചിത്രീകരിക്കപ്പെടില്ലായിരുന്നു. ഗുഹൻ ശ്രീരാമനെ കാണുന്നത് സഖാവും സ്വാമിയും ആയാണ്-മിത്രവും യജമാനനും ആയിട്ടാണ്[അധ്യാത്മരാമായണം; അയോദ്ധ്യാകാണ്ഡം; സർഗം 5; ശ്ലോകം62]’ മാ നിഷാദ’ പ്രയോഗത്തിലൂടെ നിഷാദരുടെ നിർമ്മൂലനമാണ് രാമായണധർമ്മം എന്നു വ്യഖ്യാനിച്ചെഴുതി വിടുന്ന സംസ്കൃത പണ്ഡിതർ,നിഷാദനായ ഗുഹനു വാല്മീകിയുടെയും വ്യാസന്റെയും രാമായണങ്ങളിലുളള സ്ഥാനം എന്തെന്നും എന്തിനെന്നും കൂടി വ്യാഖ്യാനിച്ചു പറയാൻ ബാധ്യസ്ഥരാണ്.

എന്തായാലും രാമൻ നിഷാദരെ തൊട്ടു കൂടാത്തവരും തീണ്ടിക്കൂടാത്തവരും ദൃഷ്ടിയിൽ പെട്ടാൽ ദോഷമുള്ളവരുമായി കണ്ടിരുന്നില്ലെന്നു രാമായണങ്ങളിലെ ഗുഹസമാഗമം എന്ന ഭാഗം തെളിയിച്ചു കാട്ടുന്നുണ്ട്. രാമൻ നിഷാദരെ അസ്പൃശ്യരായി കണ്ടിരുന്നെങ്കിൽ നിഷാദനായ ഗുഹൻ സീതാലക്ഷ്മണ സമേതനായി ശൃഗീവേരം പട്ടണത്തിലെ ശിംശിപ വൃക്ഷച്ചോട്ടിലെത്തി വിശ്രമിക്കുന്ന ശ്രീരാമനെ കാണാൻ ഓടി വരികയോ തന്നെ കാണാൻ വന്ന ഗുഹനെ രാമൻ കെട്ടിയാശ്ലേഷിക്കുകയോ ഇല്ലായിരുന്നു. തീർച്ചയായും ചാതുർവർണ്യം ജനാധിപത്യ വിരുദ്ധമായ സാമൂഹികരാഷ്ട്രീയ വ്യവസ്ഥയാണ്. അതിനാൽ ചാതുർവർണ്യം എതിർക്കപ്പെടണം. പക്ഷേ അതിന്റെ പേരിൽ മാനിഷാദാവാക്യത്തിനും മറ്റും കവി ഉദ്ദേശിക്കാത്തതും അനൗചിത്യപരവുമായ അർത്ഥങ്ങൾ വ്യാഖ്യാനിച്ചെടുത്ത് നിഷാദ നിർമ്മുക്ത രാഷ്ട്രം എന്ന ചാതുർവർണ്യ വ്യവസ്ഥയുടെ താല്പര്യമാണ് മാ നിഷാദയിൽ മുഴങ്ങുന്നതെന്നൊക്കെ എഴുതുന്നതും പ്രചരിപ്പിക്കുന്നതും മിതമായി പറഞ്ഞാൽ ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം’ എന്ന നിലപാടിനെ ഉദാഹരണമുണ്ടാക്കലേ ആകൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.