വീണാരാജ്

March 31, 2021, 6:17 pm

ആരോപണങ്ങൾ ഒന്നൊന്നായി പൊളിഞ്ഞടുങ്ങിയിട്ടും പ്രതിപക്ഷ നേതാവിന്‌ പിന്നെയും മുറുമുറുപ്പ്‌

Janayugom Online

മഞ്ഞപ്പിത്തം ബാധിച്ചവന്റെ കണ്ണില്‍ കാണുന്നതെല്ലാം മഞ്ഞയാണ്. ആ ആവസ്ഥയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കിപ്പോള്‍. സര്‍ക്കാര്‍ എന്ത് കാര്യം ചെയ്താലും അതിലെല്ലാം അനാവിശ്യമായി കുറ്റം കണ്ടെത്തുകയാണ് പ്രതിപക്ഷം. റോഡിലൊരു ഇല അനങ്ങിയാല്‍ പോലും അത് പിണറായി വിജയനും സര്‍ക്കാരും അഴിമതി കാണിച്ചതു കൊണ്ടാണ് അല്ലെങ്കില്‍ അവര്‍ പറഞ്ഞിട്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് വിടുവായിത്തരം പറയുകയാണ് ചെന്നിത്തല. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് ഇത്രയ്ക്ക് അധപതിച്ചു പോയോ എന്നാണ് ജനം ചോദിക്കുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ഈ നാട് ഒറ്റക്കെട്ടായി ഒരേ സ്വരത്തില്‍ പറയുമ്പോള്‍ എങ്ങനെയാണ് പ്രതിപക്ഷ നേതാവിന് വെളറി പിടിക്കാതെയിരിക്കുന്നത്. എന്റെ പ്രതിപക്ഷ നേതാവേ.. ജനത്തിനറിയാം.. ചെയ്യുമെന്ന് ഉറപ്പുളള കാര്യങ്ങള്‍ മാത്രമേ ഇടതുപക്ഷ ജനാധിപത്യ മുന്നണി പറയുകയുളളു. അത് അല്ലാതെ ജന ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കുകയും അധികാരത്തില്‍ വരുമ്പോള്‍ ജന ദ്രോഹ പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അല്ല ഇടതുപക്ഷമെന്ന്. ജനത്തിന്റെ മനസ്സ് അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവരാണ് ഇടതുപക്ഷം.

ശബരിമല എന്ന ചീട്ട് അല്ലാതെ മറ്റ് എന്താണ് നിങ്ങള്‍ക്ക് ജനത്തിന് മുൻപില്‍ പറയാനുളള തെരഞ്ഞെടുപ്പ് പ്രചരണ വാക്യം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും അത് പ്രയോഗിച്ചു. ആദ്യം പ്രയോഗിച്ചപ്പോള്‍ ഉളള തീ ഇന്ന് ആ തുറുപ്പു ചീട്ടിന് ഇല്ലാ എന്നതാണ് സത്യം. ഇന്ന് അതൊരു നനഞ്ഞ പടക്കം മാത്രമാണ്. ഭക്തി പുഴുങ്ങി തിന്നാല്‍ വിശപ്പ് മാറില്ലെന്ന് വീട്ടമ്മ വിളിച്ചു പറഞ്ഞത് നിങ്ങളും കേട്ടതാണ്. പട്ടിണി കാലത്ത്, ദുരിത കാലത്ത് ഈ നാട്ടിലെ ജനങ്ങള കൈ പിടിച്ചുയര്‍ത്തിയതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. ആ കഞ്ഞിയിലാണ് പ്രതിപക്ഷ നേതാവ് മണ്ണ് വാരിയിടാൻ നോക്കിയത്. പക്ഷേ.. ആ തന്ത്രം പാളി പോയി. നാല് വോട്ടിനു വേണ്ടിയല്ല സര്‍ക്കാര്‍ പട്ടിണി കിടക്കുന്നവനു ഒപ്പം നിന്നത്. ഈ സമൂഹത്തിലെ എല്ലാ ജീവജാലങ്ങളെയും ഒരുപോലെയാണ് സര്‍ക്കാര്‍ കണ്ടത്.

ഈ സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ആദ്യം നടപ്പിലാക്കിയത് യുഡിഎഫ് കാലത്ത് മുടങ്ങി കിടന്ന ക്ഷേമ പെൻഷനുകളെല്ലാം നല്‍കി. ഈ അഞ്ച് വര്‍ഷ കാലയളവിനുളളില്‍ പെൻഷൻ തുക 1500 രൂപയാക്കി ഉയര്‍ത്തി. ഇനിയും അത് വര്‍ധിപ്പിക്കുമെന്ന് ഇടതുപക്ഷം ഉറപ്പ് നല്‍കിയിട്ടുണ്ട്. ആദ്യം പറഞ്ഞ പോലെ കാണുന്നതെല്ലാം മഞ്ഞ പോലെയാണ് പ്രതിപക്ഷം. അതുകൊണ്ട് ആണല്ലോ.. വിഷു, ഈസ്റ്റര്‍ ആഘോഷങ്ങളോട് അനുബന്ധിച്ച് ഇത്തവണത്തെ പെൻഷൻ തുക നേരത്തെ വീടുകളിലെത്തിക്കുന്നത്. യാദൃശ്ചികമെന്നോണം കഴിഞ്ഞ ദിവസം, പെൻഷൻ തുക നല്‍കാൻ ചെന്നപ്പോള്‍ തന്നെ പോസ്റ്റല്‍ വോട്ടിനുളള ഉദ്യോഗസ്ഥരും കായകുളത്തെ ഒരു വീട്ടിലെത്തി. ഈ രണ്ടു ദിവസം പ്രതിപക്ഷ ഈ തുറുപ്പി ചീട്ട് ഇറക്കിയായിരുന്നു കളിച്ചത്. എന്നാല്‍, ആ ചീട്ടു കൊട്ടാരത്തിന്റെയും ആയുസ് അല്‍പ്പനേരം മാത്രമായിരുന്നു. വസ്തുത എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കൃത്യമായി മനസ്സിലായി.

നസ്രേത്തിൽനിന്ന് നന്മ പ്രതീക്ഷിക്കാമോ എന്നു ചോദിക്കുന്നതുപോലെയാണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ കാര്യവും. അവരിൽനിന്ന് നന്മ പ്രതീക്ഷിക്കരുത്. നാട് പകർച്ചവ്യാധിയുടെ പിടിയിൽ അമർന്ന നാളുകളിൽപ്പോലും അവർ ചെയ്തത് കേരളം കണ്ടതാണ്. ഹീനമായ രാഷ്ട്രീയം കളിക്കാനാണ് അവരെപ്പോഴും ശ്രമിച്ചത്. കോവിഡ് വ്യാപന നാളുകളിൽ എത്രയെത്ര സമരകോലാഹലങ്ങൾക്ക് യുഡിഎഫും ബിജെപിയും നേതൃത്വം നൽകി. പ്രതിസന്ധിഘട്ടങ്ങളിൽ അവധാനതയോടെ പ്രവർത്തിക്കേണ്ടവരാണ് രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും. എന്നാൽ, കോവിഡ് നിയന്ത്രിക്കാൻ ആരോഗ്യവകുപ്പ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെല്ലാം അട്ടിമറിക്കാനായിരുന്നു യുഡിഎഫും ബിജെപിയും പലപ്പോഴും ശ്രമിച്ചത്. സർക്കാരിനെയും സംസ്ഥാനത്തെയും പ്രതിസന്ധിയിലാക്കാൻ പറ്റുമോ എന്നാണ് രണ്ടു കൂട്ടരും നോക്കിയത്.

അധികാരത്തിനായി എന്ത് കളിയും കളിക്കാൻ ഇവര്‍ ഒരുക്കുമാണ്. വസ്തുതകളെ മറച്ചു വെച്ച് ജനങ്ങള്‍ക്ക് മുന്നില്‍ കളളത്തരങ്ങള്‍ മാത്രം പടച്ചു വിടുകയാണ്. എന്നാല്‍, അതിലൊന്നും കേരളത്തിലെ ജനങ്ങള്‍ വീഴില്ല എന്നതാണ് സത്യം. സത്യങ്ങള്‍ അവര്‍ മനസ്സിലാക്കിന കഴിഞ്ഞു.

ENGLISH SUMMARY: ramesh chen­nitha­la against the good things of ldf govt

YOU MAY ALSO LIKE THIS VIDEO