മനോജ് മാധവൻ

തിരുവനന്തപുരം

August 29, 2021, 10:35 pm

ഉമ്മൻചാണ്ടിയും ചെന്നിത്തലയും പടിക്കുപുറത്ത്; കോൺഗ്രസിൽ പുതിയ അധികാര കേന്ദ്രം

Janayugom Online

പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവന്നതിനൊപ്പം സംസ്ഥാനത്തെ കോൺഗ്രസിൽ പുതിയ അധികാര കേന്ദ്രം. മൂന്ന് പതിറ്റാണ്ടോളം എ, ഐ ഗ്രൂപ്പുകളിലൂടെ കോൺഗ്രസ് രാഷ്ട്രീയം കൈപ്പിടിയിൽ ഒതുക്കിയ ഉമ്മൻചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ചരിത്രത്തിൽ നിന്നും തുടച്ചു നീക്കി ഔദ്യോഗിക സഖ്യം അധികാരം ഉറപ്പിച്ചു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സഖ്യമാകും ഇനി കേരളത്തിലെ കോൺഗ്രസിന്റെ അമരക്കാർ.

ഡിസിസി അധ്യക്ഷന്മാരുടെ ലിസ്റ്റ് പുറത്തുവന്നതിനൊപ്പം എ, ഐ ഗ്രൂപ്പുകളെ നയിച്ചിരുന്ന രണ്ട് അതികായന്മാർക്കും ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ റോളില്ലെന്നുകൂടി എഴുതിച്ചേർക്കുകയായിരുന്നു ഔദ്യോഗിക സഖ്യം. കെ കരുണാകരനും എ കെ ആന്റണിക്കും ശേഷം ചെന്നിത്തലയുടെയും ഉമ്മൻചാണ്ടിയുടെയും ബലാബല പരീക്ഷണങ്ങളാണ് കേരളത്തിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിലനിന്നിരുന്നത്.

ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക കണ്ട് ഞെട്ടിയ ഉമ്മൻചാണ്ടിയും ചെന്നിത്തലയും ഇതാദ്യമായി കോൺഗ്രസ് നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണം നടത്തി. ചർച്ചകൾ കൂടാതെയാണ് പട്ടിക പ്രഖ്യാപിച്ചതെന്ന പരസ്യ വിമർശനങ്ങള്‍ക്ക് കെ സുധാകരനും വി ഡി സതീശനും ചുട്ട മറുപടി കൂടി നൽകി. ഇതോടെ കോൺഗ്രസ് രാഷ്ട്രീയം സമീപകാലത്തെ അസാധാരണ പ്രതിസന്ധിയിലേക്കു നീങ്ങി.

ഇരു ഗ്രൂപ്പു നേതാക്കളും അണികളും പോർവിളിയുമായി രംഗത്ത് എത്തുകയും പിളർപ്പിന്റെ സൂചനകൾ മുഴക്കുകയും ചെയ്തതോടെ പ്രശ്നം പറഞ്ഞു തീർക്കാൻ കേരളത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് താരിഖ് അന്‍വർ അടുത്ത ദിവസംതന്നെ കേരളത്തിലെത്തും.

ഡിസിസി പട്ടിക തയ്യാറാക്കുന്നതിനു മുൻപ് ഇരു ഗ്രൂപ്പു നേതാക്കൾക്കും നൽകിയ ഉറപ്പുകൾ കാറ്റിൽ പറത്തിയും നൽകിയ പേരുകൾ വലിച്ചെറിഞ്ഞുമുള്ള ഹൈക്കമാൻഡ് തീരുമാനം ശനിയാഴ്ച രാത്രിയാണ് പുറത്തുവിട്ടത്. കലാപസാധ്യത തിരിച്ചറിഞ്ഞ ഔദ്യോഗിക സഖ്യം രണ്ട് മുതിർന്ന നേതാക്കളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ സസ്പെന്റ് ചെയ്തുള്ള വാർത്താക്കുറിപ്പും ഇറക്കി. നേതൃത്വത്തിനെതിരെ പരസ്യപ്രസ്താവന നടത്തിയെന്ന പേരിലാണ് കെപിസിസി ജനറൽ സെക്രട്ടറി കെ പി അനിൽ കുമാറിനെയും മുൻ എംഎൽഎ ശിവദാസൻ നായരെയും സസ്പെന്റ് ചെയ്തത്. പ്രതികരിച്ചാൽ ഇതാകും ശിക്ഷയെന്ന മുന്നറിയിപ്പ് കൂടിയാണ് നേതൃത്വം നൽകിയിരിക്കുന്നത്.

കെ സുധാകരൻ കെപിസിസി പ്രസിഡന്റിന്റെ കസേരയിൽ ഇരുന്നുകൊണ്ട് തന്റെ പതിവു ശൈലിതന്നെയാണ് പിന്തുടരുന്നത്. കാലാകാലങ്ങളായി പിന്തുടർന്നിരുന്ന ജനാധിപത്യ രീതികൾ ഇനിയുണ്ടാവില്ലെന്നും ഔദ്യോഗിക സഖ്യം പറയുന്നത് നേതാക്കളും പ്രവർത്തകരും അനുസരിച്ചുകൊള്ളണമെന്നും തന്നെയാണ് സുധാകരന്റെയും സതീശന്റെയും നിലപാട്.

മലക്കംമറി‍ഞ്ഞ് മുരളി

രണ്ടാം വരവിൽ ചെന്നിത്തലയുടെ ഇഷ്ടക്കാരനും ആദ്യകാല ഐ ഗ്രൂപ്പ് നേതാവും പിന്നീട് നിലനിൽപ്പിനായി ഉമ്മൻചാണ്ടിക്കൊപ്പം എ ഗ്രൂപ്പിൽ ചേരുകയും ചെയ്ത കെ മുരളീധരൻ അവസരോചിതമായി മലക്കം മറിഞ്ഞു. കെ സുധാകരനും വി ഡി സതീശനും പിന്തുണ പ്രഖ്യാപിച്ചും ഗ്രൂപ്പുനേതാക്കളെ പരസ്യമായി തള്ളിപ്പറഞ്ഞുമാണ് മുരളീധരൻ രംഗത്തെത്തിയത്.

പോസ്റ്റർ യുദ്ധം

ഔദ്യോഗിക നേതൃത്വം പാർട്ടിയെ പൂർണമായി കൈപ്പിടിയിൽ ഒതുക്കുമ്പോൾ ഇക്കാലമത്രയും ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിക്കും ഒപ്പം നിന്നവർ സ്വീകരിക്കുന്ന നിലപാടുകള്‍ ഇനി നിർണായകം. വിവിധ ഡിസിസി ഓഫീസുകൾക്കു മുന്നിൽ പോസ്റ്റർ യുദ്ധമടക്കം പലവിധ പ്രതിഷേധങ്ങൾ തുടരുകയാണ്. 14 ജില്ലകളിലും ഡിസിസി പ്രസിഡന്റുമാരെ അംഗീകരിക്കില്ലെന്ന വാശിയോടെ വലിയൊരു വിഭാഗം നിലകൊള്ളുകയും ചെയ്യുന്നു. ഇത് അടുത്തവർഷം ആദ്യം നടക്കുമെന്ന് പറയപ്പെടുന്ന സംഘടനാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വലിയ വെല്ലുവിളി ഉയർത്തും.

ചാനല്‍ വിലക്ക്

ഗ്രൂപ്പു നേതാക്കളുടെ വക്താക്കളായി ചാനൽ ചർച്ചയിൽ പങ്കെടുത്താൽ പുറത്താക്കുമെന്ന ഭീഷണി മുഴക്കി കെപിസിസി നേതൃത്വം. ചാനൽ ചർച്ചകളിൽ പങ്കെടുക്കുന്നതിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നേതാക്കളെ വിലക്കി. പാർട്ടിയുടെ നിലപാട് ഹൈക്കമാൻഡും, സംസ്ഥാന നേതൃത്വവും ജനങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.

You may also like this video: