സ്വന്തം ലേഖകൻ

ആലപ്പുഴ

May 03, 2021, 9:41 am

കനത്ത പരാജയത്തിന് പിന്നാലെ ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തെ തുടർന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ കോൺഗ്രസിൽ പടയൊരുക്കം രൂക്ഷം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ വെട്ടിയാണ് ചെന്നിത്തല പ്രതിപക്ഷ നേതാവായത്. എംഎൽഎമാരെ ഒപ്പം നിർത്തിയായിരുന്നു ചെന്നിത്തലയുടെ വടംവലി. ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉമ്മൻചാണ്ടിയെ വെട്ടാൻ ചെന്നിത്തല പരമാവധി ശ്രമിച്ചെങ്കിലും ഹൈക്കമാൻഡ് ഇടപെട്ടാണ് സീറ്റ് ഉറപ്പിച്ചത്. ഇതിനിടയിൽ ഉമ്മൻചാണ്ടിയെ നേമത്ത് മത്സരിപ്പിക്കാനും ചെന്നിത്തലയുടെ നേതൃത്വത്തിൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ കനത്ത പരാജയം നേരിട്ടതിനെ തുടർന്ന് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റുവാനും കോൺഗ്രസിൽ നീക്കങ്ങൾ ചടുലമായി.

കോൺഗ്രസിനും യുഡിഎഫിനും ഉണ്ടായ കനത്ത പരാജയത്തിന് കാരണം ചെന്നിത്തലയുടെ അനാവശ്യ ഇടപെടലുകളാണെന്ന് കോൺഗ്രസിൽ ആക്ഷേപം ശക്തമാണ്. കൂടാതെ ജയിച്ച എംഎൽഎമാരിൽ കൂടുതലും ചെന്നിത്തലയെ എതിർക്കുന്നവരുമാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയാണെന്ന് പ്രചരണം നടത്തിയിട്ടും കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം പോലും ഉറപ്പാക്കാൻ കഴിയാഞ്ഞതും ചെന്നിത്തലയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ കോൺഗ്രസിൽ വലിയ ഗ്രൂപ്പ് പോരുകൾക്ക് വഴിവെയ്ക്കുമെന്നാണ് സൂചന. ഉമ്മൻചാണ്ടിയുമായി ഏറെ അടുപ്പമുള്ള കെ സി ജോസഫിന് അടക്കം സീറ്റ് നിഷേധിച്ചതും ഐ ഗ്രൂപ്പിന്റെ സമ്മർദ്ദത്തിന്റെ ഫലമായാണ്. ഇതിനെതിരെ എ ഗ്രൂപ്പ് പ്രതിഷേധം ഉയര്‍ത്തിയെങ്കിലും ഫലം കണ്ടില്ല. രമേശ് ചെന്നിത്തലയ്ക്കെതിരെ എ ഗ്രൂപ്പും കെ സി വേണുഗോപാൽ ഗ്രൂപ്പും ഒന്നിക്കുവാനുള്ള സാധ്യതയും വിദൂരമല്ല.

Eng­lish sum­ma­ry: Ramesh chen­nitha­la fac­ing issues in Congress

You may also like this video: