Web Desk

തിരുവനന്തപുരം

May 26, 2021, 4:33 pm

സംഘടനാ ദൗർബല്യം തിരിച്ചടിയായി; അന്വേഷണ സമിതിക്ക് മുന്നിൽ കോവിഡിനെയും പഴിചാരി ചെന്നിത്തല

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിയുടെ കാരണങ്ങള്‍ അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ അക്കമിട്ട് നിരത്തി മുന്‍ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല. തോല്‍വിയുടെ കാരണം കോവിഡിനെ അടിച്ചേല്‍പ്പിച്ച ചെന്നിത്തല സംഘടനാ ദൗര്‍ബല്യവും തുറന്നുക്കാട്ടി. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം സമിതിക്ക് മുന്നില്‍ വ്യക്തമാക്കി.

സംഘടനാ ദൗര്‍ബല്യം മൂലം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനങ്ങള്‍ താഴെ തലത്തിലേക്ക് എത്തിക്കാന്‍ സാധിച്ചില്ല. കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റികള്‍ പലതും നിര്‍ജ്ജീവമായിരുന്നു. ഇലക്ഷന്‍ സ്ലിപ്പ് പോലും വീടുകളില്‍ എത്തിക്കാന്‍ കോണ്‍ഗ്രസിന് കഴി‍ഞ്ഞില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തില്‍ ലോകത്തിന് തന്നെ മാതൃകയായ സര്‍ക്കാരിനെതിരെയും ചെന്നിത്തല ആരോപണം ഉന്നയിച്ചു. ഭരണപക്ഷം പാർട്ടി പ്രവർത്തകരെ കോവിഡ് സന്നദ്ധ പ്രവർത്തകർ ആക്കിയെന്നതാണ് പ്രധാന ആരോപണം. ഇതിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പരസ്യമായി കോണ്‍ഗ്രസ് പാര്‍ട്ടി കാണിച്ച വിയോജിപ്പ് ചെന്നിത്തല മറച്ചുവയ്ക്കുകയും ചെയ്തു. സര്‍ക്കാരിനെതിരായ ആരോപണങ്ങള്‍ കോവിഡ് വ്യാപനം കാരണമാണ് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയാതിരുന്നതെന്ന് ഞായീകരിച്ച ചെന്നിത്തല മാധ്യമങ്ങളും കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്ന് വെളിപ്പെടുത്തി.

കോണ്‍ഗ്രസിന്റെ മൃതുഹിന്ദുത്വ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി എന്നും അശോക് ചവാന്‍ സമിതിക്ക് മുന്നില്‍ രമേശ് ചെന്നിത്തല ബോധ്യപ്പെടുത്തി. ബിജെപിയുടെ വര്‍ഗ്ഗീയ നിലപാടുകളില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച എല്‍ഡിഎഫിന് കോൺഗ്രെസ്സിനെക്കാൾ ന്യൂനപക്ഷ അനുകൂല വികാരം ഉണ്ടായെന്നും ചെന്നിത്തല തുറന്നുക്കാട്ടി. .ഇതിന്റെ ഭാഗമായി മുസ്ലിം വോട്ടുകൾ ഇടതുപക്ഷത്തിന് ലഭിച്ചുവെന്നും എന്നും രമേശ് ചെന്നിത്തല പറഞ്ഞു

തെരഞ്ഞെടുപ്പ് പരാജയത്തിൽ ജില്ലാ ഘടകങ്ങൾക്കുൾപ്പടെ പ്രധാന പങ്കുണ്ടെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ എഐസിസിക്ക് നൽകിയ റിപ്പോർട്ടിലെ വിലയിരുത്തൽ.. തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പരിശോധിക്കുന്നതിനും ജില്ലാ ഘടകങ്ങളുടെ വീഴ്ച വിലയിരുത്തുന്നതിനും അശോക് ചവാൻ അധ്യക്ഷനായ സമിതിയെ എഐസിസി നിയോ​ഗിച്ചിരിക്കുകയാണ്.  തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ എല്ലാ ഡിസിസികളും പുന:സംഘടിപ്പിക്കാനാണ് എഐസിസിയുടെ തീരുമാനം.

Eng­lish sum­ma­ry: Ramesh Chen­nitha­la on Elec­tion 2021

You may also like this video: