വത്സൻ രാമംകുളത്ത്

February 23, 2021, 3:18 am

ആഴക്കടലിലെ പീറക്കടലാസ്

Janayugom Online

ടക്കാലത്ത് ഒന്ന് നിര്‍ത്തിവച്ചതായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസിദ്ധമായ വാര്‍ത്താസമ്മേളനപരമ്പര. രാവിലെ കെ സുരേന്ദ്രന്‍ തയ്യാറാക്കിപ്പറയുന്ന നുണക്കഥ അതേപടി ഉച്ചക്ക് തന്റെ വകയായി ആവര്‍ത്തിക്കുന്നത് കോണ്‍ഗ്രസിനുതന്നെ ദോഷമാകുമെന്ന് പാര്‍ട്ടിയില്‍ പാട്ടായപ്പോഴാണ് ആ പണി നിര്‍ത്തിയത്. പാര്‍ട്ടിക്കാര്‍ക്കുമുന്നില്‍ മുഖത്തെ മിനുസം കൂട്ടാന്‍ പതിവ് പൗഡര്‍ മാത്രം പോരാതെ സര്‍ക്കാരിനെതിരെ നാല് നുണക്കഥ കൂടി ചാലിച്ച് തേച്ചാണ് പ്രതിപക്ഷനേതാവ് പിടിച്ചുനിന്നത്. അന്നത്തെ കേമവിശേഷമായിരുന്ന സ്വര്‍ണക്കടത്തും സ്പ്രിംഗ്ലറുമെല്ലാം എട്ടുനിലയില്‍ പൊട്ടി പാളീസാകുകയും ചെയ്തു. ഉമ്മന്‍ ചാണ്ടിയെയാണ് അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ മുന്നില്‍ നിര്‍ത്തുകയെന്ന വടക്കന്‍പാട്ടുകൂടി കേട്ടതോടെ സമനില തെറ്റിയവിധമായി നേതാവിന്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നവരെ കെട്ടിയെഴുന്നള്ളിച്ചൊരു യാത്ര കേരളത്തിലുടനീളം നടത്തുന്ന പതിവ് കോണ്‍ഗ്രസിനുണ്ട്. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് സ്വയം കുറിച്ചാണ്, ചെയര്‍മാനെന്ന വിവേ(കമില്ലാത്ത)ചനാധികാരം ഉപയോഗിച്ച് ഐശ്വര്യമായൊരു ജാഥാജ്ഞലി കഴിക്കാന്‍ തീരുമാനിച്ചത്. തുടക്കം തന്നെ ആദരാജ്ഞലികളേറ്റുവാങ്ങി പ്രയാണം തുടരേണ്ടിവന്ന ഗതികേട് വേറെ. എല്ലാ ഐശ്വര്യവും അതോടെ തീര്‍ന്നു.

ഐശ്വര്യമില്ലാതെ ജാഥ ഒരുവഴിക്ക് പോകുന്നതിനിടെ, ചാനലായ ചാനലുമുഴുവന്‍ കോണ്‍ഗ്രസിന്റെ ‘ജനകീയ മുഖം ഉമ്മന്‍ചാണ്ടി…’ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഉരിയാടുകയാണ്. എന്നാപ്പിന്നെ കിടക്കട്ടെ അടുത്ത വെടിവഴിപാട് എന്ന മട്ടിലാണ് ആഴക്കടലില്‍ ആഴ്‌ന്നിറങ്ങിക്കിട്ടിയ ആ പീറക്കടലാസ് പോക്കറ്റിലിട്ട് അതേ ചാനലുകള്‍ക്ക് മുന്നിലെത്തിയത്. വിവരം ‘ഒന്നിലേറെ തെളിവുകള്‍’ സഹിതം കൈമാറിയ ചാനല്‍ വീരനാകട്ടെ, അത് ഉമ്മന്‍ചാണ്ടിക്കുവേണ്ടി ചെന്നിത്തലയ്ക്കിട്ട് ചെയ്ത എട്ടിന്റെ പണിയാണെന്നാണ് ഇപ്പോഴത്തെ സംശയം.

ചെന്നിത്തലയെപ്പോലെയല്ല, എന്താണ് ‘മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിങ്’ എന്ന് കൃത്യമായി അറിയാവുന്ന ആളാണ് ‘ആഴക്കടല്‍ അഴിമതിക്ക്’ തെളിവായി ചിലര്‍ നിവേദനം നല്‍കുന്ന ഫോട്ടോ കൈമാറിയ മധ്യകേരളത്തിലെ ആ ചാനല്‍സിങ്കം. ഈ പറയുന്ന ധാരണാപത്രം റദ്ദാക്കുകയും അങ്ങനെയൊരു സാഹചര്യം എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണിപ്പോള്‍. വ്യവസായ മന്ത്രിക്ക്‌ ഈ മാസം 11ന്‌ നൽകിയ ഒരു നിവേദനം കരാറായി വ്യാഖ്യാനിച്ചാണ്‌ പ്രതിപക്ഷ നേതാവ്‌ രംഗത്ത്‌ വന്നത്‌. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ പ്രൈവറ്റ്‌ സെക്രട്ടറിയായിരുന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനാണ്‌ ട്രോളർ നിർമാണത്തിന്‌ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടതെന്നതും സംശയകരമാണ്. സർക്കാരോ മുഖ്യമന്ത്രിയുടെ ഓഫീസോ അറിയാതെയായിരുന്നു ഈ നടപടിയെന്നതും ഗൗരവതരമാണ്. എന്തായാലും ഇതേക്കുറിച്ച് നടക്കാനിരിക്കുന്ന അന്വേഷണം പ്രതിപക്ഷ നേതാവിനും യുഡിഎഫിനും വിനയായി മാറിയേക്കും. പെട്ടുപോയത് പാവം ചെന്നിത്തലയാണ്. ഒന്ന് മുഖ്യമന്ത്രിയാവാന്‍ നെട്ടോട്ടമോടുകയാണ്. അതിനിടെയാണ് ഉമ്മന്‍ചാണ്ടി ക്യാമ്പിലെ ഈ ആഴക്കടല്‍ വേലത്തരം. ഒരുഭാഗത്ത് ഉമ്മന്‍ചാണ്ടി, അതിന്റയപ്പുറത്ത് ഇ ശ്രീധരന്‍. രണ്ടുംകൂടി തന്നെ വട്ടനാക്കുമോ എന്ന ഭീതിയിലാണ് ഇപ്പോള്‍ ഞായര്‍ മുതല്‍ ശനി വരെയുള്ള പഴയ വാര്‍ത്താസമ്മേളന പരമ്പര പുനഃസംപ്രേഷണം തുടങ്ങിയിരിക്കുന്നത്.

മുന്‍ എപ്പിസോഡുകളിലെല്ലാം ഓരോ കടലാസുമായി തന്നെയായിരുന്നു കെ മുരളീധരന്‍ വിശേഷിപ്പിച്ച അതേ പൗഡറുകുട്ടപ്പന്‍ നായകനെപ്പോലെ ക്യാമറയ്ക്കുമുന്നിലെത്തിയിരുന്നത്. അതെല്ലാം അന്നേരം തന്നെ തിരിച്ചുകൊത്തുന്ന പാമ്പായി മാറുകയും ചെയ്തിരുന്നു. തലേന്നത്തെ ആരോപണത്തിലെ പാകപ്പിഴവിനും അബദ്ധത്തിനും ഉള്ള മാപ്പുപറച്ചിലാണ് ഓരോ ദിവസവും വാര്‍ത്താസമ്മേളനത്തിന്റെ ടൈറ്റില്‍ സോങ്. ‘ഇന്നലെ വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന് ഉത്തരം നൽകുന്ന അവസരത്തിൽ വിദൂരമായിപോലും മനസിൽ ഉദ്ദേശിക്കാത്ത പരാമർശം ആണ് ഉണ്ടായത് എന്ന് വീണ്ടും കേട്ടപ്പോൾ മനസിലായി. അത്തരം ഒരു പരാമർശം ഒരിക്കലും എന്റെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ല എന്ന രാഷ്ട്രീയ ബോധ്യത്തിലാണ് ഞാൻ ഇത്രയും കാലം പ്രവർത്തിച്ചിട്ടുള്ളത്. എങ്കിലും അതിനിടയാക്കിയ വാക്കുകള്‍ പിന്‍വലിച്ച് അതില്‍ നിര്‍വാജ്യം ഖേദം പ്രകടിപ്പിക്കുന്നു’. കോണ്‍ഗ്രസ് നേതാവ് കോവിഡ് രോഗിയെ പീഡിപ്പിച്ച സംഭവത്തെക്കുറിച്ച് ചോദിച്ചതിന് കൊടുത്ത മറുപടി ഒത്തിരി ഈണമായിപ്പോയിരുന്നു, അതിനുള്ള ഈ മാപ്പപേക്ഷ ഏറെ വൈറലായിരുന്നു.

കേരളത്തിലെ 87 ലക്ഷം റേഷൻ കാർഡ്‌ ഉടമകളുടെ രേഖകൾ സ്പ്രിംഗ്ലർ കമ്പനിക്ക്‌ നൽകിയെന്ന് ഒരിക്കല്‍ ‘തെളിവുകടലാസ്’ ഉയര്‍ത്തിക്കാട്ടി പറഞ്ഞ ആരോപണത്തില്‍ ഉറച്ചുനില്‍ക്കാന്‍ പിന്നീട് ചെന്നിത്തലയ്ക്ക് കഴിഞ്ഞിരുന്നില്ല. ‘കേരളത്തിലെ പ്രമുഖ ദിനപ്പത്രത്തിൽ വന്ന വാർത്തയാണ്‌ താൻ ആരോപണമായി ഉന്നയിച്ചത്‌. അവർ പിന്നീട്‌ പറഞ്ഞത്‌ ഇതിന്റെ ചില ഘട്ടങ്ങളിൽ ഈ ഡാറ്റ ഉപയോഗിക്കുന്നുണ്ട്‌ എന്നതാണ്‌. അത്‌ ഉപയോഗിക്കുന്നില്ല എന്ന്‌ ഗവൺമെന്റ്‌ പറഞ്ഞപ്പോൾ ഓക്കേ, ഞാൻ അംഗീകരിക്കുന്നു. പ്രതിപക്ഷത്തിന്റെ കയ്യിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ തങ്ങൾ പറയുന്നത്‌. അത്‌ മാധ്യമങ്ങളിൽ വരുന്നതാണ്‌, അതല്ലാതെ ഞങ്ങളുടെ കയ്യിൽ ഫയൽ ആക്‌സസ്‌ ഒന്നും ഇല്ല. അല്ലാതെ ഞങ്ങളെന്ത്‌ ചെയ്യാനാണ്‌’- സ്പ്രിംഗ്ലര്‍ വിഷയത്തിലെ ഈ പിന്‍മാറ്റവും കേരളത്തെ മൂക്കത്തുകൈവച്ച് ചിരിപ്പിച്ച സംഭവമാണ്.

സര്‍ക്കാരിനെ വെട്ടിലാക്കാന്‍ വ്യാജ അ‍ഴിമതി ആരോപണം ഉന്നയിച്ചതിനും വാര്‍ത്താസമ്മേളന പരമ്പരയ്ക്കിടെ പ്രതിപക്ഷ നേതാവിന് മാപ്പുപറയേണ്ടിവന്നു. രമേശ് ചെന്നിത്തലയുടെ ആരോ­പണത്തെത്തുടര്‍ന്ന് ആശാപുരം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് ഓഹരി വിപണിയില്‍ സ്ഥാപനത്തിന്റെ ഓഹരികള്‍ക്ക് വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഇതോടെ കമ്പനിയുടെ സിഇഒ സന്തോഷ് മേനോന്‍ വിളിച്ച് ചോദ്യം ചെയ്തതോടെയാണ് പ്രതിപക്ഷനേതാവിന്റെ മുഖംമൂടി അഴിഞ്ഞത്. ‘ചിലർ തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് താൻ ആരോപണം ഉന്നയിച്ചത്. തെറ്റാണെങ്കില്‍ നിര്‍വ്യാജം ഖേദിക്കുന്നു’.- കേരളത്തിന്റെ പ്രതിപക്ഷ നേതാവ്, അതും മുഖ്യമന്ത്രിയാവാന്‍ കിണഞ്ഞുപരിശ്രമിക്കുന്ന ചെന്നിത്തല ആശാപുരം കമ്പനി സിഇഒ സന്തോഷ് മേനോനോട് പറഞ്ഞ ഈ വാക്കുകളും മലയാളനാടിന്റെ മാനംകെടുത്തുന്നതായി.

റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ കണ്‍സല്‍റ്റന്‍സിക്കായി കെപിഎംജിക്ക് 6,82,68,402 രൂപയുടെ കരാര്‍ നല്‍കിയതു കൊവിഡ് കാലത്തെ അഴിമതിയാണെന്ന മറ്റൊരു ആരോപണവും വാര്‍ത്താസമ്മേളന നായകന്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ കെപിഎംജിയെ ഏകപക്ഷീയമായല്ല കണ്‍സല്‍റ്റന്‍സിയായി എടുത്തത് എന്നും മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും വിദഗ്ധമായ പരിശോധനയ്ക്ക് ശേഷവുമാണെന്ന സര്‍ക്കാര്‍ വിശദീകരണത്തെ ഖണ്ഡിക്കാന്‍ ചെന്നിത്തലയ്ക്ക് പിന്നീട് കഴിഞ്ഞില്ല. ‘വിഷയത്തില്‍ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം ശരിയാണ്. ആ കരാര്‍ ചട്ടം പാലിച്ചാണ്. പക്ഷെ ‘ധാര്‍മ്മികമായി ശരിയല്ല’ എന്ന അഭിപ്രായം ഇപ്പോഴുമുണ്ട്.’- വീണിടത്ത് ചെറുതായൊന്ന് ഉരുണ്ടശേഷം പിന്നെ ആ വഴിക്ക് ചെന്നിത്തലയെ കണ്ടതുമില്ല.

ഇപ്പോള്‍ ആഴക്കടല്‍ വിഷയത്തില്‍ ഉയര്‍ത്തിക്കാട്ടിയ ആ പീറക്കടലാസും ചെന്നിത്തലയ്ക്ക് തിരിച്ചുകിട്ടുന്ന അസ്സല്‍ പണി തന്നെയാവുമെന്നാണ് എ കോണ്‍ഗ്രസില്‍ നീന്തിത്തുടിക്കുന്നവരും നീന്തല്‍ പഠിക്കുന്നവരും ഒരുപോലെ പറയുന്നത്. അമേരിക്കയിലെ കുത്തക കമ്പനിയായ ഇഎംസിസിക്ക് കേരള തീരത്ത് മത്സ്യബന്ധനം നടത്തുവാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് ആരോപിക്കുന്നതിനും വേണമത്രെ ഒരു ഇത്. ആരോപണങ്ങളിലൊന്നിലും ഒരടിസ്ഥാനവുമില്ലെന്ന് വകുപ്പ് നിയന്ത്രിക്കുന്ന മന്ത്രി മേഴ്സിക്കുട്ടിഅമ്മ ഒന്നുരണ്ടുതവണ പറഞ്ഞുകഴിഞ്ഞു. തന്റെ ഐശ്വര്യം കെടാതിരിക്കാനുള്ള യാത്ര തലസ്ഥാനത്തെത്തും വരെയെങ്കിലും പ്രതിപക്ഷനേതാവ് സ്ഥാനം പോകാതെ സൂക്ഷിക്കേണ്ട ബാധ്യത ചെന്നിത്തലയ്ക്കു തന്നെയാണല്ലോ. യാത്ര തീര്‍ന്നാല്‍ പറഞ്ഞത് തിരുത്തി, ആവശ്യമെങ്കില്‍ ഒരു മാപ്പുംപറ‍ഞ്ഞ് അടുത്തത് നോക്കിക്കോളും. ഇനി മറ്റാരും അതില്‍ പിടിച്ചുകുലുക്കി ഉള്ള മാനം കളയേണ്ടെന്നാണ് മലയാളികളുടെ പക്ഷം. കടല്‍ ശാന്തവും ഒപ്പം തന്നെ കലുക്ഷിതവുമാണ്. അത് മാലിന്യങ്ങളെ സ്വീകരിക്കില്ല. ആവശ്യമില്ലാത്തവയെ കരയിലേക്കുതന്നെ തിരിച്ചയയ്ക്കും. മാലിന്യം നിറഞ്ഞ തിരമാലകള്‍ നാടിന്റെ സംശുദ്ധിയെയാകെ വൃത്തികേടാക്കും. സംസ്ഥാനത്ത് സര്‍ക്കാരിനു് ഒരു മത്സ്യനയമുണ്ട്. അതനുസരിച്ചാണ് കാര്യങ്ങള്‍ പോകുന്നത്. പോകേണ്ടതും.

വിദേശ ട്രോളറുകള്‍ക്കും തദ്ദേശീയ കോര്‍പ്പറേറ്റ് യാനങ്ങള്‍ക്കും കേരള തീരത്തുള്‍പ്പെടെ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ച സംസ്ഥാന സര്‍ക്കാരാണ് ഇവിടെയുള്ളതെന്ന് പ്രതിപക്ഷ നേതാവ് മറന്നിട്ടൊന്നുമല്ല. മീന്‍ പിടിക്കാന്‍ പോയിട്ട്, മീന്‍ കറി കൂട്ടാന്‍പോലും അറിയില്ലെന്ന മട്ടില്‍ ഇരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യനയത്തെക്കുറിച്ച് പ്രതിപക്ഷ നേതാവിന് യാതൊരു ആശങ്കയുമില്ലെന്നതാണ് അമ്പരപ്പിക്കുന്നത്. ഇനി കേന്ദ്ര ഭരണം, പ്രതിപക്ഷ പദവി എന്നൊന്നും പാടിയിട്ട് കോണ്‍ഗ്രസിനും ചെന്നിത്തലയ്ക്കും എന്തുകിട്ടാനാണ് എന്ന് ചോദിക്കുന്നവരുണ്ടാകാം. അതിലും നല്ലത്, ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനും കേരളത്തെ ദ്രോഹിക്കാനും അവഗണിക്കാനും വഴിയൊരുക്കി കൊടുക്കുന്നതാവും എന്നായിരിക്കും ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസുകാരുടെ ചിന്ത. രാജ്യത്തെ ആകെമൊത്തം കോണ്‍ഗ്രസ് ഇപ്പോള്‍ കേരളത്തിലാണല്ലോ.

കേരളത്തിന്റെ കോവിഡ് പ്രതിരോധ മാതൃകയെ പുകഴ്ത്തിയ രാഹുൽ ഗാന്ധിയുടെ നടപടിയെ ചെന്നിത്തല വിമര്‍ശിച്ചത് ഒരിക്കല്‍ നാം കണ്ടതാണ്. കേരളത്തില്‍പ്പെട്ട വയനാട് പാര്‍ലമെന്റംഗമായ രാഹുൽ ഗാന്ധി, ‘പ്രാദേശിക വിഷയത്തിൽ’ അഭിപ്രായം പറയേണ്ട എന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. ഇതും പിന്നീട് തിരുത്തിപ്പറഞ്ഞുവെന്നത് വേറെ കാര്യം. കേന്ദ്ര സര്‍ക്കാരിന്റെ മത്സ്യത്തൊഴിലാളി നയത്തെക്കുറിച്ച് അത്യാവശ്യം വിവരമുണ്ടെന്ന് വിശ്വസിക്കുന്ന രാഹുല്‍ ഗാന്ധി നാളെ വരികയാണ്. ഐശ്വര്യകേരള യാത്രയുടെ സമാപനത്തിനാണ് വരുന്നത്. കൊല്ലം വാടി കടപ്പുറത്തുവച്ച് മത്സ്യത്തൊഴിലാളികളെയും രാഹുല്‍ കാണുന്നുണ്ട്. കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും മത്സ്യത്തൊഴിലാളികളുടെ കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നയങ്ങളെക്കുറിച്ച് കൃത്യമായൊരു വിശകലനം രാഹുലിന്റെ ഭാഗത്തുനിന്ന് വന്നേക്കാം. ചെന്നിത്തലയുടെ സര്‍വ ഐശ്വര്യവും അതോടെ തീരുമെന്നാണ് കേരള ജനത അടിയുറച്ച് വിശ്വസിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ സംശുദ്ധമായ സദ്ഭരണത്താല്‍ ഐശ്വര്യമായ കേരളത്തിലൂടെ ‘സംശുദ്ധം സദ്ഭരണം’ എന്നുപറഞ്ഞ് ‘ഐശ്വര്യ കേരളയാത്ര’ നടത്തുന്ന പ്രതിപക്ഷ നേതാവിന്റെ ഒരവസ്ഥ പിന്നെ ഊഹിക്കാവുന്നതേയുള്ളു.