പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്നും മാറ്റുകയാണെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന ഭീഷണിയുമായി രമേശ് ചെന്നിത്തല. അപമാനിച്ച് പുറത്താകാനാണ് ശ്രമിക്കുന്നതെങ്കില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കുാനും മടിക്കില്ലെന്ന് ഹൈക്കമാന്റിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതൃസ്ഥാനത്തിൽ കടിച്ചു തൂങ്ങാനായി ആവനാഴിയിലെ അവസാനവട്ട ആയുധങ്ങളെല്ലാം പുറത്തെടുക്കുകയാണ് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതൃസ്ഥാനം നാളെ പ്രഖ്യാപിച്ചില്ലെങ്കിൽ കടുത്ത നടപടികളിലേക്കു കടക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുസ്ലിം ലീഗ് നേതൃത്വവും ഹൈക്കമാൻഡിനെ സമീപിച്ചു. രമേശ് ചെന്നിത്തല, വി ഡി സതീശൻ എന്നിവർക്കു പുറമേ മൂന്നാമത് ഒരാൾ വരട്ടെയെന്ന ചർച്ചയും ഹൈക്കമാൻഡിൽ ആരംഭിച്ചു. യുവ നേതാക്കളാരെങ്കിലും പ്രതിപക്ഷ നേതാവാകട്ടെയെന്ന് രാഹുൽഗാന്ധിയും അഭിപ്രായപ്പെട്ടതോടെ പ്രതിപക്ഷ നേതൃസ്ഥാന തീരുമാനത്തിൽ ഊരാക്കുടുക്കിലായി എഐസിസി നേതൃത്വം.
സോണിയാ ഗാന്ധിയുടെയും എഐസിസി നേതൃത്വത്തിന്റെയും മുന്നിൽ പ്രതിപക്ഷ നേതൃസ്ഥാനം ഉറപ്പിക്കാനുള്ള അവസാനവട്ട ശുപാർശകൾക്കായുള്ള കരുക്കൾ നീക്കുകയാണ് രമേശ് ചെന്നിത്തല. കേരളത്തിലെ ഉമ്മൻചാണ്ടി മുതൽ മുൻ കെപിസിസി പ്രസിഡന്റുമാർ വരെയുള്ള തലമുതിർന്ന നേതാക്കൾ രമേശ് ചെന്നിത്തിലയ്ക്കുവേണ്ടി എഐസിസിയിൽ ശുപാർശ ചെയ്തിരുന്നു. പിന്നാലെ ഡൽഹിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജീവിച്ചിരിക്കുന്ന പഴയ തലമുറയിലെ കോൺഗ്രസ് നേതാക്കളെക്കൊണ്ടും എഐസിസിയിൽ സമ്മർദ്ദം ചെലുത്തി പ്രതിപക്ഷ നേതൃസ്ഥാന ഉറപ്പിക്കുകയാണ് ചെന്നിത്തലയുടെ ലക്ഷ്യം. കോൺഗ്രസ് എംപിയായും എഐസിസി നേതൃനിരയിലും വിവിധ സ്ഥാനമാനങ്ങൾ വഹിച്ചിരുന്നപ്പോഴുള്ള എല്ലാ ബന്ധങ്ങളും രമേശ് ചെന്നിത്തല ഇതിനായി ഉപയോഗിക്കുന്നതിൽ കേരളത്തിലെ കോൺഗ്രസ് യുവനിരയ്ക്ക് പ്രതിഷേധമുണ്ട്.
English Summary : ramesh chennithala threatens to resign mla position
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.