Monday
18 Feb 2019

ചെന്നിത്തല ബിജെപിക്ക് ആളെ ചേര്‍ക്കുന്നു: കാനം

By: Web Desk | Friday 12 October 2018 7:33 PM IST

കൊച്ചി: കേരളത്തിന്റെ മതേതര മനസ് വര്‍ഗീയതയെ  പിന്തുണയക്കില്ലെന്നും ശബരിമല വിഷയത്തില്‍  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിക്ക് ആളെ ചേര്‍ത്തുകൊടുക്കാനുള്ള ശ്രമം നടത്തുകയാണെന്നും സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള ഗസറ്റഡ് ഓഫിസേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ആരംഭിച്ച ദ്വിദിന സംസ്ഥാന പഠനക്യാപ് ഉദ്ഘാ്ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് നേതാവായ രമേശ് ചെന്നിത്തല പിന്തുടരുന്നത് ജവഹര്‍ലാല്‍ നെഹ് റുവിന്റെ പാതയാണോ എന്ന സംശയമുയരുകയാണ്. രമേശ് ചെന്നിത്തലുയടെ നിലപാട് കണ്ടിട്ട് അദ്ദേഹം ബിജെപിയുടെ പ്രസിഡന്റാകാന്‍ മല്‍സരിക്കാന്‍ തയാറെടുക്കുകയാണെന്നാണ് തോന്നുന്നത്. മതനിരപേക്ഷത സംരക്ഷിക്കണമെന്നും ബിജെപിയുടെ ആശയങ്ങള്‍ മതനിരപേക്ഷതയക്കെതിരാണെന്നും പരസ്യമായി പറഞ്ഞുകൊണ്ട് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ പ്രചരണം ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ നേതാവ് ബിജെപിക്ക് ആളെ ചേര്‍ത്തുകൊടുക്കാനുള്ള ശ്രമം നടത്തുന്നതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

മതനിരപേക്ഷതയക്കു വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നു പറയുന്ന കോണ്‍ഗ്രസും വര്‍ഗീയത വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലെത്താമെന്ന് മോഹിക്കുന്ന ബിജെപിയും ഒരേ തൂവല്‍പക്ഷികളായി നില്‍ക്കുന്നു. സര്‍ക്കാര്‍ പല തരത്തിലുള്ള വെല്ലുവിളികളെ ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ്. സാമ്പത്തികതകര്‍ച്ച, ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള സംഘടിത ശ്രമം ഇതിനെയെല്ലാം ജനങ്ങളുടെ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ച് ചെറുത്ത് നില്‍ക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.

91 ല്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന് ഹൈക്കോടതിയില്‍ നിന്നുള്ള വിധി വരുമ്പോള്‍ ഇ കെ നായനാരായിരുന്നു മുഖ്യമന്ത്രി. അന്നത്തെ വിധി അച്ചടക്കത്തോടെ നടപ്പാക്കിയ സര്‍ക്കാരായിരുന്നു അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍. ഇപ്പോള്‍ എല്ലാവരെയും പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ് പുതിയ വിധി വരുമ്പോഴും എല്‍ഡിഎഫ് സര്‍ക്കാരാണ്. ഈ വിധിയും സര്‍ക്കാര്‍ നടപ്പാക്കും.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്നാവശ്യപ്പെട്ട്  2006 ല്‍ അഞ്ച് ആര്‍എഎസ്എസുകാരായ അഭിഭാകരാണ് സുപ്രിം കോടതിയെ സമീപിച്ചത്. ആര്‍എസ്എസിന്റെ തത്വശാസ്ത്രം പറയുന്നത് പുരുഷന് എവിടെയെല്ലാം പ്രവേശിക്കാമോ അവിടെ സ്ത്രീയെയും പ്രവേശിപ്പിക്കണം എന്നാണ്. 2016 ല്‍ 1400 പേര്‍ പങ്കെടുത്ത അഖിലേന്ത്യ സമ്മേളനത്തില്‍ ഇക്കാര്യം അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 600 വര്‍ഷമായി സ്ത്രീകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ശനീശ്വര ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അവസരമൊരുക്കിയതും അവിടുത്തെ ബിജെപിയും ശിവസനേയും നയിക്കുന്ന സര്‍ക്കാരാണ്. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ അപ്പീല്‍ പോകാന്‍ അവര്‍ തയാറാകാതെ സ്ത്രീകളെ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ബിജെപി പറയന്നു പാടില്ല. കേരളത്തിലെ ബിജെപിയെ അഖിലേന്ത്യതലത്തില്‍ അവരുടെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയോ എന്നും കാനം രാജേന്ദ്രന്‍ ചോദിച്ചു.

സുപ്രം കോടതി വിധി വന്നപ്പോള്‍ ആര്‍എസ്എസ് ദേശീയ നേതൃത്വം സ്വാഗതം ചെയ്തു. കേരളത്തിലെ ആര്‍എസ് എസ് നേതൃത്വവും സ്വാഗതം ചെയ്തു.സമാന നിലപാടാണ് കോണ്‍ഗ്രസും സ്വീകരിച്ചത്. ഇതിനെല്ലാം ശേഷമാണ് ഇപ്പോള്‍ തെരുവില്‍ സമരമവുമായി ഇവര്‍ ഇറങ്ങിയിരിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങുന്നതും തങ്ങളുടെ വിശ്വാസം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കുന്നതും നല്ല പ്രവണതയല്ല.  എന്നാല്‍ ഇത്തരം വര്‍ഗീയ ചിന്തകള്‍ കേരളത്തില്‍ വിലപ്പോവില്ല. ശബരിമലയുടെ പേരില്‍ നടക്കുന്ന സമരം കേരളത്തിന്റെ പുനര്‍ നിര്‍മാണത്തെ തടസപ്പെടുത്തുമെന്നും കാനം പറഞ്ഞു. കോടതി വിധി എന്തായാലും അത് സര്‍ക്കാര്‍ നടപ്പിലാക്കും.ഭരണഘടനാപരമായ ബാധ്യതയാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് ജെ സജീവ് അധ്യക്ഷത വഹിച്ചു.സിപി ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി മുഖ്യപ്രഭാഷണം നടത്തി. സി പി ഐ ജില്ലാ സെക്രട്ടറി പി രാജു, എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എന്‍ ഗോപി, കെ ജി ഒ എഫ്  സംസ്ഥാന  ജനറൽ സെക്രട്ടറി കെ എസ് സജികുമാര്‍, ജില്ലാ  സെക്രട്ടറി റെജി പി ജോസഫ്, സ്വാഗതസംഘം കൺവീനർ ഡോ. യു ഗിരീഷ് എന്നിവർ  സംസാരിച്ചു.

Related News