December 3, 2022 Saturday

Related news

December 2, 2022
November 18, 2022
November 17, 2022
November 16, 2022
November 15, 2022
November 15, 2022
November 15, 2022
November 15, 2022
November 10, 2022
November 10, 2022

ചെന്നിത്തലയുടെ രാഷട്രീയ നീക്കത്തിന് തിരിച്ചടി; ഭക്ഷ്യകിറ്റുകള്‍ വാങ്ങുന്ന കുടുംബങ്ങള്‍ നിറചിരിയില്‍

പുളിക്കല്‍ സനില്‍ രാഘവന്‍
തിരുവനന്തപുരം
March 30, 2021 5:17 pm

തങ്ങളുടെ രാഷട്രീയ നേട്ടത്തിനായി സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്ന അരിയും, ഭക്ഷ്യധാന്യങ്ങളും, സാമൂഹ്യ പെന്‍ഷനും തടയണമെന്ന പ്രതിക്ഷ നേതാവിന്‍റെ താല്‍പര്യത്തിനേറ്റ കനത്തതരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള സ്‌പെഷ്യല്‍ അരി വിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തു സംസ്ഥാനത്തെ റേഷൻ മുൻഗണനേതര വിഭാഗങ്ങൾക്ക്‌ 10 കിലോ അരി 15 രൂപ നിരക്കിൽ നൽകുന്നത്‌ തെരഞ്ഞെടുപ്പുകമീഷൻ തടഞ്ഞത്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ കത്തിന്റെ അടിസ്ഥാനത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. കൂടാതെ വയോജനങ്ങൾക്കുള്ള ക്ഷേമ പെൻഷനും എല്ലാ കുടുംബത്തിനും സർക്കാർ മാസംതോറും നൽകിവരുന്ന ഭക്ഷ്യക്കിറ്റും സ്‌കൂൾ കുട്ടികൾക്കുള്ള അരിയും തടഞ്ഞുവയ്‌ക്കണമെന്നും‌  രമേശ്‌ ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു‌. 

എന്നാല്‍ ഇതിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി ആശയുടെ ഉത്തരവ് വന്നിരിക്കുന്നത്. വെള്ള‑നീല കാര്‍ഡുടമകള്‍ക്ക് പത്ത് കിലോ അരി വിതരണം ചെയ്യാനുള്ള നീക്കം തടയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കത്തിനെ തുടര്‍ന്നായിരുന്നു കമ്മീഷന്‍ തീരുമാനം. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്‍പ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണന്നും അരി സംഭരണത്തിന് നടപടി ആരംഭിച്ചെന്നും സര്‍ക്കാര്‍അറിയിച്ചു.സ്‌കൂള്‍ കൂട്ടികള്‍ക്കുള്ള അരി വിതരണവും, കാര്‍ഡുടമകള്‍ക്കുള്ള കിറ്റും അരിയും വിതരണവും ക്ഷേമ പെന്‍ഷന്‍ വിതരണവും തടയണമെന്നാവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കമ്മിഷന് കത്ത് നല്‍കിയിരുന്നത്ഏപ്രിലിലെ വിഷു, ഈസ്‌റ്റർ സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണം ആരംഭിച്ചു കഴിഞ്ഞു.

സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കും കിറ്റ്‌ ലഭിച്ചു തുടങ്ങി. ഈസ്‌റ്റർ, വിഷു ആഘോഷങ്ങൾ വരുന്നതിനാലാണ്‌ ഏപ്രിലിലെ കിറ്റ്‌ നേരത്തെ നൽകുന്നത്‌. തെരഞ്ഞെടുപ്പ്‌ വിജ്ഞാപനത്തിന്‌ മുമ്പ്‌ ഇക്കാര്യത്തിൽ സർക്കാർ  ഉത്തരവിറക്കിയിരുന്നു.സ്‌പെഷ്യൽ ഭക്ഷ്യക്കിറ്റ്‌ വിതരണവും മുൻഗണനേതര കാർഡുകാർക്ക്‌ അരി നൽകുന്നതും തടയണമെന്ന്‌‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല തെരഞ്ഞെടുപ്പ്‌ കമീഷന്‌ പരാതി നൽകിയിരുന്നു. കോവിഡ്‌ പ്രതിസന്ധിയുടെ ഭാഗമായി സംസ്ഥാന സർക്കാർ 2020 ഏപ്രിൽ മുതൽ നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ ഭാഗമായാണ്‌ വിഷു, ഈസ്‌റ്റർ കിറ്റും‌. ഫെബ്രുവരിയിലെ കിറ്റ്‌ വിതരണം 31ന്‌ അവസാനിക്കും. മാർച്ചിലെ കിറ്റ്‌ വിതരണവും ഇന്നലെ മുതല്‍ പുരോഗമിക്കുന്നു. പഞ്ചസാര — 1 കിലോഗ്രാം, കടല — 500 ഗ്രാം, ചെറുപയർ — 500 ഗ്രാം, ഉഴുന്ന്‌ — 500 ഗ്രാം, തുവരപരിപ്പ്‌ — 250 ഗ്രാം, വെളിച്ചെണ്ണ — 1/2 ലിറ്റർ, തേയില — 100 ഗ്രാം, മുളക്‌പൊടി — 100 ഗ്രാം,  ആട്ട — ഒരു കിലോഗ്രാം, മല്ലിപ്പൊടി — 100 ഗ്രാം, മഞ്ഞൾപ്പൊടി — 100 ഗ്രാം,  സോപ്പ്‌ — രണ്ട്‌ എണ്ണം, ഉപ്പ്‌ — 1 കിലോഗ്രാം, കടുക്‌/ ഉലുവ — 100 ഗ്രാം എന്നിങ്ങനെയാണ് കിറ്റിലുള്ളത്. 

റേഷനും ഭക്ഷ്യക്കിറ്റും തടഞ്ഞ് ജനങ്ങളുടെ അന്നംമുടക്കുന്ന യുഡിഎഫ് നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ ജനരോഷം ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടി മുന്നില്‍ക്കണ്ട് പരിഭ്രാന്തിയിലായ പ്രതിപക്ഷത്തിന്റെ വികലമായ മനോനിലയാണ് ഈ നടപടിയിലൂടെ പ്രകടമാകുന്നത്.  പ്രതിപക്ഷത്തിന്റെ  നിഷേധാത്മക രാഷ്ട്രീയത്തിന്റെ തുടര്‍ച്ചയാണിത്. കേരളം പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊന്നും ക്രിയാത്മകമായി ഇടപെടാനോ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനോ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. ഒരു കോണ്‍ഗ്രസ് നേതാവു പോലും ചെരുവിരല്‍ അനക്കിയിട്ടില്ല. പകരം പ്രതിസന്ധികള്‍ക്കു നടുവില്‍നിന്ന് നാടിനെ പിടിച്ചുയര്‍ത്താനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളെ അട്ടിമറിക്കാനാണ് നോക്കിയത്.    മുന്‍ഗണനേതര വിഭാഗങ്ങള്‍ക്കുള്ള അരിവിതരണമാണ് പ്രതിപക്ഷനേതാവിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള അരി, ആഘോഷങ്ങളായ വിഷുവും ഈസ്റ്ററും റമദാനും കണക്കിലെടുത്തുള്ള ഭക്ഷ്യക്കിറ്റ്, ക്ഷേമപെന്‍ഷന്‍ എന്നിവയുടെ വിതരണവും തടയണമെന്ന്  പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ ഈനടപടി സാധാരണക്കാരനോടുള്ള വെല്ലുവിളിയാണ്. ഇതു വെറും കണ്ണിചോരയില്ലാത്ത നടപടിയെന്നു വിമര്‍ശനം കോണ്‍ഗ്രസ് കുടുംബങ്ങളില്‍ നിന്നും പോലും ഉണ്ടായി പെന്‍ഷനും റേഷനും കിറ്റുമൊന്നും വിതരണം ചെയ്തത് സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടല്ല.

കഴിഞ്ഞവര്‍ഷം ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു മുതല്‍ ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാനുള്ള ഇത്തരം നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് . എന്നാല്‍ അതിലും രാഷട്രീയം കാണുവാനാണ് കോണ്‍ഗ്രസും,ചെന്നിത്തലയും ശ്രമിച്ചത്., , അരി നല്‍കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന ആരോപണം കേരളജനതയുടെ ആത്മാഭിമാനത്തെ വെല്ലുവിളിക്കുന്നതാണ്. ചെന്നിത്തല പ്രധാനമായും ആവശ്യപ്പെട്ട കാര്യങ്ങളാണ് സ്‌കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യസാധനങ്ങളുടെ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ തടയണം. വിഷു സ്‌പെഷ്യലായി നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ വിതരണം ഏപ്രിൽ ആറുവരെ നിർത്തിവയ്‌ക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട്‌ നിർദേശിക്കണം. വിഷു പ്രമാണിച്ച്‌ നൽകുന്ന അരിയും തടയണം.  , ഏപ്രിൽ, മെയ് മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നത്‌ വിലക്കണം.കോവിഡ്‌ മഹാമാരിയെ തുടർന്നാണ്‌ കേരളത്തിലെ 89 ലക്ഷം കുടുംബത്തിന്‌ സംസ്ഥാന സർക്കാർ മാസംതോറും ഭക്ഷ്യക്കിറ്റ്‌ നൽകുന്നത്‌. 

കഴിഞ്ഞ ഏപ്രിലിലാണ്‌ കിറ്റ്‌ വിതരണം തുടങ്ങിയത്‌. ഇതിന്‌ നിയമസഭാ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. മഹാമാരി വന്നപ്പോൾമുതൽ നടക്കുന്ന കിറ്റ്‌ വിതരണം ഈസ്റ്ററും വിഷുവും അടുത്തുവരുന്ന സന്ദർഭത്തിൽ തടയണമെന്ന ചെന്നിത്തലയുടെ ആവശ്യം തെരഞ്ഞെടുപ്പുകമീഷൻ അംഗീകരിച്ചാൽ ലക്ഷക്കണക്കിന്‌ പാവപ്പെട്ട കുടുംബങ്ങൾ പ്രതിസന്ധിയിലാകും. സ്‌കൂൾ കുട്ടികൾക്ക്‌ ക്ലാസില്ലാത്തതിനാൽ ഭക്ഷ്യവസ്‌തുക്കൾ വീടുകളിലേക്ക്‌ നൽകണമെന്നത്‌ കേന്ദ്ര സർക്കാരിന്റെ നിർദേശമാണ്‌. സംസ്ഥാന വിഹിതവും ചേർത്ത്‌ ഈ അധ്യയനവർഷത്തിൽ നാലാം തവണയാണ്‌ ഭക്ഷ്യവസ്‌തുക്കൾ വിതരണം ചെയ്യുന്നത്‌. അധ്യയനവർഷം അവസാനിക്കുന്ന മാർച്ചിൽ ഇവ വിതരണം ചെയ്‌തില്ലെങ്കിൽ ലാപ്‌സാകും എന്നറിഞ്ഞാണ്‌ കുട്ടികളുടെ അന്നത്തിലും മണ്ണിടാൻ ചെന്നിത്തല ശ്രമിച്ചത്‌. ജനങ്ങൾ എതിരാകുമെന്ന്‌ വന്നതോടെ അരി വിതരണം തടഞ്ഞത്‌ തങ്ങൾ പരാതിപ്പെട്ടിട്ടല്ലെന്ന്‌ പ്രതിപക്ഷകേന്ദ്രങ്ങൾ പറയേണ്ട അവസ്ഥയും ഉണ്ടായി. ഈസ്റ്ററും വിഷുവും കേമമാക്കാൻ ക്ഷേമ പെൻഷൻ വിതരണം തുടങ്ങികഴിഞ്ഞിരിക്കുന്നു. മാർച്ചിലെ 1500 രൂപയും ഏപ്രിൽ മാസത്തെ 1600 രൂപയും ചേർത്ത്‌ 3100 രൂപ അർഹരുടെ കൈകളിലെത്തിത്തുടങ്ങി.. 30നകം പെൻഷൻ വിതരണം പൂർത്തിയാക്കും.ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സർക്കാർ വരുത്തിയ 18 മാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക പിണറായി സർക്കാർ അധികാരലെത്തിയ ഉടൻ കൊടുത്തുതീർത്തു. ‌പിന്നീട്‌ ഘട്ടംഘട്ടമായി പെൻഷൻ തുക ഉയർത്തി. യുഡിഎഫ് കാലത്ത് 600 രൂപ നിരക്കിലായിരുന്നു പെൻഷൻ നൽകിയിരുന്നത്. ഇത് എൽഡിഎഫ് സർക്കാർ ഭരണത്തിൽ വന്നതോടെ 1000, 1200, 1300, 1400, 1500 എന്നിങ്ങനെ വർധിപ്പിക്കുകയായിരുന്നു. 1600 രൂപയായി ഉയർത്തിയതാണ്‌ വിഷുവിനുമുമ്പ്‌ വിതരണം ചെയ്യുന്നത്‌. 

ഉമ്മൻചാണ്ടി സർക്കാരിന്റെ അഞ്ചുവർഷം പെൻഷൻ തുകയിലുണ്ടായ വർ‌ധന 225 രൂപമാത്രമായിരുന്നു. ഈ തുകതന്നെ 18 മാസത്തെ കുടിശ്ശികയാക്കിയാണ് ഉമ്മൻചാണ്ടി അധികാരമൊഴിഞ്ഞത്‌. 806 കോടി രൂപ കുടിശ്ശിക കൊടുത്തുതീർത്തത്‌ എൽഡിഎഫ്‌ സർക്കാരാണ്‌.റേഷൻ കാർഡുടമകൾക്ക്‌ സൗജന്യമായി  ഭക്ഷ്യധാന്യ കിറ്റു നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെ ചെലവഴിച്ചത്‌  4183 കോടി രൂപയാണ് പിഎംജികെഎവൈ പദ്ധതിയിൽ  കേന്ദ്ര സർക്കാർ നൽകുന്ന അരിയും  കടലയും കഴിഞ്ഞ ഡിസംബറിൽ നിർത്തിയ സമയത്തും സംസ്ഥാനത്ത്‌ കിറ്റ്‌ വിതരണം തുടർന്നു. എന്നിട്ടും  കിറ്റും  സ്‌കൂൾ കുട്ടികൾക്കുള്ള‌ ഭക്ഷ്യധാന്യങ്ങളും കേന്ദ്രമാണ്‌ നൽകുന്നത്‌ എന്ന്‌ പ്രചരിപ്പിക്കുകയാണ്‌ ബിജെപിക്കാരും കേന്ദ്രമന്ത്രി വി മുരളീധരനുംചെയ്യുന്നത്. കോവിഡ്‌ പ്രതിസന്ധിയെത്തുടർന്നാണ്‌‌ 2020 ഏപ്രിൽമുതൽ  സൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ വിതരണം തുടങ്ങിയത്‌. ഇതിന്റെ മുഴുവൻ തുകയും സംസ്ഥാന സർക്കാരാണ്‌  സപ്ലൈകോയ്‌ക്ക്‌  നൽകുന്നത്‌. മാർച്ചുവരെ ഏതാണ്ട്‌ പത്ത്‌ കോടിയോളം ഭക്ഷ്യക്കിറ്റ്‌ നൽകി‌. ഇതിനായി 4183 കോടി രൂപയും‌ ചെലവഴിച്ചു‌.മുൻഗണനേതര കാർഡുകാർക്ക്‌ 15 രൂപ നിരക്കിൽ 10 കിലോ വീതം അരിയും നൽകിയിരുന്നു. കേന്ദ്ര സർക്കാർ പിഎംജികെഎവൈ പദ്ധതി പ്രകാരം കാർഡുകളിലെ ഒരംഗത്തിന് അഞ്ച്‌ കിലോ വീതം അരിയും കാർഡൊന്നിന് ഒരു കിലോ കടല/പയറുമാണ്‌ കേന്ദ്രം വിതരണം ചെയ്‌തിരുന്നത്‌.

ഇതിന്റെ വിതരണം കേന്ദ്രം കഴിഞ്ഞ ഡിസംബറിൽ നിർത്തി. സൗജന്യ ധാന്യവിതരണം തുടരണമെന്ന്‌ പാർലമെന്റിന്റെ ഭക്ഷ്യ–-പൊതുവിതരണ സ്‌റ്റാൻഡിങ് കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു.  വിതരണം തുടരണമെന്നാവശ്യപ്പെട്ട്‌ സംസ്ഥാനം കത്തും അയച്ചു. എന്നിട്ടും ഫലമുണ്ടായില്ല.സ്‌കൂൾ വിദ്യാർഥികൾക്ക്‌ ഇപ്പോൾ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തിന്‌ ചെലവാകുന്ന തുകയുടെ  75 ശതമാനവും കേന്ദ്രമാണെന്നാണ്‌ മറ്റൊരു പ്രചാരണം.   60 ശതമാനം തുക കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ്‌ വഹിക്കുന്നത്‌. ഗതാഗതച്ചെലവ്‌ പൂർണമായും സംസ്ഥാനമാണ്‌ വഹിക്കുന്നത്‌.കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നില്ല. കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിതരണംചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചരണം ബിജെപി നടത്തുകയാണ്. 

എന്നാല്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് കിറ്റുകള്‍ നല്‍കുന്നില്ല ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം തുടങ്ങി കഴിഞ്ഞു. കിറ്റ് മുടങ്ങാതെ വിതരണം ചെയ്യാന്‍ സാധിച്ചു. ഒരു വിവേചനവുമില്ലാതെയാണ് കിറ്റ് വിതരണം ചെയ്തത്. സംസ്ഥാന സഹകരണ വകുപ്പ്‌ കൺസ്യൂമർ ഫെഡ്‌ മുഖേന നടപ്പാക്കുന്ന ഉത്സവകാല സബ്‌സിഡി വിൽപനയുടെ ഭാഗമായി തെരഞ്ഞെടുത്ത സഹകരണ സംഘങ്ങളിലും കൺസ്യൂമർഫെഡിന്റെ  ത്രിവേണി സൂപ്പർ മാർക്കറ്റുകളിലും സഹകരണ ഈസ‌്റ്റർ വിപണി  ആരംഭിച്ചു. 13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ‌്സിഡി നിരക്കിലും മറ്റുള്ളവ വിപണി വിലയേക്കാൾ കുറവിലും നല്‍കുന്നു.

Eng­lish summary:
You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.