ശാസ്ത്രാഭാസം തുറന്നുകാട്ടുക

Web Desk
Posted on August 14, 2019, 9:17 pm

‘ശാസ്ത്രീയ മനോഭാവവും മാനവികതയും അനേ്വഷണാത്മകതയും പരിഷ്‌കരണാഭിമുഖ്യവും’ വളര്‍ത്തിയെടുക്കുക എന്നത് ഓരോ പൗരന്റെയും മൗലിക കര്‍ത്തവ്യമാണെന്ന് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്നു. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ ആ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ അധികാരത്തിലെത്തുകയും അതിനോട് കൂറുപുലര്‍ത്തുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവര്‍ തന്നെ ആ തത്വങ്ങളെ പരിഹാസ്യമാക്കി മാറ്റിക്കൊണ്ടിരിക്കുന്നതിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കേന്ദ്ര മാനവശേഷി വികസന വകുപ്പ് സഹമന്ത്രി രമേഷ് പൊക്രിയാല്‍ കഴിഞ്ഞദിവസം ബോംബെ ഐഐടിയില്‍ നടത്തിയ പ്രസംഗം. രാജ്യത്തെ പ്രമുഖ ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ബിരുദദാന ചടങ്ങിലാണ് പൊക്രിയാല്‍ ശാസ്ത്രവിജ്ഞാന ലോകത്തെയാകെ അമ്പരപ്പിക്കുന്ന വിജ്ഞാനാഭാസം വിളമ്പിയത്.

”സംസ്‌കൃത ഭാഷ ഒന്നുകൊണ്ട് മാത്രമാണ് ‘നാസ’യിലെ കമ്പ്യൂട്ടറിന് വാമൊഴി ഭാഷ ഉപയോഗിക്കാനാവുന്നത്”, പൊക്രിയാല്‍ അവകാശപ്പെട്ടു. രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞന്‍മാരും ശാസ്ത്ര അധ്യാപകരും ഏറ്റവും മിടുക്കരായ പുതുതലമുറ ശാസ്ത്ര വിദ്യാര്‍ഥികളും ഉള്‍പ്പെട്ട സദസിലായിരുന്നു പൊക്രിയാല്‍ ഈ അവകാശവാദം നടത്തിയത്. വേദിയിലും സദസിലുമുള്ള ഒരാള്‍പോലും തദവസരത്തിലോ പിന്നീടോ കേന്ദ്രമന്ത്രി വിളമ്പിയ വിജ്ഞാനാഭാസത്തെ തള്ളിപ്പറയാനൊ വിയോജിപ്പ് രേഖപ്പെടുത്താനെങ്കിലുമോ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. അര്‍ധജ്ഞാനികളും അല്‍പജ്ഞാനികളും അരങ്ങുതകര്‍ക്കുകയും വിവിധ വിജ്ഞാന ശാഖകളില്‍ അവഗാഹമുള്ളവര്‍പോലും നിശബ്ദത പാലിക്കുകയോ അല്ലെങ്കില്‍ അത്തരക്കാരുടെ സ്തുതിപാഠകരായി മാറുകയോ ചെയ്യുന്ന അപമാനകരമായ അന്തരീക്ഷമാണ് രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്നത്. വിജ്ഞാനാഭാസം ആധിപത്യം പുലര്‍ത്തുകയും വിജ്ഞാനികള്‍ വിധേയരായി മാറുകയും ചെയ്യുന്ന പാരതന്ത്ര്യത്തിന്റെ ഇരുട്ടിലേക്കാണോ നാം നീങ്ങുന്നതെന്നത് ഈ സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ വേട്ടയാടുന്ന ചിന്താവിഷയമാണ്.
പ്രൊക്രിയാല്‍ ഒറ്റപ്പെട്ട ഒരു പ്രതിഭാസമല്ല. അത് രാജ്യത്തെയാകെ ഗ്രസിച്ചിരിക്കുന്ന ഒരു സാംസ്‌കാരിക വൈകൃതമായി മാറിയിരിക്കുന്നു. അതിന്റെ രാഷ്ട്രീയത്തെയാണ് ‘ഹിന്ദുത്വ’ രാഷ്ട്രീയം പ്രതിനിധാനം ചെയ്യുന്നത്. പ്രധാനമന്ത്രി മുതല്‍ ഏറ്റവും താഴെത്തലത്തിലുള്ള ‘കാര്യകര്‍ത്താ‘ക്കള്‍ വരെ സമാനമായ വിജ്ഞാനാഭാസമാണ് വമിപ്പിക്കുന്നത്. ശാസ്ത്രസത്യങ്ങളും കെട്ടുകഥകളും തമ്മില്‍ അന്തരമില്ലെന്നു വന്നിരിക്കുന്നു.

ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതത്തിന്റെ വിഹായസില്‍ ഇരമ്പി പാഞ്ഞിരുന്ന ‘പുഷ്പക വിമാനങ്ങള്‍’, ക്‌ളോണിങ്ങിലൂടെ ആനയുടെ ശിരസും മനുഷ്യശരീരവുമായി ജനിച്ച ദൈവങ്ങള്‍ എന്നിവയെപ്പറ്റി ഭിഷഗ്വരന്മാരും ശാസ്ത്ര സാങ്കേതിക വിദഗ്ധരും ഉള്‍പ്പെട്ട സദസില്‍ യാതൊരു ഉളുപ്പും കൂടാതെ പ്രസംഗിക്കാന്‍ മടിക്കാത്ത പ്രധാനമന്ത്രിയുടെ നാടാണ് ഇന്ത്യ. ആ പ്രധാനമന്ത്രിയുടെ മന്ത്രിസഭയില്‍ ഒരു പൊക്രിയാല്‍ അസാധാരണമൊ അത്ഭുതമൊ അല്ലതന്നെ. അത്തരം വിവരദോഷങ്ങള്‍ക്കു മുന്നില്‍ പഞ്ചപുശ്ചമടക്കി നില്‍ക്കുന്ന ഒരു ശാസ്ത്രലോകം നമുക്കുണ്ടെങ്കില്‍ അതിനെയാണ് മാനവചരിത്രം ‘ഫാസിസം’ എന്ന വാക്കുകൊണ്ട് അടയാളപ്പെടുത്തുന്നത്. യുക്തിചിന്തക്കും ശാസ്ത്ര അവബോധത്തിനും മാനവികതയ്ക്കും നിരന്തരമായ പരിഷ്‌കരണ ആഭിമുഖ്യത്തിനും ഊന്നല്‍ നല്‍കുന്ന ഒരു രാഷ്ട്രനിര്‍മിതിയാണ് രാഷ്ട്രത്തിന്റെയും ഭരണഘടനയുടെയും ശില്‍പികള്‍ വിഭാവനം ചെയ്തിരുന്നത്. അവയെ അപ്പാടെ നിരാകരിക്കുന്ന അന്ധവിശ്വാസങ്ങളെയും യാഥാസ്ഥിതികത്വത്തെയും വിദേ്വഷരാഷ്ട്രീയത്തെയും പ്രോത്സാഹിപ്പിക്കുന്ന പ്രാകൃത സമൂഹമായി ഇന്ത്യയെ കീഴടക്കാനാണ് ഹിന്ദുത്വ തീവ്രവാദം ശ്രമിക്കുന്നത്.

സ്വാതന്ത്ര്യദിനാഘോഷ തലേന്ന് അയോധ്യാ തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ റാം ലല്ലക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി എസ് വൈദ്യനാഥന്‍ ഉന്നയിച്ച വാദം മേല്‍പറഞ്ഞ അന്തരീക്ഷത്തിന്റെ സാക്ഷ്യപത്രമാണ്. ‘അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്നത് ഹിന്ദുക്കളുടെ വിശ്വാസമാണ്. അക്കാരണത്താല്‍ ആ സ്ഥലത്തിനുതന്നെ ദൈവപദവി കല്‍പിക്കുന്നു. അതിനപ്പുറം യാതൊരു യുക്തിചിന്തക്കും കോടതി മുതിരേണ്ടതില്ല’, ഇങ്ങനെ പോകുന്നു വാദഗതി. ഐതീഹ്യങ്ങള്‍ക്കും കെട്ടുകഥകള്‍ക്കും അപ്പുറം ശാസ്ത്ര യാഥാര്‍ഥ്യങ്ങളിലേക്കോ, യുക്തി ചിന്തയിലേക്കോ പരമോന്നത കോടതി പോലും കടക്കേണ്ടതില്ലെന്ന വ്യക്തമായ സൂചനയാണ് വൈദ്യനാഥന്‍ നല്‍കുന്നത്. ഭരണഘടനയേയും നിയമവാഴ്ചയേയും ശാസ്ത്ര സത്യങ്ങളേയും വെല്ലുവിളിക്കുന്ന ഇരുണ്ട ദിനങ്ങളിലാണ് നാം എത്തിനില്‍ക്കുന്നത്. സ്വാതന്ത്ര്യത്തിന്റെ 72-ാം വാര്‍ഷികത്തിന്റെ ഈ വേളയില്‍ സ്വസ്ഥചിത്തരെ മുഴുവന്‍ ഉല്‍ക്കണ്ഠപ്പെടുത്തുന്ന അന്തരീക്ഷമാണ് വളര്‍ന്നുവന്നിരിക്കുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ശാസ്ത്രാവബോധവും മാനവികതയും അനേ്വഷണാത്മകതയും പരിഷ്‌കരണാഭിമുഖ്യവുമുള്ള രാഷ്ട്രവും ജനതയുമായി നിലനില്‍ക്കാന്‍ നാം കഠിനമായി യത്‌നിക്കേണ്ടിയിരിക്കുന്നു. ഇന്ത്യന്‍ ശാസ്ത്രലോകം നിശബ്ദതയും നിസംഗതയും ഉപേക്ഷിക്കാന്‍ സമയമായിരിക്കുന്നു.