15 July 2025, Tuesday
KSFE Galaxy Chits Banner 2

രൂക്ഷമായ തൊഴിലില്ലായ്മയും തൊഴിലുള്ളവരുടെ ദുരിതങ്ങളും

Janayugom Webdesk
June 20, 2025 5:00 am

രാജ്യത്തെ തൊഴിൽശക്തിയും തൊഴിൽരഹിതരും നേരിടുന്ന പ്രശ്നങ്ങൾ അനാവരണം ചെയ്യുന്ന രണ്ട് റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവരികയുണ്ടായി. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയത്തിന്റെ ആനുകാലിക തൊഴിൽ ശക്തി സർവേ (പിഎൽഎഫ്എസ്‍) യാണ് അതിലൊന്ന്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ടായി ഇതിനെ കണക്കാക്കാവുന്നതാണ്. സാമ്പിൾ സർവേ ഓഫിസാ (എൻഎസ്ഒ) ണ് വിവിധ മേഖലയിലുള്ള കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സർക്കാരിന്റെ ഔദ്യോഗിക ഏജൻസിയെങ്കിലും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജ്യത്തെ തൊഴിലില്ലായ്മ വലിയ തോതിൽ വർധിച്ചുവെന്ന റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ മോഡി സർക്കാരിന്റെ രോഷം നേരിടുകയും പിന്നീട് അവരുടെ കണക്കുകൾ പുറത്തുവരാത്ത സ്ഥിതിയുണ്ടാവുകയും ചെയ്തു. ആ ഘട്ടത്തിൽ ചില എൻഎസ്ഒ ഉന്നതർക്ക് സ്ഥാനം നഷ്ടമാകുകയും ചെയ്തിരുന്നു. പിന്നീട് അടുത്തകാലത്താണ് ആനുകാലിക തൊഴിൽ ശക്തി സർവേ പ്രസിദ്ധീകരിക്കുന്ന സ്ഥിതിയുണ്ടായത്. വാർഷികമായും ത്രൈമാസികമായും പ്രസിദ്ധീകരിച്ചുവന്നിരുന്ന പിഎൽഎഫ്എസ്‍ റിപ്പോർട്ട് ഇപ്പോൾ പ്രതിമാസമാണ് പുറത്തുവിടുന്നത്. കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച മേയ് മാസ റിപ്പോർട്ടിൽ തൊഴിലില്ലായ്മാ നിരക്കിൽ വർധനയുണ്ടായെന്നാണ് വ്യക്തമാക്കുന്നത്. സ്ത്രീകളുടെ തൊഴിലില്ലായ്മയിലും വർധനയുണ്ടായി. ഈ മാസം ആദ്യയാഴ്ച രാജ്യത്തെ സ്ത്രീശാക്തീകരണത്തിൽ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി വൻ അവകാശവാദങ്ങളാണ് ഉന്നയിച്ചിരുന്നത്. അതിനിടെയാണ് സ്ത്രീകളുടെ തൊഴിലില്ലായ്മയിൽ വർധനയുണ്ടായെന്ന റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത് എന്നത് അവകാശവാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു. തൊഴിലുള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ വെളിപ്പെടുത്തുന്നത് തിങ്ക്360. എഐ എന്ന സ്ഥാപനത്തിന്റെ റിപ്പോർട്ടിലാണ്. വിവരശാസ്ത്രവും നിർമ്മിത ബുദ്ധിയും സംയോജിപ്പിച്ച് കണക്കുകൾ തയ്യാറാക്കി, ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും വായ്പാനയം രൂപീകരിക്കുന്നതിൽ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണ് തിങ്ക്360. 20,000 വായ്പക്കാരെ ഒരു വർഷത്തിലധികം വിശകലനത്തിന് വിധേയമാക്കിയാണ് തിങ്ക്360. എഐ പഠനം നടത്തിയത്. 

പിഎൽഎഫ്എസ്‍ പ്രകാരം മേയിലെ തൊഴിലില്ലായ്മാ നിരക്ക് മുൻ മാസത്തെ 5.1 ശതമാനത്തിൽ നിന്ന് 5.6 ആയി ഉയർന്നിരിക്കുകയാണ്. ഇത് എല്ലാ പ്രായക്കാരുടെയും ആകെ നിരക്കാണ്. അതേസമയം 15–29 പ്രായപരിധിയിലുള്ളവരുടെ നിരക്ക് 13.8ൽ നിന്ന് 15 ശതമാനമായി. തൊഴിൽ ശക്തിയിലേക്ക് വരേണ്ട വലിയ വിഭാഗം പുറത്തുതന്നെ നിൽക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. നഗരപ്രദേശങ്ങളിൽ 17.2ൽ നിന്ന് 17.9, ഗ്രാമീണമേഖലയിൽ 12.3ൽ നിന്നും 13.7 ശതമാനം വീതമായി തൊഴിലില്ലായ്മ ഉയർന്നു. ഗ്രാമീണ കാർഷികമേഖലയിൽ തൊഴിൽ ലഭ്യത 45.9ൽ നിന്ന് 43.5 ശതമാനമായി കുറയുകയും ചെയ്തു. 15 മുതൽ 29 വയസ് വരെയുള്ള സ്ത്രീകളിലെ തൊഴിലില്ലായ്മ 14.4 ശതമാനമായിരുന്നത് മേയിൽ 16.3 ശതമാനമായി. നഗര, ഗ്രാമീണ മേഖലകളിൽ സ്ത്രീ തൊഴിലില്ലായ്മ യഥാക്രമം 24.7, 13 ശതമാനം വീതമായി ഉയർന്നു. ഏപ്രിലിൽ ഇത് യഥാക്രമം 23.7, 10.7 ശതമാനമായിരുന്നു. എല്ലാ മേഖലകളിലും തൊഴിലില്ലായ്മ ഉയർന്നുവെന്നാണ് ഇതിലൂടെ സ്ഥാപിക്കപ്പെടുന്നത്. ഇതിനെക്കാൾ ആശങ്കകളുണ്ടാക്കുന്നതാണ് തിങ്ക് 360. എഐ പഠന റിപ്പോർട്ട്. പ്രതിമാസം 25,000 രൂപയിൽ താഴെ വരുമാനമുള്ള സ്ഥിരവേതനക്കാരും സ്വയംതൊഴിൽ ചെയ്യുന്നവരും സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നു, വായ്പകളുടെ തുല്യമായ പ്രതിമാസ ഗഡുക്കളിൽ (ഇഎംഐ) ഒന്നെങ്കിലും അടയ്ക്കാൻ കഴിയാത്തവർ 76 ശതമാനമാണ് എന്ന് റിപ്പോർട്ട് കണ്ടെത്തി. ഒരു ഇഎംഐ അടവെങ്കിലും മുടങ്ങിയ സ്വയംതൊഴിൽ ചെയ്യുന്നവരിൽ 64 ശതമാനത്തെക്കാൾ കൂടുതലാണിത്. രാജ്യത്തെ ചെറുപട്ടണങ്ങളിലും അർധനഗരങ്ങളിലും അനൗപചാരിക വായ്പാദാതാക്കളെ ആശ്രയിക്കുന്നത് കൂടുതലാണെന്നും റിപ്പോർട്ടിലുണ്ട്. 

രാജ്യം വൻ സാമ്പത്തിക ശക്തിയായി മുന്നേറുന്നുവെന്ന് കേന്ദ്ര സർക്കാരും നിതി ആയോഗ്, റിസർവ് ബാങ്ക് പോലുള്ള സ്ഥാപനങ്ങളും അവകാശപ്പെടുമ്പോഴാണ് ആ വളർച്ചയിൽ നിർണായകമാകേണ്ട സമൂഹത്തിലെ വലിയ വിഭാഗത്തിന്റെ ദുരവസ്ഥ ഈ റിപ്പോർട്ടുകളിലൂടെ വെളിപ്പെടുന്നത്. ഇവിടെ രാജ്യം നേടിയെന്ന് അവകാശപ്പെടുന്ന സാമ്പത്തിക മുന്നേറ്റം ഏത് മാനദണ്ഡ പ്രകാരമാണെന്ന ചോദ്യം ഉയരുന്നു. ജനസംഖ്യയിലെ ഭൂരിപക്ഷം എല്ലാ നേട്ടങ്ങൾക്കും പുറത്താണെന്ന് സംശയലേശമന്യേ തെളിയുകയും ചെയ്യുന്നു. അനൗപചാരിക വായ്പാദാതാക്കളെ ആശ്രയിക്കുന്നവരുടെ എണ്ണം ഗ്രാമ, നഗരങ്ങളിൽ വർധിക്കുന്നുവെന്നതും നമ്മുടെ സാമ്പത്തിക അരക്ഷിതാവസ്ഥയുടെ പ്രതിഫലനമാണ്. പൊതു, സ്വകാര്യ ബാങ്കുകൾ വായ്പ അനുവദിക്കുന്നതിൽ സാധാരണ ജനങ്ങളെ അവഗണിക്കുന്നുവെന്നും നടപടിക്രമങ്ങൾ സങ്കീർണമാക്കിയും തിരിച്ചടവ് ഘട്ടത്തിൽ ക്രൂരസമീപനങ്ങൾ സ്വീകരിച്ചും അപ്രാപ്യമാക്കുന്നുവെന്നും ഇതിലൂടെ വ്യക്തമാകുകയാണ്. കോർപറേറ്റുകളുടെയും അതിസമ്പന്നരുടെയും വായ്പകൾ എഴുതിത്തള്ളുമ്പോൾ തന്നെയാണ് സാധാരണക്കാർക്ക് ഈ ഗതിയുണ്ടാകുന്നതെന്ന വൈരുധ്യവും കാണേണ്ടതുണ്ട്. അങ്ങനെ നരേന്ദ്ര മോഡി സർക്കാരിന്റെ അവകാശവാദങ്ങളെ തകർത്തെറിയുന്ന ഉദാഹരണങ്ങളായി രണ്ട് റിപ്പോർട്ടുകളും മാറുകയാണ്. 

Kerala State - Students Savings Scheme

TOP NEWS

July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025
July 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.