രണ്ടാമൂഴം; സംവിധായകന്റെ തൊപ്പി തെറിച്ചേക്കും

Web Desk
Posted on October 11, 2018, 10:27 pm

കെ രംഗനാഥ്

അബുദാബി: എം ടി വാസുദേവന്‍ നായരുടെ ഇതിഹാസതുല്യമായ രണ്ടാമൂഴം സിനിമയാക്കാനുള്ള ആയിരം കോടിയുടെ പദ്ധതി നാലുവര്‍ഷമായി എങ്ങുമെത്താത്ത നിലയിലാക്കുകയും കാര്യങ്ങള്‍ കോടതിവരെ കൊണ്ടെത്തിക്കുകയും ചെയ്ത സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ തല്‍സ്ഥാനത്തുനിന്നും മാറ്റുമെന്നു സൂചന.

എന്‍എംസി ഹെല്‍ത്ത് കെയര്‍, യുഎഇ എക്‌സ്‌ചേഞ്ച് എന്നിവയുടെ ഉടമയായ ഡോ. ബി ആര്‍ ഷെട്ടിയാണ് ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ ഏറ്റവും വലിയ മെഗാപ്രോജക്ടിന്റെ നിര്‍മ്മാതാവ്. എംടിക്ക് അഡ്വാന്‍സ് നല്‍കി ‘രണ്ടാമൂഴ’ത്തിന്റെ തിരക്കഥവാങ്ങി നാലുവര്‍ഷം കഴിഞ്ഞിട്ടും സിനിമയുടെ ഒരു പ്രാരംഭപ്രവര്‍ത്തനങ്ങള്‍ പോലും ആരംഭിക്കാത്തതിനെത്തുടര്‍ന്ന് തിരക്കഥ തിരിച്ചുനല്‍കാനാവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചതോടെയാണ് നിര്‍മ്മാതാവ് ഡോ. ഷെട്ടിയും നിര്‍ദ്ദിഷ്ടസവിധായകന്‍ ശ്രീകുമാര്‍ മേനോനും പ്രതിക്കൂട്ടിലായത്. മോഹന്‍ലാലിനെ മുഖ്യ കഥാപാത്രമായ ഭീമസേനനായി ചിത്രീകരിക്കുന്ന ‘രണ്ടാമൂഴ’ത്തിന്റെ പണികള്‍ ഒരു കടവിലുമടുക്കാതെ കിടക്കുന്നതിനിടയില്‍ ശ്രീകുമാര്‍ മേനോന്‍ മറ്റു ചിത്രങ്ങളുടെ പിന്നാലെ പോയി തന്റെ മെഗാബജറ്റ് ചിത്രത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നതിനെതിരെ ഡോ. ഷെട്ടി പലതവണ നീരസം പ്രകടിപ്പിച്ചതായി അദ്ദേഹവുമായി അടുപ്പമുള്ള വൃത്തങ്ങളില്‍ നിന്ന് അറിവായി. ഏറ്റവുമൊടുവില്‍ മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിച്ച ‘ഒടിയന്റെ’ സംവിധായകനും ശ്രീകുമാര്‍ മേനോനാണ്.

മറ്റു സിനിമകളിലും തന്റെ സ്വന്തം കമ്പനിയായ പുഷ് ഇന്റഗ്രേറ്റഡ് കമ്മ്യൂണിക്കേഷന്‍സ് എന്ന പരസ്യകമ്പനിയുടെ ബിസിനസ് പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ ശ്രീകുമാര്‍ മേനോന്‍ ‘രണ്ടാമൂഴ’ത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങളില്‍ പോലും ശ്രദ്ധചെലുത്താത്തതാണ് എംടി നല്‍കിയ കേസിലേക്ക് കാര്യങ്ങള്‍ വലിച്ചുനീട്ടി ഈ ബ്രഹ്മാണ്ഡചിത്രത്തെ അവഹേളനപാത്രമാക്കിയതെന്നും ഡോ. ഷെട്ടിക്ക് അഭിപ്രായമുള്ളതായറിയുന്നു. ഗള്‍ഫിലെ മഹാകോടീശ്വരന്മാരിലൊരാളായ ഷെട്ടിയുടെ ക്ഷമാശീലവും സൗമ്യതയും ചൂഷണം ചെയ്താണ് സംവിധായകന്‍ ഈ പ്രോജക്ടില്‍ അക്ഷന്തവ്യമായ കാലവിളംബമുണ്ടാക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മലയാളവും ഇംഗ്ലീഷും തമിഴും ഹിന്ദിയും കന്നഡയുമടക്കം ‘രണ്ടാമൂഴം’ നിരവധി ഭാഷകളില്‍ നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എന്നാല്‍ ചില സംഘപരിവാര്‍ കേന്ദ്രങ്ങള്‍ ‘രണ്ടാമൂഴ’ത്തിന്റെ പേരുമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ വിവാദങ്ങളെല്ലാമുണ്ടായിട്ട് കൊല്ലം മൂന്നാകാറായി.

എം ടിയുടെ ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥ ഒപ്പിട്ടുവാങ്ങുമ്പോള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ ‘രണ്ടാമൂഴം’ റിലീസ് ചെയ്യുമെന്നായിരുന്നു കരാര്‍. തിരക്കഥയുമായി ഇന്ത്യയിലെ പ്രമുഖ നിര്‍മ്മാതാക്കളെയെല്ലാം ശ്രീകുമാര്‍ മേനോന്‍ സമീപിച്ചിരുന്നു. എന്നാല്‍ മുപ്പതോ നാല്‍പ്പതോ സെക്കന്‍ഡ് മാത്രം നീളുന്ന പരസ്യചിത്രങ്ങളെടുത്തുമാത്രം പരിചയമുള്ള ഒരു ചലച്ചിത്രവും സംവിധാനം ചെയ്തു മുന്‍പരിചയമില്ലാത്ത തന്നെ രണ്ടു ഭാഗങ്ങളിലായി ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ‘രണ്ടാമൂഴ’ത്തിന്റെ സംവിധാന ചുമതല എങ്ങനെ ഏല്‍പ്പിക്കുമെന്ന് പറഞ്ഞ് കൈയൊഴിയുകയായിരുന്നുവെന്നും ശ്രീകുമാര്‍ മേനോന്‍ ഈയിടെ ഒരു ചാനലില്‍ വെളിപ്പെടുത്തിയിരുന്നു. എല്ലാ ശ്രമവും പരാജയപ്പെട്ടപ്പോള്‍ യാദൃശ്ചികമായാണ് ഡോ. ഷെട്ടിയെ വലയില്‍ വീഴ്ത്തിയതെന്നാണ് ആരോപണം.

മൂന്നുവര്‍ഷത്തേയ്ക്കായിരുന്നു തിരക്കഥയ്ക്ക് എംടിയുമായുള്ള കരാര്‍ എങ്കിലും അക്കാര്യം ഷെട്ടിയില്‍ നിന്നും മറച്ചുവച്ചുവെന്നതാണ് മറ്റൊരു ആരോപണം. 15 വര്‍ഷത്തിനുള്ളില്‍ പടം റിലീസ് ചെയ്യണമെന്ന കരാറാണ് താന്‍ എംടിയുമായി ഉണ്ടാക്കിയിരിക്കുന്നതെന്ന് അദ്ദേഹം നിര്‍മ്മാതാവിനെ തെറ്റിദ്ധരിപ്പിച്ചുവത്രേ. 15 വര്‍ഷത്തേയ്ക്കാണ് കരാര്‍ എന്ന് ഒരു ചാനലില്‍ ശ്രീകുമാര്‍ മേനോന്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ മൂന്നു വര്‍ഷത്തേയ്ക്കു മാത്രമാണു കരാറെന്ന് എം ടി കോടതിയെ സമീപിച്ചപ്പോള്‍ വ്യക്തമായതോടെ നിര്‍മ്മാതാവായ ഡോ. ഷെട്ടിയേയും മേനോന്‍ കബളിപ്പിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൂന്നു വര്‍ഷത്തേക്കായിരുന്നു കരാര്‍ എന്ന് ഇന്നലെ ശ്രീകുമാര്‍ മേനോന്‍ തന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ സത്യം സമ്മതിച്ചിരുന്നു.

കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കുകയും നിര്‍മ്മാതാവിനോടുപോലും തിരക്കഥയുടെ കരാര്‍ സംബന്ധിച്ചു കള്ളം പറയുകയും നിര്‍മ്മാതാവിനെത്തന്നെ കോടതി കയറ്റുകയും ചെയ്ത സാഹചര്യത്തില്‍ സംവിധായകനെ മാറ്റി എംടിയുമായി ചര്‍ച്ചനടത്തി മറ്റൊരു സംവിധായകന്റെ നേതൃത്വത്തില്‍ ‘രണ്ടാമൂഴ’ത്തിന്റെ പദ്ധതി വേഗത്തിലാക്കാനാണ് ഡോ. ഷെട്ടിയുടെ നീക്കമെന്നും അറിയുന്നു.

സിനിമയാക്കുന്നതിന് വിലക്ക്

കോഴിക്കോട്: എം ടി വാസുദേവന്‍ നായരുടെ നോവല്‍ രണ്ടാമൂഴം അടിസ്ഥാനമാക്കി രചിച്ച തിരക്കഥ സിനിമയാക്കുന്നതില്‍ നിന്ന് സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോനെ കോടതി താല്‍ക്കാലികമായി വിലക്കി. എം ടി വാസുദേവന്‍ നായര്‍ നല്‍കിയ പരാതി പരിഗണിച്ച് കോഴിക്കോട് മുന്‍സിഫ് കോടതിയുടേതാണ് ഉത്തരവ്. ശ്രീകുമാര്‍ മേനോനും നിര്‍മാണ കമ്പനിക്കും നോട്ടീസ് അയക്കാനും ഉത്തരവായിട്ടുണ്ട്. കേസ് ഒക്‌ടോബര്‍ 25ന് കോടതി വീണ്ടും പരിഗണിക്കും. സിനിമയുടെ ചിത്രീകരണം അനന്തമായി നീണ്ടതിനാല്‍ തിരക്കഥാകൃത്ത് കൂടിയായ എം ടി പ്രൊജക്ടില്‍ നിന്ന് പിന്മാറാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി ശ്രീകുമാര്‍ മേനോനുമായുള്ള കരാര്‍ അവസാനിച്ചെന്നും തിരക്കഥ തിരിച്ചുകിട്ടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് എം ടി കോടതിയെ സമീപിച്ചത്. തിരക്കഥ കൈമാറുന്ന മുറയ്ക്ക് മുന്‍കൂറായി വാങ്ങിയ പണം തിരിച്ചു നല്‍കാമെന്നും കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നുണ്ട്.