രണ്ടറ്റവും വലിച്ചുകെട്ടിയ കയര്‍

Web Desk
Posted on August 11, 2019, 1:37 pm

സജികല്യാണി

കിണറുകുഴിക്കുന്നവന്‍
ഭൂമിയെ അറിയും
മണ്ണിനെ ചുംബിക്കും

താനെത്തിച്ചേരേണ്ട
ജലവിതാനത്തെ,
കുഴിച്ചിറങ്ങേണ്ട ആഴത്തെ,
മുറിച്ചുമാറ്റേണ്ട വേരുകളെയും
കിളച്ചുമാറ്റേണ്ട മണ്ണറകളേയും
അളന്നു തിട്ടപ്പെടുത്തി
അതില്‍ ജീവിതമെന്നെഴുതും.

ഓരോ ഇറങ്ങിക്കയറ്റവും
ആഴവും നിരപ്പും തമ്മിലുള്ള
ഭാരമളക്കലാവും.
വേരിളകാത്ത ബലത്തില്‍
തൂക്കിയിട്ടകയറില്‍
ഞാന്നിറങ്ങിയും, വലിഞ്ഞുപൊങ്ങിയും
ജീവിതമെത്ര ഭാരിച്ചതാണെന്നറിയും.
എന്നിട്ട്
ചവിട്ടിനടക്കാനുള്ള
മണ്ണുമാത്രമാണ് ഭൂമിയെന്ന്
കല്പിച്ചുപോയവരോട്
ജീവിതവും, ആഴവും
ഒന്നാണെന്ന് വ്യാഖ്യാനിക്കുമ്പോള്‍
ഒന്നമര്‍ത്തിമൂളി
കേള്‍വിയെ പരിഹസിച്ച്
കാഴ്ച്ചയെ തിട്ടപ്പെടുത്തി നടന്നുപോകും.

ഒടുവില്‍
വഴിതെറ്റി
ആഴമറിയാതെ വീണുപോയ വ്യഥയില്‍
വീണുപോയ ആഴത്തിലിരുന്ന് വിലപിക്കുമ്പോള്‍
വലിച്ചുകയറേണ്ട
ഇരട്ടിഭാരമോര്‍ത്ത്,
കുഴിച്ചിറങ്ങിയതും
വീണുപോയതും
ഒരേ ജീവിതത്തിന്റെ രണ്ടറ്റങ്ങളാണെന്ന്
സ്വയം കല്പിച്ച്
കുഴിച്ചിറങ്ങിയ മണ്ണിന്റെ പരപ്പിലേക്ക്
നിവര്‍ത്തിവയ്ക്കും.
അത്രമേല്‍
ഇഴയടുപ്പമുള്ളതാവണം
പഠിച്ചിറങ്ങേണ്ട
ജനനത്തിനും മരണത്തിനുമിടയിലെ
ജീവതമെന്ന കയര്‍.