രണ്ട് മണ്ടന്മാര്‍

Web Desk
Posted on September 07, 2019, 8:26 pm

സന്തോഷ് പ്രിയന്‍

പണ്ട് മണ്ടന്‍പുരം എന്നൊരു ഗ്രാമത്തില്‍ രണ്ടു തിരുമണ്ടന്മാര്‍ ഉണ്ടായിരുന്നു. മണ്ടന്‍ലാല്‍, മടയലാല്‍ എന്നായിരുന്നു അവരുടെ പേര്. മണ്ടന്മാര്‍ മാത്രമായിരുന്നില്ല അവര്‍— പിന്നെയോ മഹാമടിയന്മാരുമായിരുന്നു.
അദ്ധ്വാനിക്കാതെ എങ്ങനെ പണം ഉണ്ടാക്കാം എന്ന ചിന്തയായിരുന്നു എപ്പോഴും അവര്‍ക്ക്. ഒരുദിവസം മണ്ടന്‍ ലാലും മടയലാലും ഇതിനെകുറിച്ച് തലപുകഞ്ഞ് ആലോചിച്ചു. ഒടുവില്‍ പണമുണ്ടാക്കാനുള്ള ഒരു വഴി ഇരുവരും കണ്ടെത്തി.
മണ്ടന്‍ലാല്‍ പറഞ്ഞു. ‘എടാ മടയലാലേ, ഞാനൊരു ഉഗ്രന്‍ സൂത്രം കണ്ടെത്തി. എന്താണെന്നോ.…കാശ് കുഴിച്ചിട്ടാല്‍ അത് കിളിക്കുമല്ലോ. കിളിച്ചുകഴിഞ്ഞ് വലിയ മരമാകുമ്പോള്‍ അതില്‍ നിറയെ പണം ഉണ്ടാവുമല്ലോ… പിന്നെ ഇഷ്ടംപോലെ കാശുണ്ടാവില്ലെ നമ്മുടെ കൈയ്യില്‍.…’
മണ്ടന്‍ലാല്‍ പറഞ്ഞതുകേട്ട് മടയലാല്‍ പറഞ്ഞു.
‘ശരിയാ.…പക്ഷേ ഞാന്‍ പണമുണ്ടാക്കാന്‍ കണ്ടെത്തിയ വഴി അതല്ല.…ഞാന്‍ നിധി കണ്ടെത്തും. നിധി കിട്ടിയാല്‍ പിന്നെ കോളടിച്ചില്ലേ…മേലനങ്ങാതെ സുഖമായി ജീവിക്കാമല്ലോ.…’
അങ്ങനെ ഒരാള്‍ കുഴിച്ചിടാനുള്ള കാശ് അന്വേഷിച്ചിറങ്ങി. മറ്റേയാള്‍ നിധിതേടിയും രണ്ടു വഴിയ്ക്ക് ഇറങ്ങി.
മണ്ടന്‍ലാല്‍ കവലയിലെത്തി വിളിച്ചുചോദിച്ചു.
‘നാട്ടാരേ, കാശുണ്ടാവുന്ന മരത്തിലെ വിത്തു തരുമോ ആരെങ്കിലും…’ എന്നാല്‍ ഇതുകേട്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. അവര്‍ ചിരിക്കുന്നതിന്റെ കാരണമൊന്നും മണ്ടന്‍ലാലിന് മനസിലായില്ല. അവന്‍ പിന്നേയും വിളിച്ചു ചോദിച്ചുകൊണ്ടേയിരുന്നു. അതുകേട്ട് ഒരു അപ്പുപ്പന്‍ അവന്റെയടുത്തുവന്ന് ഒരു നാളീകേരം അവനുകൊടുത്തിട്ടു പറഞ്ഞു.
‘ഇതാ ഈ വിത്ത് കുഴിച്ചിടു. അങ്ങനെ നിനക്ക് പണം കിട്ടും.’ അവന്‍ നാളീകേരം വാങ്ങി വീട്ടില്‍ചെന്ന് കുഴിച്ചിട്ടു. അപ്പോള്‍ മടയലാല്‍ മറ്റൊരുഗ്രാമത്തിലെത്തിയിരുന്നു. അവന്‍ നാട്ടുകാരോടെല്ലാം വിളിച്ചുചോദിച്ചു.
‘ഈ നാട്ടില്‍ എവിടെയെങ്കിലും നിധി ഇരുപ്പുണ്ടെങ്കില്‍ പറഞ്ഞുതരുമോ…’ ഇതുകേട്ട് ആളുകള്‍ ചിരിക്കാന്‍ തുടങ്ങി. അപ്പോള്‍ ഒരു അപ്പുപ്പന്‍ അവന്റെയടുത്തെത്തിയിട്ട് ഒരു തൂമ്പ അവനുകൊടുത്തു. എന്നിട്ട് അപ്പുപ്പന്‍ പറഞ്ഞു.
‘ഇതാ ഈ തൂമ്പ നീ വീട്ടില്‍ കൊണ്ടുപോയി നിന്റെ പറമ്പില്‍ കിളയ്ക്കുക. എന്നിട്ട് ചേനയും കാച്ചിലും വാഴയും കപ്പയുമെല്ലാം നടുക. ഇഷ്ടംപോലെ കാശ് കിട്ടും.’ അവന്‍ തൂമ്പയുമായി വീട്ടിലെ പറമ്പിലെത്തി അപ്പുപ്പന്‍ പറഞ്ഞതുപോലെ ചെയ്തു.
കുറേ നാള്‍ കഴിഞ്ഞപ്പോള്‍ മണ്ടന്‍ലാലിന്റെ തെങ്ങ് കായ്ക്കാന്‍ തുടങ്ങി. മടയലാലിന്റെ പറമ്പൊക്കെ കൃഷിയിടമായി മാറുകയും ചെയ്തു. അങ്ങനെ നാളീകേരവും ചേനയും ചേമ്പും കാച്ചിലും കപ്പയുമെല്ലാം വിറ്റ് മണ്ടന്‍ലാലും മടയലാലും ഒത്തിരി കാശുണ്ടാക്കി. അതോടെ മടിയെല്ലാം മാറി അവര്‍ നല്ല കര്‍ഷകരായി മാറുകയും ചെയ്തു.