Janayugom Online
Narmakada

രണ്ടു പല്ലും മൂന്നു പട്ടുസാരിയും

Web Desk
Posted on November 18, 2018, 7:42 am

എംആര്‍സി നായര്‍

ആനക്കുഴി സ്‌കൂളില്‍ സഹപ്രവര്‍ത്തകനായിരുന്ന ദുര്യോധനക്കുറുപ്പിനെ ഏറെക്കാലം കൂടി കാണുകയായിരുന്നു ശത്രുഘ്‌നന്‍പിള്ള. ഏതോ ബന്ധുവിന്റെ ഒഴിവാക്കാനാവാത്ത കല്യാണത്തില്‍ പങ്കെടുക്കാന്‍ നാല് നാലര മണിക്കൂര്‍ യാത്രചെയ്ത് ഗുരുവായൂര്‍ എത്തിയതാണ് കക്ഷി.
ആനക്കുഴിയിലെ രാഷ്ട്രീയ‑സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്നു കുറുപ്പ്. സ്‌കൂളില്‍ പോകുംവഴി പാര്‍ട്ടിജാഥ കണ്ടാല്‍ അതിന്റെ മുമ്പില്‍ കയറിയങ്ങ് നടക്കും. സാഹിത്യസമ്മേളനം കണ്ടാല്‍ ക്ഷണിക്കണമെന്നില്ല, ഒരു ചെറുകഥപോലും വായിച്ചിട്ടില്ലാത്ത കുറുപ്പ് കേറിയങ്ങ് സ്റ്റേജിലിരിക്കും. എവിടെയെങ്കിലും അതിരു തര്‍ക്കമുണ്ടായാല്‍ മധ്യസ്ഥന്‍ കുറുപ്പായിരിക്കും. ഭാര്യയും ഭര്‍ത്താവുംകൂടി കലഹമുണ്ടായെന്നു കേട്ടാല്‍ ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി കുറുപ്പ് രാവിലെ വീട്ടിലെത്തിയിരിക്കും.
ഏതു വീട്ടില്‍ ചെന്നാലും ‘ചേച്ചിയേ, അമ്മായിയേ, അല്ലെങ്കില്‍ പെങ്ങളേ എന്നു വിളിച്ചുകൊണ്ട് കുറുപ്പ് നേരേ അടുക്കളയിലോട്ടങ്ങു ചെല്ലും. ഇങ്ങനെ സര്‍വ്വസമ്മതനായ ദുര്യോധനനു പറ്റിയ വലിയൊരു അക്കിടിയായിരുന്നു പഞ്ചായത്തു തിരഞ്ഞെടുപ്പിലെ തോല്‍വി. കേട്ടവര്‍, കേട്ടവര്‍ മൂക്കത്തു വിരല്‍ വച്ചു. കഷ്ടമെന്നല്ലാതെ എന്തു പറയാന്‍? കപടലോകത്തില്‍ ആത്മാര്‍ത്ഥമായൊരു ഹൃദയമുണ്ടായിട്ടെന്തു കാര്യം?
ആരു മെമ്പറായാലും ആനക്കുഴി വാര്‍ഡില്‍ എന്തു നടക്കണം എന്തു നടക്കണം എന്തു നടക്കണ്ടാ എന്നു തീരുമാനിക്കുന്നത് കുറുപ്പാണ്. കോണ്‍ട്രാക്റ്റര്‍മാരുമായി ചില്ലറ ഒത്തുകളിയുണ്ടെന്ന പിറുപിറുപ്പ് ദുര്യോധനന്‍ കാര്യമാക്കാറില്ല. കനാല്‍ വൃത്തിയാക്കിയ വകയില്‍ സ്‌ക്കൂട്ടറുവാങ്ങിയതും ആനക്കുഴി-ചാത്തന്‍മല റോഡുപണി കഴിഞ്ഞപ്പോള്‍ കാറുവാങ്ങിയതും ആനക്കുഴി ചാലിന് ബണ്ടുകെട്ടാനിറക്കിയ റബിളും സിമന്റും സ്വന്തം വീടുപണിക്കുപയോഗിച്ചതുമൊക്കെ ദുര്യോധനനു രാഷ്ട്രീയത്തില്‍ ഭാവിയുണ്ടെന്നുള്ളതിന്റെ സൂചനയായിട്ടാണ് നാട്ടുകാര്‍ കണ്ടത്.
ഭര്‍ത്താവ് മരിച്ച സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാങ്ങിക്കൊടുക്കുന്നതിലും അവരുടെ ക്ഷേമകാര്യങ്ങള്‍ അന്വേഷിക്കുന്നതിലും ദുര്യോധനന്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനീയമാണ്. ചില ദോഷൈകദൃക്കുകള്‍ അതു മനസ്സിലാക്കുന്നില്ലെന്നുള്ളതാണ് കഷ്ടം.
സ്‌കൂളില്‍ വരാനും പഠിപ്പിക്കാനുമൊന്നും കുറുപ്പിന് സമയം കിട്ടാറില്ല. വരാതെതന്നെ രജിസ്റ്ററില്‍ ഒപ്പിടുക എന്നത് കൗരവന്റെ ജന്മാവകാശമാണെന്ന് ഹെഡ്മാസ്റ്റര്‍മാര്‍ക്ക് അറിയാം. തന്റെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ചു മേലധികാരികളെ വിറപ്പിക്കാന്‍ കഴിവുള്ള ദുര്യോധനനെ ആരും പിണക്കാറില്ല.
വര്‍ഷങ്ങളായി കാണാതിരുന്ന സുഹൃത്തുക്കള്‍ കുശലം പറഞ്ഞിരിക്കുന്നതിടയില്‍ ചായയുമായി വന്ന ഭാര്യ വിശാലാക്ഷി പല്ലെടുക്കാന്‍ പോകേണ്ട ദിവസമാണെന്ന് ശത്രുവിനെ ഓര്‍മ്മിപ്പിച്ചു. എന്തോ കണ്ടു പേടിച്ച് ഞെട്ടിയെണീറ്റ ദുര്യോധനന്റെ കൈയിലിരുന്ന ചായക്കപ്പ് താഴെ വീണു പൊട്ടി. സാരമില്ലെന്നുപറഞ്ഞ് തറ തുടച്ചുകൊണ്ടിരിക്കെ ഡോക്ടറെ കാണാന്‍ പോകുംവഴി തന്റെ പട്ടുസാരി ഡ്രൈക്‌ളീന്‍ ചെയ്യാന്‍ കൊടുക്കണമെന്ന് വിശാലം പറയേണ്ട താമസം പന്തംകണ്ട പെരുച്ചാഴിയെപോലെ ദുര്യോധനന്‍ ഗേറ്റു തള്ളിത്തുറന്ന് പുറത്തേക്കൊരൊറ്റയോട്ടം.
എന്താണ് സംഭവിച്ചതെന്നറിയാതെ ശത്രുവും വിശാലവും അന്തംവിട്ടു നില്‍ക്കേ ശത്രുവിന്റെ മനസ്സിലേക്ക് ഒരു പഴയ സംഭവം ഓടിയെത്തി. യുവജനോത്സവത്തിന്റെ കണ്‍വീനറായിരുന്ന കുറുപ്പ് സ്വന്തം വീട്ടിലെ അടുക്കളക്കാരിയെയും അടുത്തവീട്ടിലെ കറവക്കാരിയെയും പിന്നൊരു മീന്‍കാരിയെയും പട്ടുസാരി ഉടുപ്പിച്ച് തഞ്ചാവൂര്‍ നര്‍ത്തകിമാരാക്കി മോഹിനിയാട്ടം, കുച്ചുപ്പുടി, എന്നീ ഇനങ്ങള്‍ക്ക് മാര്‍ക്കിടാനിരുത്തി. മോഹിനിയാട്ടത്തിന് ഉപ്പു കൂടിപ്പോയെന്ന് അടുക്കളക്കാരിയും ഭരതനാട്യക്കാരിയുടെ അകിടിന് നീരുണ്ടെന്ന് കറവക്കാരിയും കുച്ചിപ്പുടിക്ക് ഐസിട്ടതാണെന്ന് മീന്‍കാരിയും റിമാര്‍ക്കെഴുതിയതോടെ കലോത്സവ വേദിയില്‍ കൂട്ട അടിയായി.
കല്ലും കാലുമൊടിഞ്ഞ് പല്ലുപോയ ദുര്യോധനന്റെ പടം പിറ്റേന്ന് പത്രത്തിലുണ്ടായിരുന്നു. പല്ലെന്നും പട്ടുസാരിയെന്നും കേട്ടപ്പോള്‍ ദുര്യോധനന്‍ അന്നത്തെ സംഭവമോര്‍ത്തതാകാമെന്ന് ശത്രു ഊഹിച്ചു.