Web Desk

March 18, 2020, 5:10 am

രഞ്ജൻ ഗൊഗോയി: സംശയങ്ങളെ പ്രബലമാക്കുന്ന സ്ഥാനലബ്ധി

Janayugom Online

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തുനിന്ന് 2019 നവംബർ 17 ന് വിരമിച്ച രഞ്ജൻ ഗൊഗോയി രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. ചീഫ് ജസ്റ്റിസ് സ്ഥാനത്തിരുന്ന ഘട്ടത്തിൽ അദ്ദേഹം തലവനായ അഞ്ചംഗ ബെഞ്ച് നടത്തിയ ചില വിധി പ്രസ്താവനകൾ വിവാദമായ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന ആകാംക്ഷ എല്ലാവരിലും സ്വാഭാവികമായിരുന്നു. 2018 ജനുവരിയിൽ അന്നത്തെ ചീഫ് ജസ്റ്റിസിനെതിരെ വാർത്താ സമ്മേളനം വിളിച്ച നാലു ജഡ്ജിമാരിൽ ഒരാൾ എന്ന നിലയിൽ ആ സ്ഥാനം ഏറ്റെടുക്കാനില്ല എന്ന പ്രതികരണമായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സത്യപ്രതിജ്ഞയ്ക്കുശേഷമാകാം പ്രതികരണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്ഥാനം ഏറ്റെടുക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനമെന്ന് വ്യക്തമായിരിക്കുന്നു. ഈ തീരുമാനത്തിനെതിരെ എല്ലാ കോണുകളിൽ നിന്നും പ്രത്യേകിച്ച് നിയമവിദഗ്ധരിൽ നിന്ന് വിമർശനം ഉയർന്നിരിക്കുകയാണ്.

2018 ജനുവരിയിൽ നാലു ജഡ്ജിമാരാൽ ഉന്നയിക്കപ്പെട്ട വിമർശനങ്ങളുടെ കൂടെനിന്ന ഒരാളിൽ നിന്ന് ചീഫ് ജസ്റ്റിസായി മാറിയ രഞ്ജൻ ഗൊഗോയി വളരെ അകലെയാണ് നിലയുറപ്പിച്ചത്. ചീഫ് ജസ്റ്റിസെന്ന നിലയിൽ അദ്ദേഹം തലവനായ അഞ്ചംഗ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാനമായ വിധികളിലൂടെ സഞ്ചരിച്ചാൽ അത് വ്യക്തമാകും. നീതിയുടെ തലനാരിഴ കീറിയുള്ള പരിശോധനകളിലൂടെ നിയമവ്യവസ്ഥ സത്യസന്ധവും നീതിപൂർവ്വകവും ജനപക്ഷവും ഭരണഘടനാപരവുമാണെന്ന് പ്രസ്തുത വിധിപ്രസ്താവനകളിൽ നിന്ന് വായിച്ചെടുക്കാനാവുന്നില്ല എന്നതുകൊണ്ടാണത്. വിരമിക്കുന്നതിന്റെ തൊട്ടടുത്ത ദിവസങ്ങളിൽ രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന അര ഡസനിലധികം വിധിപ്രസ്താവങ്ങളാണ് അദ്ദേഹത്തിന്റെ ബെ‍ഞ്ചിൽ നിന്നുണ്ടായത്. അവയൊന്നും തന്നെ നീതിപൂർവ്വകമെന്നോ നിഷ്പക്ഷമെന്നോ പലയാവർത്തിയുള്ള വായനയിൽ ഒരാൾക്കുപോലും തിരിച്ചറിയാവുന്നതായിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ബാബറി മസ്ജിദ് — രാമ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട വിധി തന്നെ ഏറ്റവും പ്രധാനം.

വിചിത്രമെന്നും വൈരുദ്ധ്യങ്ങൾ നിറഞ്ഞതെന്നും നിയമവിദഗ്ധർക്കു മാത്രമല്ല സാധാരണക്കാർക്കുപോലും തോന്നിപ്പോയതായിരുന്നു പ്രസ്തുത വിധി. ബാബറി മസ്ജിദിൽ വിഗ്രഹങ്ങൾ കൊണ്ടിട്ടത് തെറ്റ്, പള്ളി പൊളിച്ചത് തെറ്റ്, ഇസ്‌ലാം മതവിശ്വാസികൾ ആരാധന നടത്തിയതിന് തെളിവുണ്ട് എന്നിങ്ങനെ നിരീക്ഷിച്ചതിന് ശേഷം പള്ളി പൊളിക്കപ്പെട്ട സ്ഥലം രാമക്ഷേത്രത്തിന് നൽകിയ വിധിയിൽ അങ്ങനെ തോന്നിയതിൽ അത്ഭുതത്തിന് വകയില്ല. പക്ഷേ അങ്ങനെയൊരു വിധി രഞ്ജൻ ഗൊഗോയിയിൽ നിന്നുണ്ടായത് എല്ലാവരെയും അത്ഭുതപ്പെടുത്തുക തന്നെ ചെയ്തു. ഇതിന് സമാനമായിരുന്നു അവസാന കാലത്ത് അദ്ദേഹത്തിൽ നിന്നുണ്ടായ എല്ലാ വിധികളും. പരസ്പര വിരുദ്ധമെന്നോ ഏകപക്ഷീയമെന്നോ വിലയിരുത്താവുന്നതായിരുന്നു അവയെല്ലാം തന്നെ. റഫാൽ ആയുധ ഇടപാട് സംബന്ധിച്ച രണ്ടു ഹർജികളും തള്ളിയ രഞ്ജൻ ഗൊഗോയിക്കുപോലും അതു സംബന്ധിച്ച് ഉയർന്ന ആരോപണങ്ങളും സംശയങ്ങളും അസ്ഥാനത്തായിരുന്നുവെന്ന് ഇപ്പോഴും ബോധ്യപ്പെടാനിടയില്ല. എന്നിട്ടും കേന്ദ്ര സർക്കാരിന് അനുകൂലമെന്ന് ആർക്കും തോന്നുന്ന വിധിയാണ് അദ്ദേഹത്തിൽ നിന്നുണ്ടായത്. ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് നേരത്തെയുണ്ടായ വിധി പുനഃപരിശോധിക്കുന്നതിനായി സമർപ്പിക്കപ്പെട്ട ഹർജികളെ അതുമായി ബന്ധമില്ലാത്ത മറ്റു ഹർജികളുമായി കൂട്ടിക്കുഴച്ച് വിശാല ബെഞ്ചിന് വിടുകയെന്ന അധാർമ്മികമെന്ന് സംശയിക്കാവുന്ന നടപടി പോലും അദ്ദേഹത്തിന്റെ ബെഞ്ചിൽ നിന്നുണ്ടായി. ഒരേ വിധിയെ രണ്ടുതരത്തിൽ വ്യാഖ്യാനിക്കാവുന്ന കൗശലവും ചില വിധികളിൽ കാണാവുന്നതാണ്.

അതിലൊന്നാണ് വിവരാവകാശത്തിന്റെ പരിധിയിൽ സുപ്രീംകോടതിയെ കൊണ്ടുവരുന്ന വിധി. പുരോഗമനപരമെന്ന് തോന്നിയേക്കാവുന്ന അതേ വിധിന്യായത്തിൽ പക്ഷേ, പൊതു താല്പര്യത്തിന്റെ പേരിൽ നീതിപീഠത്തിന്റെ സ്വതന്ത്ര പ്രവർത്തനം തടയപ്പെടരുതെന്ന വിചിത്ര ന്യായവും കുറിച്ചുവച്ചു. രാജ്യത്ത് ഇപ്പോൾ കത്തിപ്പടരുന്ന പൗരത്വ ഭേദഗതി നിയമത്തിലേയ്ക്കു നയിച്ച അസം പൗരത്വ വിഷയത്തിന് നേരിട്ട് നേതൃത്വം നൽകിയ നീതിപാലകനുമായിരുന്നു അദ്ദേഹം. സഹപ്രവർത്തകയുടെ പീഡന പരാതി സ്വന്തമായി കൈകാര്യം ചെയ്ത നീതിപാലകനെന്ന പേരും അദ്ദേഹത്തിനുണ്ട്. ആ കേസ് ഒത്തുതീർക്കപ്പെട്ടുവെന്ന പിന്നാമ്പുറക്കഥകളും അതിന് പിന്നിൽ കേന്ദ്ര ഭരണതലത്തോളം നീളുന്ന ചില കൈകളുടെ പങ്കാളിത്തവും പരസ്യമായ രഹസ്യമായി മാധ്യമങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. അതെല്ലാംകൊണ്ടാണ് രഞ്ജൻ ഗൊഗോയിയുടെ രാജ്യസഭാംഗത്വം ഒട്ടേറെ സംശയങ്ങൾക്കും അവസരമുണ്ടാക്കുന്നത്. ഇത് കേവലം ഒരു വ്യക്തിയുടെ വ്യക്തിപരമായ നേട്ടമല്ലാതായി മാറുന്നതും വിവാദമായി തീരുന്നതും അതുകൊണ്ടാണ്.

നീതിന്യായ വ്യവസ്ഥയുടെ ഉന്നത തലങ്ങളിലിരുന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാവുകയും പിന്നീട് അതിന്റെ ഗുണഭോക്താക്കളായവരിൽ നിന്ന് ആനുകൂല്യം പറ്റുകയും ചെയ്യുന്നത് ആശാസ്യകരമല്ല. ഇന്ത്യൻ നീതിന്യായ വ്യവസ്ഥ സമീപകാലത്ത് നേരിടുന്ന അതിന്റെ വിശ്വാസ്യതയെയും സത്യസന്ധതയെയും സുതാര്യതയെയും ധാർമ്മികതയെയും സംബന്ധിച്ച ഗുരുതരമായ സംശയങ്ങളെ പ്രബലമാക്കുകയാണ് രഞ്ജൻ ഗൊഗോയിയുടെ ഈ സ്ഥാന ലബ്ധി.