രഞ്ജി ട്രോഫിയില്‍ കേരളത്തിന് മിന്നും ജയം. കരുത്തനായ പഞ്ചാബിനെ 21 റണ്‍സിനാണ് കേരളം പരാജയപ്പെടുത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 146 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 124 റണ്‍സിന് പുറത്താകുകയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടിലായിരുന്നു മത്സരം.
അഞ്ച് മത്സരങ്ങളില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്. ഏഴു വിക്കറ്റ് വീഴ്ത്തിയ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയാണ് പഞ്ചാബിനെ തകര്‍ത്തത്. സ്‌കോര്‍ കേരളം: 227 & 136, പഞ്ചാബ്: 218 & 124.
ഒരുഘട്ടത്തില്‍ എട്ടിന് 89 എന്ന നിലയില്‍ പഞ്ചാബ് തോല്‍വി മുന്നില്‍ കണ്ടിരുന്നു. എന്നാല്‍ മായങ്ക് മര്‍കണ്ഡെ (73 പന്തില്‍ 23), സിദ്ധാര്‍ത്ഥ് കൗള്‍ (29 പന്തില്‍ 22) എന്നിവർ അടിച്ചു കയറിയതോടെ കേരളം പതറി. ഇരുവരും 33 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ കൗളിനെ മടക്കിയയച്ച് നിതീഷ് കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. സക്‌സേനയുടെ പന്തില്‍ മര്‍കണ്ഡെയ കീഴടങ്ങിയപ്പോള്‍ കേരളം ആദ്യ ജയം സ്വന്തമാക്കി. മായങ്ക് മാര്‍ക്കണ്ഡെയാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്‌സില്‍ പഞ്ചാബിനായി 71 റണ്‍സെടുത്ത ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിന് രണ്ടാം ഇന്നിങ്‌സില്‍ 10 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു.
നേരത്തെ ഒന്നാം ഇന്നിങ്സില്‍ കേരളം 227 റണ്‍സിന് പുറത്തായിരുന്നു. ആറിന് 89 റണ്‍സെന്ന നിലയില്‍ തകര്‍ന്ന കേരളത്തെ 91 റണ്‍സുമായി പുറത്താകാതെ നിന്ന സല്‍മാന്‍ നിസാറാണ് 200 കടത്തിയത്. 157 പന്തില്‍ 10 ഫോറും രണ്ടു സിക്സും സഹിതമാണ് സല്‍മാന്‍ 91 റണ്‍സെടുത്തത്. രണ്ടാം ഇന്നിങ്‌സിലും തകര്‍ച്ച നേരിട്ട കേരളം 136 റണ്‍സിന് പുറത്താകുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ 31 റണ്‍സ് നേടിയ അക്ഷയ് ചന്ദ്രനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. മുഹമ്മദ് അസറുദ്ദീന്‍ (27), സല്‍മാന്‍ നിസാര്‍ (28) എന്നിവരുടെ പ്രകടനവും നിര്‍ണായകമായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.