രഞ്ജിത് കൊലപാതകം; ഗുര്‍മീതിന്‍റെ ഡ്രൈവറുടെ പുതിയ മൊഴി നിര്‍ണായകമാകും

Web Desk
Posted on April 23, 2018, 7:40 pm

ചണ്ഡീഗഡ് : ദേര സച്ച സൗദ നേതാവ് ഗുർമീത് റാം റഹീം സിങ്ങിന്‍റെ മുൻ ഡ്രൈവർ ഖട്ടാ സിങിന്‍റെ  മൊഴി പുനര്‍ രേഖപ്പെടുത്തുന്നതിന്  പഞ്ചാബ് ഹരിയാന ഹൈക്കോടതി അനുമതി നൽകി. ഖട്ടാ സിംഗിന്‍റെ പ്രസ്താവന കേസിന്‍റെ വിധിക്ക് നിര്‍ണ്ണായകമാകുമെന്നും കോടതി പറഞ്ഞു. രഞ്ജിത് സിങ്ങിന്‍റെ കൊലപാതകം കേസിൽ അറസ്റ്റിലായ ഗുര്‍മീതിന്‍റെ വലം കൈയാണ് ഖട്ടാ സിങ്.

ഗുര്‍മീതിനെതിരെ മൊഴി നല്‍കുന്നതിനായി കഴിഞ്ഞ വർഷം സെപ്തംബർ 25 ന് ഖട്ടാ സിങ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിങ് തള്ളിയിരുന്നു.

ലൈംഗികാരോപണക്കേസില്‍  ശിക്ഷ വിധിക്കുന്ന സമയത്ത് രഞ്ജിത് കൊലപാതക കേസിലും  റാം റഹിമിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തുന്ന നിര്‍ണായക മൊഴി നല്‍കുന്നതിന്  ഖട്ടാ സിങ് സിബിഐ കോടതിയോട് അനുവാദം തേടിയിരുന്നു. തന്‍റെ മൊഴി നിര്‍ണായകമാണെന്ന് ഖട്ടാ സിങ് ഹര്‍ജിയില്‍ വെളിപ്പെടുത്തിയിരുന്നു.

കൂടാതെ താന്‍ മുമ്പ് നല്‍കിയ മൊഴി പിന്‍വലിക്കുന്നെന്നും പുതിയ മൊഴി നല്‍കാന്‍ ആഗ്രഹിക്കുന്നതായും ഖട്ടാ സിങ് കോടതിയെ അറിയിച്ചു. ഭീഷണിയെത്തുടര്‍ന്നാണ് നേരത്തെ നല്‍കിയ മൊഴിയില്‍ സത്യം പറയാതിരുന്നതെന്നും ഖട്ടാ സിങ് കൂട്ടിച്ചേര്‍ത്തു.

സിബിഐ ജഡ്ജി അനുവാദം നല്‍കാത്തതിനെത്തുടര്‍‍ന്നാണ് മൊഴി നല്‍കാതിരുന്നത്. അതോടുകൂടിയാണ് ആ കേസില്‍ വാദം പൂര്‍ത്തിയാക്കാന്‍ കാലതാമസം വന്നതും ഇപ്പോള്‍ അപൂര്‍ണമായ വിധി വന്നതുമെന്നും ഖട്ടാ വാദിക്കുന്നു.

കേസിന്‍റെ വിചാരണ നീട്ടിവെയ്ക്കുന്നത് ന്യായത്തിന് മൂല്യം കൂടുകയില്ല. താന്‍ ദൃക്സാക്ഷിയാണെന്നറിയിച്ച് ഹര്‍ജി നല്‍കുന്ന സമയത്ത് വധക്കേസില്‍ വാദം ആരംഭിച്ചിട്ടില്ലെന്നും ഖട്ടാ കൂട്ടിച്ചേര്‍ത്തു.

അവസാന വാദത്തിന്  കൂടുതൽ സമയം എടുത്തേക്കാം. എന്‍റെ പ്രസ്താവനയെ ചുറ്റിപ്പറ്റിയുള്ള കേസിന്‍റെ അന്തിമഫലം വളരെ നിർണായകമാണ്- ഖട്ട പറഞ്ഞു.