എല്ലാത്തിനും പിന്നിൽ വർഷയുടെ കുബുദ്ധി തന്നെ, 12 വയസ്സുകാരിയുടെ പീഡനം സംബന്ധിച്ച് പുറത്ത് വരുന്നത് ക്രൂരതയുടെ കഥ

Web Desk
Posted on November 07, 2019, 5:18 pm

കൊച്ചി: ബാലികയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച കേസിൽ അഞ്ച്‌ വീഡിയോകൾ പൊലീസ്‌ കണ്ടെടുത്തു. കേസിലെ ഒന്നാം പ്രതിയും കാമുകനുമായ ലിതിൻ, രണ്ടാം പ്രതി വർഷ എന്നിവരുടെ മൊബൈൽ ഫോണിൽ നിന്നാണ്‌ ദൃശ്യങ്ങൾ കണ്ടെടുത്തത്‌. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നേരിട്ട്‌ പകർത്തിയത്‌ വർഷയായിരുന്നുവെന്നും പൊലീസ്‌ പറഞ്ഞു.

സാങ്കേതിക വിദഗദ്ധന്റെ സഹായത്തോടെയാണ്‌ പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ദൃശ്യങ്ങൾ കണ്ടെടുത്തത്‌. ഇവ ഫോറൻസിക്‌ പരിശോധനയ്‌ക്ക്‌ നൽകും. പ്രതികൾ സാമ്പത്തിക ലാഭം ലക്ഷ്യമിട്ട്‌ ഈ വീഡിയോകൾ യൂട്യൂബ്‌ ഉൾപ്പെടെയുള്ള നവമാധ്യമങ്ങൾക്ക്‌ വിൽപ്പന നടത്തിയിട്ടുണ്ടോയെന്ന്‌ ഈ പരിശോധനയിലൂടെ വ്യക്‌തമാകും.  പ്രണയം നടിച്ച്‌ പെൺകുട്ടിയെ പീഡിപ്പിച്ച ലിതിന്‌ പെൺവാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുമെന്ന്‌ എറണാകുളം നോർത്ത്‌ പൊലീസ്‌ പറഞ്ഞു.

പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സൂക്ഷിക്കാൻ ലിതിന് നിർദ്ദേശം നൽകിയതും ഫോണിൽ പകർത്താൻ കൂട്ട് നിന്നതും വർഷയാണ്. ഭാവിയിൽ പെൺക്കുട്ടി ലിതിനെ വിട്ട് പോകാതിരിക്കാനെന്ന കാരണത്താലാണിത്. ദമ്പതിമാരായ ബിബിനും വർഷയും പ്രണയിച്ചാണ്‌ വിവാഹിതരായത്‌. പന്ത്രണ്ടുകാരിയെ വർഷയ്‌ക്ക്‌ നേരിട്ടറിയാം. ഈ സാഹചര്യവും പ്രതികൾ മുതലാക്കി. ബിബിന്റെ വടുതലയിലുള്ള വീട്ടിലെത്തിച്ച്‌ ജൂൺ മുതൽ പീഡിപ്പിച്ചതായാണ്‌ പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്‌. അതേസമയം കേസിൽ അറസ്‌റ്റിലായ ലിതിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു. പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടാൻ അപേക്ഷ നൽകുമെന്ന്‌ എറണാകുളം നോർത്ത്‌ പൊലീസ്‌ പറഞ്ഞു.