March 30, 2023 Thursday

Related news

March 29, 2023
March 29, 2023
March 28, 2023
March 26, 2023
March 25, 2023
March 25, 2023
March 24, 2023
March 23, 2023
March 22, 2023
March 20, 2023

ഓസ്ട്രേലിയയിലെ ബിജെപി നേതാവിനെതിരെ പീഡനക്കേസ്

Janayugom Webdesk
ന്യൂഡല്‍ഹി
March 18, 2023 10:35 pm

ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയില്‍ ‘ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബിജെപി’ (ഒഎഫ്ബിജെപി) ഓസ്ട്രേലിയ ഘടകം സ്ഥാപകരിലൊരാളായ ബലേഷ് ധന്‍ഖറിനെതിരെ കേസെടുത്തു. മയക്കുമരുന്ന് നല്‍കല്‍, ബലാത്സംഗം, പീഡന ദൃശ്യങ്ങള്‍ പകര്‍ത്തല്‍ തുടങ്ങി 39 കേസുകളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വ്യാജ തൊഴില്‍ പരസ്യങ്ങള്‍ നല്‍കി സ്ത്രീകളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുകയും ഇതിനിടയില്‍ ഇവരെ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

ബലാത്സംഗത്തിനെതിരെ 13, ബലാത്സംഗം ചെയ്യണമെന്ന ഉദ്ദേശത്തോടെ മയക്കുമരുന്ന് നല്‍കല്‍ ‑ആറ്, പീഡനദൃശ്യങ്ങള്‍ പകര്‍ത്തല്‍-17 എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ബലേഷിനെതിരെയുള്ള കേസുകളില്‍ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്. 2018 ജനുവരി-ഒക്ടോബര്‍ കാലയളവിലാണ് പീഡനങ്ങള്‍ നടന്നത്. ഇക്കാലയളവില്‍ ഇയാള്‍ സിഡ്നി ട്രെയിന്‍സില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി ബലേഷ് കേസുകളില്‍ തന്റെ പേര് പുറത്തുവരാതിരിക്കാന്‍ ശ്രമം നടത്തി വരികയായിരുന്നുവെന്ന് ബ്രിട്ടീഷ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കേസുകളില്‍ ജാമ്യത്തിലിരിക്കെ (2019–2021) മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിലും വാര്‍ത്താചാനലായ എബിസിയിലും ഇയാള്‍ താല്‍ക്കാലികമായി ജോലി ചെയ്തിരുന്നു.

സിഡ്‌നിയിലെ ഹിൽട്ടൺ ഹോട്ടൽ ബാറിലേക്ക് സ്ത്രീകളെ എത്തിക്കുന്നതിനായി കൊറിയന്‍— ഇംഗ്ലീഷ് പരിഭാഷകരെ ആവശ്യപ്പെട്ട് ഇയാള്‍ ഓണ്‍ലൈനില്‍ തൊഴില്‍ പരസ്യം നല്‍കുകയായിരുന്നു. ഇയാള്‍ താമസിക്കുന്നതിന്റെ സമീപത്താണ് ഈ ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഈ പരസ്യം വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ടൈംപീസുകളിലും മറ്റും രഹസ്യ കാമറകള്‍ ഘടിപ്പിച്ചാണ് ഇയാള്‍ പീഡന ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഓസ്ട്രേലിയന്‍ പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നു.

ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കുന്ന ആഗോള സംഘടനയാണ് ഓവർസീസ് ഫ്രണ്ട്സ് ഓഫ് ബിജെപി. 2014ൽ സിഡ്‌നിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സ്വീകരണം സംഘടിപ്പിക്കുന്നതിൽ സംഘടന പ്രധാന പങ്കുവഹിച്ചിരുന്നു. പരിപാടിയില്‍ ബലേഷ് ധന്‍ഖറിനൊപ്പമുള്ള മോഡിയുടെ നിരവധി ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതിനിടെ ബലേഷ് ധന്‍ഖര്‍ 2018 ജൂലൈയില്‍ സംഘടനയില്‍ നിന്ന് രാജിവച്ചതായി ഒഎഫ്ബിജെപി ഓസ്ട്രേലിയ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: rape case against BJP leader in Australia
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.