പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വൈദികനെതിരെ കേസ്

Web Desk
Posted on September 20, 2019, 10:48 am

പറവൂര്‍: പ്രായ പൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വൈദികനെതിരെ കേസ്. പരാതിയെ തുടർന്ന് ചേന്ദമംഗലം കോട്ടയില്‍ കോവിലകം ഹോളിക്രോസ് പള്ളി വികാരി ഫാ. ജോര്‍ജ് പടയാട്ടി (68) ക്കെതിരേ വടക്കേക്കര പോലീസ് കേസെടുത്തു. ഇദ്ദേഹം ഒളിവിലാണ്. പ്രായ പൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ പീഡിപ്പിച്ചു എന്ന പരാതിയിലാണ് കേസ്.

കുട്ടികള്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കാന്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്ന് പോലീസ് പറയുന്നു. ഒരു മാസം മുൻപാണ്  സംഭവം. പള്ളിക്ക് സമീപത്തെ സ്‌കൂളിന്റെ മാനേജര്‍ കൂടിയാണ് കുറ്റാരോപിതനായ വൈദികൻ . സ്‌കൂളില്‍ ഇടവേള കിട്ടുന്ന സമയങ്ങളിലാണ് ഒൻപത്  വയസ്സുള്ള പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ എത്തിയത്. വികാരിയുടെ പെരുമാറ്റത്തില്‍ പന്തികേട് തോന്നിയ ഒരു പെണ്‍കുട്ടി വിവരം സ്‌കൂളില്‍ എത്തി അധ്യാപികയെ അറിയിക്കുകയായിരുന്നു. അവര്‍ വീട്ടുകാര്‍ക്കും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കും വിവരം കൈമാറി. തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് മൂന്ന് കുട്ടികള്‍ പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

കുട്ടികള്‍ മജിസ്ട്രേറ്റിനു മുന്നില്‍ രഹസ്യമൊഴി നല്‍കി. കേസെടുക്കുന്നതില്‍ രക്ഷിതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് കേസെടുത്തത്. സംഭവം പുറത്തായതോടെ, കണ്ണിന്റെ ചികിത്സയ്ക്കായി പോവുകയാണെന്നും ആരും വിളിക്കരുതെന്നും പറഞ്ഞ് വൈദികന്‍ സ്ഥലംവിട്ടു. ഇദ്ദേഹത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.