കൊല്ലം കടയ്ക്കലില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയിൽ

Web Desk
Posted on November 13, 2019, 1:01 pm

കൊല്ലം : കൊല്ലം കടയ്ക്കലില്‍ രണ്ട് വയസ്സുകാരിയെ പീഡിപ്പിച്ച സഹോദരന്‍ പിടിയിലായി. വീട്ടില്‍ മാലിന്യം ശേഖരിക്കാനെത്തിയ ഹരിത സേനാ അംഗങ്ങളാണ് സംഭവം ആദ്യം അറിയുന്നത്.

കുട്ടിയുടെ നിലവിളി കേട്ട ഹരിത സേന അംഗങ്ങള്‍ വീടിന്റെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പഞ്ചായത്ത് അംഗത്തെ കൂടെ വിളിച്ച്‌ കതക് തുറന്നപ്പോഴാണ് അവശനിലയിലായ രണ്ട് വയസ്സുകാരിയെ കണ്ടത്. മുറിയിലുണ്ടായിരുന്ന സഹോദരന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു.

പിന്നീട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ചു വരുത്തി കടയ്ക്കലിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പരിക്കുണ്ടെന്ന് കണ്ടെത്തി. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തിരുവനന്തപുരം എസ്‌എടി ആശുപത്രിയിലേക്ക് മാറ്റി.

പോക്സോ നിയമപ്രകാരം സഹോദരനെ അറസ്റ്റ് ചെയ്തു. മോഷണക്കേസില്‍ മൂന്ന് വര്‍ഷം ജുവനൈല്‍ ഹോമില്‍ ആയിരുന്നു ഇയാള്‍. വയസ്സ് തെളിയിക്കുന്നതിന് വേണ്ടി പരിശോധനയ്ക്കായി ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.