18 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 16, 2024
September 16, 2024
September 16, 2024
September 16, 2024
September 10, 2024
September 10, 2024
September 10, 2024
September 6, 2024
September 6, 2024
September 6, 2024

ഓരോ മൂന്ന് മണിക്കൂറിലും ബലാത്സംഗം; യുപിയില്‍ ജംഗിള്‍രാജ്

Janayugom Webdesk
ലഖ്നൗ
September 19, 2022 10:03 am

ഉത്തര്‍പ്രദേശില്‍ ഓരോ മൂന്ന് മണിക്കൂറിലും ഓരോ ബലാത്സംഗം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (എൻസിആർബി) ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കണക്കുകള്‍. ബിജെപി സര്‍ക്കാരിന്റെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘മഹിളാ ശക്തി മിഷനും, ‘ബേട്ടി ബച്ചാവോ’ ക്യാമ്പയിനുമെല്ലാം നോക്കുകുത്തിയായി മാറുകയാണ് ഈ ക്രൂരതകള്‍ക്ക് മുന്നില്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനമാണ് യുപി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തെ ഞ‌െട്ടിക്കുന്ന നിരവധി ബലാത്സംഗ സംഭവങ്ങളാണ് യുപിയില്‍ നിന്നും പുറത്തുവരുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ലഖിംപുർ ഖേരി ജില്ലയിലെ തമോലിൻപൂർവ ഗ്രാമത്തിൽ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ കൂട്ടബലാത്സംഗം ചെയ്ത് മരത്തിൽ കെട്ടിത്തൂക്കിയത്. ഈ സംഭവം നടന്ന് 48 മണിക്കൂര്‍ പിന്നിടുന്നതിന് മുമ്പ് ഇതേ ഗ്രാമത്തില്‍ മറ്റൊരു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി മരിച്ചത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് കുടുംബം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും പൊലീസ് ഉദ്യോഗസ്ഥരോ മറ്റ് അധികൃതരോ സ്വീകരിച്ചില്ല. ഇതേതുടര്‍ന്ന് വൻ പ്രതിഷേധമാണ് ഗ്രാമത്തില്‍ ഉണ്ടായത്. സ്വന്തം വീട്ടുപടിക്കല്‍ നിന്ന് മകളെ തട്ടിക്കൊണ്ട് പോകുന്നത് എതിര്‍ത്ത മാതാപിതാക്കളെയും പ്രതികള്‍ നിഷ്കരുണം മര്‍ദ്ദിച്ചു. എന്നാല്‍ കുടുംബത്തിന്റെ പരാതിയെ അധികൃതര്‍ നിസാരമായി തള്ളിക്കളഞ്ഞു. 2017ൽ ഭരണകക്ഷിയായ ബിജെപി എംഎൽഎ കുൽദീപ് സെൻഗാർ ഉൾപ്പെട്ട ഉന്നാവോയിലെ ബലാത്സംഗക്കേസിലും 2020ൽ അതിലും അപലപനീയമായ ഹത്രാസ് കൂട്ടബലാത്സംഗത്തിലും യുപി പൊലീസ് സമാന ഉദാസീനതയും വിവേകശൂന്യതയും പ്രകടിപ്പിച്ചതായി രേഖകൾ ചൂണ്ടിക്കാണിക്കുന്നു.

അതിക്രൂരമായ രണ്ട് കൂട്ടബലാത്സംഗക്കേസുകളിലും അലഹബാദ് ഹൈക്കോടതി ഇടപെട്ടതോടെയാണ് ഭരണകൂടവും പൊലീസും നടപടിയെടുത്തത്. നിർഭയ കേസിന്റെ അനന്തരഫലമായി നടപ്പാക്കിയ പുതിയ നിയമങ്ങള്‍ക്ക് യാതൊരു വിലയും നല്‍കാതെയുള്ള കുറ്റകൃത്യങ്ങളാണ് യുപിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ബലാത്സംഗങ്ങൾ ക്രമാതീതമായി വർധിച്ചതിന്റെ പ്രധാന കാരണം ഭരണകൂട അഴിമതിയും പൊലീസ് സേനയുടെ വിവേകശൂന്യമായ മനോഭാവവുമാണെന്ന് വിവിധ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 2014ൽ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാർ സംസ്ഥാനം ഭരിച്ചപ്പോഴും, ലഖിംപുർ ഖേരിയിലെ സംഭവത്തിന് സമാനമായി ബുദൗൺ ജില്ലയിലെ ഒരു ഗ്രാമത്തിൽ രണ്ട് പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എന്നാല്‍ കുറ്റകൃത്യത്തെ “ആത്മഹത്യ” എന്ന് തള്ളിക്കളയാൻ അന്നത്തെ സംസ്ഥാന സർക്കാർ ശ്രമിക്കുകയും പ്രതിഷേധം ശക്തമായപ്പോള്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. സമാനമായ നടപടിയാണ് ആദിത്യനാഥ് സര്‍ക്കാരും ലഖിംപുർ ഖേരി സംഭവത്തില്‍ സ്വീകരിച്ചത്. ലഖിംപുർ ഖേരി കേസ് പോലെ, ബദായുനിലെ കേസിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടില്‍ “ബലാത്സംഗവും കൊലപാതകവും” സ്ഥിരീകരിച്ചിരുന്നു. യുപിയില്‍ ബലാത്സംഗത്തിനിരയാകുന്നതില്‍ ഭൂരിപക്ഷവും ദളിത് വിഭാഗത്തില്‍പ്പെട്ട പെണ്‍കട്ടികളാണ്. ഇത്തരം കേസുകളില്‍ യുപി ഭരണകൂടവും പൊലീസുകാരും സ്വീകരിക്കുന്ന നടപടി നിശബ്ദതയാണ്. പ്രസംഗങ്ങളില്‍ മാത്രം സ്ത്രീസുരക്ഷ ഉറപ്പുനല്‍കുന്ന സര്‍ക്കാരാണ് യുപി ഭരിക്കുന്നത്. ബലാത്സംഗത്തിന് ഇരയായവർക്കോ അവരുടെ കുടുംബങ്ങൾക്കോ യാതൊരു സഹായവും സര്‍ക്കാര്‍ നല്‍കുന്നില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യമാണ്.

Eng­lish sum­ma­ry; Rape every three hours; Jun­gle Raj in uttar pradesh

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.