Thursday
18 Jul 2019

ബലാത്സംഗം; ഭോപ്പാലില്‍ എട്ടുവയസ്സുകാരിയെ കൊന്ന് ഓടയില്‍ തള്ളി; മറ്റൊരിടത്ത് പതിനൊന്നുകാരിയ്ക്ക് വധഭീഷണി

By: Web Desk | Sunday 9 June 2019 8:19 PM IST


ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ രണ്ടിടങ്ങളിലായി പെണ്‍കുട്ടികള്‍ക്കെതിരെ കൊടുംക്രൂരത.

എട്ട് വയസുകാരിയെ പീഡിപ്പിച്ച് കൊന്നശേഷം മൃതദേഹം അഴുക്കുചാലില്‍ ഉപേക്ഷിച്ചു. ഭോപ്പാലിലെ കമലാനഗറിലാണ് സംഭവം. ശനിയാഴ്ച്ച രാത്രി വീട്ടിലേയ്ക്കുള്ള സാധനങ്ങള്‍ വാങ്ങാനായി അടുത്ത കടയില്‍ പോകുന്നതിനിടെയാണ് സംഭവം നടന്നത്. കുട്ടിയുടെ മൃതദേഹം അടുത്തുള്ള അഴുക്ക് ചാലില്‍നിന്നാണ് കണ്ടെത്തിയത്. കുട്ടിയെ പീഡിപ്പിച്ചശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടെന്ന് ഭോപ്പാല്‍ എസിപി അഖില്‍ പട്ടേല്‍ വ്യക്തമാക്കി.
കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി രാത്രി ഒമ്പതോടെ പരാതി നല്‍കിയെങ്കിലും തികഞ്ഞ നിസംഗതയാണ് പൊലീസ് സ്വീകരിച്ചതെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആരോപിച്ചു. സംഭവം അന്വേഷിക്കുന്നതിന് വൈകിയാണ് പൊലീസ് എത്തിയത്. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ശനിയാഴ്ച്ച രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനെ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തു.

അതിനിടെ രണ്ടാനച്ഛന്റെ ക്രൂരപീഡനത്തിന് പിന്നാലെ വധഭീഷണി നേരിട്ടതായി പതിനൊന്നുവയസ്സുകാരി. കഴിഞ്ഞ മൂന്ന് മാസമായി രണ്ടാനച്ഛന്‍ തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ഗാന്ധിനഗര്‍ സ്വദേശിയായ കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. നഗ്നചിത്രങ്ങള്‍ കാണിക്കുമെന്നും അശ്ലീലചുവയുള്ള ഭാഷമായുമായിരുന്നു രണ്ടാനച്ഛന്‍ ഉപയോഗിച്ചിരുന്നതെന്നും കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പീഡനം പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും രാണ്ടാനച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രണ്ടാനച്ഛനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.അതേസമയം പരാതി ലഭിച്ചിട്ടും പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

YOU MAY LIKE THIS VIDEO

Related News