Friday
22 Feb 2019

അപ്പച്ചൻ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇന്ന് ഇവിടെ നിരാഹാരം കിടക്കുമായിരുന്നു

By: Web Desk | Friday 14 September 2018 9:56 PM IST

കൊച്ചി: തന്റെ അനുജത്തിയെ മാനസികമായി തളർത്തി പീഢിപ്പിച്ച ഫ്രാങ്കോയെ പിതാവെന്ന് വിളിക്കാനാവില്ല. 27 വർഷം അഛൻ പട്ടാളത്തിൽ ജോലിചെയ്തു. അമ്മ മരിച്ചതിന് ശേഷം അഞ്ച് മക്കളെ നോക്കിയ അമ്മയാണ് ഞാൻ. എന്റെ അനുജത്തിയെ ക്രൂരമായി പീഢിപ്പിച്ച വ്യക്തിയെ ഇപ്പോൾ നമ്മൾ ശിക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അയാൾ തെരുവിൽ ഇപ്പോൾ വലിച്ചിഴക്കപ്പെടുകയാണ്. അപ്പച്ചൻ ജീവനോടെയുണ്ടായിരുന്നെങ്കിൽ ഇന്ന് ഈ സമരപ്പന്തലിൽഅദ്ദേഹം  നിരാഹാരം കിടക്കുമായിരുന്നു. നീതി ലഭിക്കുന്നത് വരെ സമരത്തിനൊപ്പം നിൽക്കും. വരും ദിവസങ്ങളിൽ നിരാഹാര സമരത്തിലടക്കം പങ്കാളിയാവുമെന്നും കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ സഹോദരി വികാരാധീനയായി സമരപന്തലിൽ പ്രഖ്യാപിച്ചു.
 പീഡനക്കേസിൽ കുറ്റാരോപിതനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാൻ വൈകുന്നതിനെതിരെ പരമോന്നത നീതിപീഠമായ ഹൈക്കോടതിക്ക് സമീപം നീതി തേടി കന്യാസ്ത്രീകൾ നടത്തുന്ന സത്യാഗ്രഹ സമരം ഒരാഴ്ച പിന്നിട്ടതോടെ നാടിൻറെ നാനാ കോണുകളിൽ നിന്നും പിന്തുണയുമായി വിവിധ സംഘടനകളും പൊതുപ്രവർത്തകരും എഴുത്തുകാരും സാംസ്‌കാരിക പ്രവർത്തകരും യുവജനങ്ങളുമടക്കം സമരപ്പന്തലിലേക്ക് പ്രവഹിക്കുകയാണ്.
എറണാകുളം ലാലൻ  ടവറിന് സമീപത്തെ  വഞ്ചി സ്‌ക്വയറിൽ  നിന്നുമുയരുന്നത് നീതി നിഷേധത്തിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ്. കുറ്റവാളിയായ ഒരു ബിഷപ്പിനെ സംരക്ഷിക്കാനുള്ള സഭയുടെയും  മിഷണറീസ് ഓഫ് ജീസസ് എന്ന സന്യാസിനി സഭയുടെയും ആസൂത്രിതമായ നീക്കങ്ങളാണ് നടക്കുന്നതെന്നും ഇതിനെതിരെ നീതിക്കുവേണ്ടി ഏതറ്റം വരെ പോകാനും തങ്ങൾക്ക് മടിയില്ലെന്ന് ആവർത്തിക്കുകയാണ്സമരത്തിൽ പങ്കെടുക്കുന്ന  കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ. ഫ്രാങ്കോ നിയമത്തിന് അധീനനല്ല.
ഇന്നും  രാവിലെ മുതൽ സന്ധ്യവരെ ഇടതടവില്ലാതെ സമരപന്തലിൽ വിവിധ നേതാക്കളുടെ ഐക്യദാർഢ്യ പ്രസംഗങ്ങൾ തുടർന്നു . സമരം സഭക്കെതിരെയല്ല, വിശ്വാസത്തിനെതിരെയല്ല, സർക്കാരിനെതിരെയല്ല , മറിച്ച് പീഡനക്കേസിൽ കുറ്റാരോപിതനായ ബിഷപ്പിനെതിരെയാണ്, അദ്ദേഹത്തെ സംരക്ഷിക്കുന്നവർക്ക് എതിരെയാണ് , കന്യാസ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന ജനപ്രതിനിധി അടക്കമുള്ള ഉന്നതരായവർക്കെതിരെയാണ് ഈ സമരമെന്ന് പങ്കെടുത്തവരിൽ പലരും അഭിപ്രായപ്പെട്ടു.
സ്ത്രീത്വത്തെ അപമാനിക്കുന്നവർ ഏതു ഉന്നതനായാലും അറസ്റ്റ് ചെയ്തു നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്ന് കോഴിക്കോട് നിന്നുമെത്തിയ   വി പി സുഹ്‌റ ആവശ്യപ്പെട്ടു. നീതിക്ക് വേണ്ടി സമരം ചെയ്യുന്ന കന്യാസ്ത്രീകൾക്കെതിരെ പ്രസ്താവനയിറക്കിയ കെസിബിസി മാപ്പുപറയണമെന്ന്  സേവ് ഔവർ സിസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ  കൺവീനറായ ഫാ. അഗസ്റ്റിൻ വട്ടോളി പറഞ്ഞു. മാർപ്പാപ്പ സ്വീകരിച്ച നിലപാടുകൾക്കെതിരാണ് കെ.സിബിസിയുടെ നിലപാട്. കർദിനാൾ ഗ്രേഷ്യസ് മാർപ്പാപ്പയുടെ അനുവാദത്തോട് കൂടിയാണ് ആരോപണവിധേയനായ ഫ്രാങ്കോ തൽസ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടത്. സഭയിൽ തുടരാനാണ് കന്യസ്ത്രീകൾ സമരം ചെയ്യുന്നത്.
അച്ചൻ പട്ടം സ്വീകരിച്ചത് ബലാൽക്കാരം ചെയ്യാനോ ഭൂമിയിടപാട് നടത്താനോ അല്ല. അഴിമതി നടക്കുമ്പോൾ മഹാഭൂരിപക്ഷം നിശബ്ദത പാലിക്കുന്നത് കൊണ്ടാണ് സമൂഹത്തിൽ അഴിമതി വ്യാപിക്കുന്നത്. ഈ കന്യാസ്ത്രീയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുത്.
ജോസ് തോമസ്, രവി ആർ ഉണ്ണിത്താൻ, ടി.എൻ.ജോയ്, ടി.എൻ മോഹനനൻ, റൂബി പോൾ, സിസ്റ്റർ ഇമൽഡപീറ്റർ എ ജെ,ശോഭന ,അഡ്വ ജസീന ,ആനീസ് ജോർജ്ജ് ,ഓമന മനോഹരൻ , കെ രവിക്കുട്ടൻ, സത്യപാൽ, അജിത ,സച്ചിൻ കെ ടോമി,സ്റ്റീഫൻ ചാക്കോ, പ്രകാശ് ചേർത്തല,കെ യു ഇബ്രാഹിം,ടി സി  സുബ്രഹ്മണ്യൻ, ടോം വട്ടക്കുഴി, ഡാർളി ബാബു, അഡ്വ ജോജോ, ലതിക സുഭാഷ്, ദേവകി അന്തർജ്ജനം, സ്വാമി പ്രണവ സുരൂപാനന്ദ , പി ജി പ്രസന്നകുമാർ തുടങ്ങിയ നിരവധി പേർ  ഇന്നലെ സമരത്തിനു ഐക്യദാർഢ്യം രേഖപ്പെടുത്തി സംസാരിച്ചു. വിവിധ സംഘടകനകളുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പ്രകടനവും നടന്നു
Related News