സിനിമാ മോഹം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

Web Desk
Posted on November 12, 2018, 7:18 pm
കൊച്ചി: സിനിമാ മോഹം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ. ചാവക്കാട് വൈലത്തൂർ ഞമങ്ങനാട് കൊട്ടാരപ്പാട്ട് വീട്ടിൽ ഇസ്മയിൽ (46)നെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതര സംസ്ഥാനക്കാരിയായ യുവതിയുടെ പരാതിയിലാണ് നടപടി. സിനിമയിൽ അഭിനയിക്കാനും ടിവി പരിപാടികളിൽ അവതാരകയായും അവസരം വാങ്ങി കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. സിനിമാ രംഗത്തെ ഉന്നതരുമായി ബന്ധമുണ്ടെന്നും വിശ്വസിപ്പിച്ചു.
പെൺകുട്ടിയേയും കൂട്ടുകാരികളെയും അഭിമുഖത്തിനെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോയ പ്രതി രണ്ടു പേരെ സെലക്റ്റ് ചെയ്തതായി അറിയിച്ചു. തുടർന്ന് ഹോട്ടൽ മുറിയിൽ മാഡം ഇന്‍റർവ്യു ചെയ്യാൻ കാത്തിരിപ്പുണ്ടെന്നും പറഞ്ഞു. ഇതു വിശ്വസിച്ചു മുറിയിലെത്തിയ പെൺകുട്ടിയെ പൂട്ടിയിട്ട ശേഷം ക്രൂരമായി മാനഭംഗപ്പെടുത്തുകയായിരുന്നു. ഇസ്മയിലിന്‍റെ ഫോൺ നമ്പർ തിരിച്ചറിഞ്ഞു നടത്തിയ അന്വേഷണത്തിലാണ‌ു കഴിഞ്ഞ ദിവസം രാത്രി ചാവക്കാട്ടെ വീട്ടിൽ നിന്നു പിടിയിലായത്.  വിവാഹിതനായ ഇയാൾക്കു കുട്ടികളുമുണ്ട്. ഇടപ്പള്ളിയിലെ വാടക വീട്ടിലാണ് താമസം. പാലാരിവട്ടം പ്രിൻസിപ്പൽ എസ്ഐ എസ്. സനൽ, എസ്ഐ വി.എൻ. ജിബി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.