അവനു വധശിക്ഷ നൽകണം ; അവളുടെ അവസാന ആഗ്രഹം

Web Desk
Posted on February 19, 2019, 7:02 pm

നാഗ്പൂര്‍ : അവനു വധശിക്ഷ നൽകണം ; വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ബലാത്സംഗത്തിന് ഇരയായി ആത്മഹത്യ ചെയ്ത  പെണ്‍കുട്ടിയുടെ കത്താണിത് . മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. മൊറാദി സ്വദേശിയായ ഇരുപത്തിരണ്ടുകാരിയെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഫെബ്രുവരി 15നാണ് യുവതി പീഡനത്തിന് ഇരയായത്. യുവതിയുടെ സുഹൃത്ത് സംസാരിക്കണമെന്ന് പറഞ്ഞ് മൊറാദിലുള്ള ബസ് സ്റ്റാഡിലേക്ക് വിളിച്ചു വരുത്തി. ഇവിടെ വെച്ച്‌ ഇയാള്‍ യുവതിക്ക് നിര്‍ബന്ധിച്ച്‌ മദ്യം കുടിക്കാന്‍ കൊടുത്തു. തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതിയെ ഇയാളും മറ്റു രണ്ട് പേരും ചേര്‍ന്ന് ബലാത്സംഗംചെയ്തു .  ഇവരില്‍ നിന്നും രക്ഷപ്പെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും അന്വേഷണത്തില്‍ മൂവരെയും പൊലീസ് പിടികൂടുകയും  ചെയ്തിരുന്നു.  എന്നാല്‍ തനിക്കുണ്ടായ ദുരനുഭവത്തില്‍ യുവതി വളരെയധികം വിഷമത്തിലായിരുന്നുവെന്നും വീട്ടില്‍ ആരും ഇല്ലാതിരുന്ന തക്കം നോക്കിയാണ് യുവതി ആത്മഹത്യ ചെയ്തതെന്നും പൊലീസ് പറഞ്ഞു. മാര്‍ച്ച്‌ 10നാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.

സംഭവ സ്ഥലത്തു നിന്നും ലഭിച്ച യുവതിയുടെ ആത്മഹത്യ കുറിപ്പിൽ  മുഖ്യപ്രതിയായ യുവാവിന് വധശിക്ഷ വാങ്ങിനല്‍കണമെന്ന് യുവതി രേഖപ്പെടുത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. അമ്മക്കും സഹോദരനും ഒപ്പമായിരുന്നു യുവതി താമസിച്ചിരുന്നത്.