Web Desk

തിരുവനന്തപുരം

April 05, 2020, 9:08 am

റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു; ഫലങ്ങൾ ഇന്ന് പുറത്തുവിടും

Janayugom Online

സംസ്ഥാനത്ത് കോവിഡ് 19 സമൂഹവ്യാപനം സ്ഥിരീകരിക്കുന്നതിനുള്ള റാപ്പിഡ് ടെസ്റ്റ് ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിൽ നടത്തിയ റാപിഡ് ടെസ്റ്റ് ഫലങ്ങൾ ഇന്ന് പുറത്തുവിടും. ആകെ 171 സാമ്പിളുകളാണ് റാപ്പിഡ് ടെസ്റ്റിനായി ഇന്നലെ ശേഖരിച്ചത്. പോത്തൻകോടെ പരിസര വാസികൾ, വിവിധ കോവിഡ്‌ കെയർ സെന്ററുകളിൽ കഴിയുന്നവരുടെ ഉൾപ്പെടെ സ്രവമാണ്‌ തിരുവനന്തപുരം പബ്ലിക്‌ ഹെൽത്ത്‌ ലാബിൽ പരിശോധനയ്‌ക്ക്‌ അയച്ചത്‌. പോത്തൻകോട് നിന്ന് പരിശോധനയ്ക്ക് അയച്ച കൂടുതൽ സാമ്പിളുകളുടെ ഫലവും ഇന്ന് ലഭിക്കും.

റാപ്പിഡ് ടെസ്റ്റിനുള്ള കിറ്റുകൾ കഴിഞ്ഞ ദിവസം എത്തിയിരുന്നു. റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വഴി രണ്ടര മണിക്കൂറിനുള്ളിൽ വൈറസ് ബാധ ഉണ്ടോയെന്നറിയാൻ സാധിക്കും. നിലവിൽ ഫലമറിയാനായി 7 മണിക്കൂറോളമാണ് ആവശ്യമായി വരുന്നത്. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നും ശ്രീചിത്രയ്ക്ക് ഗവേഷണത്തിനും റാപിഡ് ടെസ്റ്റിംഗ് കിറ്റ് നിർമിക്കാനുമായി ഒരു കോടി രൂപ നൽകിയിരുന്നു. ഈ ഫണ്ട് ഉപയോഗിച്ചാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് തിരുവനന്തപുരത്ത് എത്തിച്ചത്.

നിലവിൽ രാജ്യത്ത് പൂനെയിൽ മാത്രമാണ് റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് നിർമാണം നടക്കുന്നത്. കിറ്റ് ഒന്നിന് 4,000 രൂപ വരെയാണ് ചെലവ്. തിരുവനന്തപുരത്ത് ഉത്പാദനം ആരംഭിക്കുന്നതോടെ 200 രൂപയ്ക്ക് കിറ്റ് ലഭ്യമാകുകയും 15 മിനിറ്റുകൊണ്ട് കോവിഡ് ടെസ്റ്റ് നടത്തുകയും ചെയ്യാം.

Eng­lish Sum­ma­ry; Covid-19: Ker­ala begins rapid testing

YOU MAY ALSO LIKE THIS VIDEO