Monday
18 Feb 2019

അപൂര്‍വമായ ചെന്നീലിക്കാളിയെ കണ്ടെത്തി

By: Web Desk | Wednesday 24 October 2018 9:08 PM IST

തൃശൂര്‍: തൃശൂര്‍-പൊന്നാനി കോള്‍മേഖലയില്‍ പ്രഥമ തുമ്പി സര്‍വേയും പക്ഷി നിരീക്ഷണവും സംഘടിപ്പിച്ചു. തൊമ്മാന മുതല്‍ ബിയ്യം കായല്‍ വരെയുള്ള വിവിധ കോള്‍പ്പാടശേഖരങ്ങളില്‍ നടന്ന സര്‍വ്വെയില്‍ അത്യപൂര്‍വ്വമായ പച്ചക്കണ്ണന്‍ ചേരാച്ചിറകന്‍ (Pltaylestes pltaytsylus) ഉള്‍പ്പെടെ 31 ഇനം തുമ്പികളെ കണ്ടെത്തി. ഇന്ത്യയില്‍ അപൂര്‍വമായി കണ്ടുവരുന്ന ചെന്നീലിക്കാളി കോള്‍മേഖലയില്‍ കണ്ടെത്തി. സര്‍വേ നടത്തിയ എല്ലാ സ്ഥലങ്ങളിലും ദേശാടനതുമ്പിയായ തുലാത്തുമ്പിയുടെ വലിയ കൂട്ടങ്ങളെ കണ്ടെത്തി. മകുടിവാലന്‍ തുമ്പി (Acisoma panorpoides), പാണ്ടന്‍ വയല്‍തെയ്യന്‍(Urothemis signata), ചെമ്പന്‍ തുമ്പി ( Rhodothemis rufa), ഓണത്തുമ്പി (Rhyothemis variegate),വയല്‍ത്തുമ്പി (Crocothemis servilia) എന്നീ കല്ലന്‍ തുമ്പികളെയും ധാരാളമായികാണാന്‍ കഴിഞ്ഞു. സൂചിത്തുമ്പികളുടെ എണ്ണം വളരെ കുറവാണ്.

മലിന ജലത്തില്‍ മുട്ടയിട്ടു വളരുന്ന ചങ്ങാതിത്തുമ്പിയുടെ (Brachythemis contaminata) വന്‍ തോതിലുള്ള സാന്നിധ്യം കോള്‍പ്പാടത്തെ അനിയന്ത്രിതമായ മലിനീകരണത്തിന്റെ സൂചനയാണ്. ഇന്ത്യയില്‍ അപൂര്‍ശമായി കണ്ടുവരുന്ന ചെന്നീലിക്കാളി (Daurian starling) ഉപ്പുങ്ങല്‍ കോള്‍മേഖലയില്‍ കണ്ടെത്തി. 2015 ല്‍ വെള്ളായിക്കായലിനുശേഷം ഇത് രണ്ടാം തവണയാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സ്ഥിരം നീര്‍പക്ഷികളെക്കൂടാതെ വലിയ രാജഹംസം (Greater flamingo), കായല്‍ പുള്ള് (Peregrine Falcon), പാടക്കുരുവി (Paddyfield Warbler), കരിവാലന്‍ പുല്‍ക്കുരുവി (Pallas’s Grasshopper), വലിയ പുള്ളിപ്പരുന്ത് (Greater spotted eagle) തുടങ്ങിയ പക്ഷികളേയും പക്ഷിനിരീക്ഷകര്‍ക്ക് കണ്ടെത്താനായി. പ്രവീണ്‍ ഇ എസ്, മനോജ് കരിങ്ങാമഠത്തില്‍, നെസ്രുദ്ദീന്‍ പി പി, ശ്രീകുമാര്‍ കെ ഗോവിന്ദന്‍കുട്ടി, അരുണ്‍ ഭാസ്‌കര്‍, കൃഷ്ണകുമാര്‍ കെ അയ്യര്‍, ഷിനോ ജേക്കബ്ബ്, ശ്രീകുമാര്‍ ഇ ആര്‍, അദില്‍ നഫര്‍, മിനി ആന്റോ, അരുന്‍ ജോര്‍ജ്, തുമ്പിഗവേഷകരായ ജീവന്‍ ജോസ്, റെയ്‌സന്‍ തുമ്പൂര്‍, മുഹമ്മദ് ഷെറീഫ്, സുജിത്ത് വി ഗോപാലന്‍, ഉണ്ണി പട്ടാഴി, സിജി പി കെ, രഞ്ജിത്ത്, ഗീത പോള്‍, നൈനാന്‍, വിവേക് ചന്ദ്രന്‍, മാക്‌സിം, രവീന്ദ്രന്‍ കെ സി, അജിത്ത് ജോണ്‍സന്‍ തുടങ്ങിയവരുള്‍പ്പെടെ 10 ടീമുകളായി 70ഓളം പക്ഷിതുമ്പി നിരീക്ഷകര്‍ പങ്കെടുത്തു. ജനകീയ പൗരശാസ്ത്ര (സിറ്റിസണ്‍ സയന്‍സ്) പ്ലാറ്റ്‌ഫോം ആയ ഇബേഡ് ഉപയോഗിച്ച് ഡിജിറ്റല്‍ സ്വഭാവത്തിലായിരുന്നു സര്‍വ്വെ. പക്ഷിനിരീക്ഷണക്കൂട്ടായ്മയായ കോള്‍ബേഡേഴ്‌സ് കളക്റ്റീവ്, കേരള കാര്‍ഷിക സര്‍വ്വകലാശാല, കാലാവസ്ഥ വ്യതിയാനപഠനകേന്ദ്രം, ഡ്രാഗണ്‍ഫ്‌ലൈസ് ഓഫ് കേരള ഫേസ്ബുക്ക് ഗ്രൂപ്പ്, കേരള വനം വകുപ്പ് എന്നിവരുടേ സഹകരണത്തോടെയാണ് സര്‍വ്വെ സംഘടിപ്പിക്കപ്പെട്ടത്. പക്ഷിനിരീക്ഷണ സര്‍വ്വെകള്‍ സ്ഥിരമായി നടക്കാറുണ്ടെങ്കിലും കോള്‍മേഖലയിലെ തുമ്പിസര്‍വ്വെ ഇതാദ്യമാണ്.