Tuesday
19 Feb 2019

ഷേക്‌സ്പിയര്‍ യുഗത്തിലെ അപൂര്‍വ പ്രതിഭ ബെന്‍ ജോണ്‍സണ്‍

By: Web Desk | Friday 8 June 2018 9:23 PM IST

ജോസ് ചന്ദനപ്പള്ളി

സ്‌പെന്‍സര്‍ – ഷേക്‌സ്പിയര്‍ കാലഘട്ടത്തിലെ മഹാനായ നാടകകൃത്ത് എന്ന അംഗീകാരം ലഭിക്കുന്നതിന് മുമ്പ് പരാജയങ്ങളുടെ കഥകളാണ് ജോണ്‍സണു പറയാനുള്ളത്. മെര്‍മേയ്ഡ് റ്റാവേണ്‍ ആയിരുന്നു ആദ്യകാലത്തെ സ്ഥിര താവളം. യുവതലമുറയുടെ നേതാവായി വെടി പറഞ്ഞിരുന്നത് അവിടെയാണ്. ഷേക്‌സ്പിയറുടെ സങ്കേതവും മെര്‍മേയ്ഡ് റ്റാവേണ്‍ തന്നെയായിരുന്നു. ഈ രണ്ടു നാടകകൃത്തുക്കളും അടുത്ത ചങ്ങാതികളുമായിരുന്നു. ഇംഗ്ലണ്ടിലെ ആദ്യത്തെ ആസ്ഥാന കവിയാണ് ബെന്‍ ജോണ്‍സണ്‍. അഗാധമായ പാണ്ഡിത്യം, ബഹുമുഖപ്രതിഭ, നര്‍മ്മബോധം, ചടുലമായ വാക്ചാതുര്യം, സമകാലിക ജീവിതത്തെയും ആചാരങ്ങളെയും കുറിച്ചുള്ള ഉള്‍ക്കാഴ്ച, ശക്തമായ പരിഹാസപ്രയോഗ പാടവം എന്നു തുടങ്ങി നൈസര്‍ഗ്ഗികവും ആര്‍ജ്ജിതവുമായ എല്ലാ സിദ്ധികളും ബെന്‍ ജോണ്‍സണുണ്ടായിരുന്നു. എങ്കിലും യഥാര്‍ത്ഥ മഹത്വം നിര്‍ണ്ണയിക്കുന്ന അവ്യാഖ്യേയമായ പ്രതിഭയെന്ന ഗുണം ബെന്‍ ജോണ്‍സണില്‍ വിരളമായിരുന്നു.
ബെന്‍ ജോണ്‍സണ്‍ 1572 ജൂണ്‍ 11-ന് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്ററില്‍ ജനിച്ചു. ജോണ്‍സണ്‍ന്റെ ജനനത്തിന് ഒരു മാസം മുമ്പ് പിതാവ് മരിച്ചതിനെത്തുടര്‍ന്ന് അമ്മ ഒരു ഇഷ്ടികപ്പണിക്കാരനെ വിവാഹം കഴിച്ചു. ജോണ്‍സണ്‍ന്റെ സ്‌കൂള്‍ വിദ്യാഭ്യാസം തുടങ്ങിയത് സെന്റ് മാര്‍ട്ടിന്‍സ് ലെയിന്‍ സ്‌കൂളിലായിരുന്നു. വില്യം കാമ്ഡന്റെ മേല്‍നോട്ടത്തില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ സ്‌കൂളിലാണ് പിന്നീട് പഠനം. കാമ്ഡന്റെ വിപുലമായ പാണ്ഡിത്യം ജോണ്‍സണെ പില്‍ക്കാല ജീവിതത്തില്‍ ഏറെ സ്വാധീനിച്ചു. തുടര്‍ന്ന് ഡച്ചുകാരോടൊപ്പം ചേര്‍ന്നു സ്പാനീഷ് ആക്രമണകാരികള്‍ക്കെതിരെ പോരാടി. നാടക നടനായി രംഗത്തു വരികയും പിന്നീട് നാടകരചയിതാവായി മാറുകയും ചെയ്തു. 1594-നടുത്തെപ്പോഴോ ജോണ്‍സണ്‍ വിവാഹിതനായി. 1597-ലെ വേനല്‍ക്കാലമായപ്പോഴേക്ക് ഫിലിപ്പ് ഹെന്‍സ്ലോവിന്റെ മേല്‍നോട്ടത്തില്‍ റോസ് പ്രദര്‍ശനശാലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഡ്മിറലിന്റെ ആളുകള്‍ എന്ന നാടക കമ്പനിയില്‍ ജോണ്‍സണ്‍ സ്ഥിരം ജോലിക്കാരനായി. അഭിനേതാവെന്ന നിലയില്‍ ജോണ്‍സണ്‍ വലിയ വിജയമൊന്നുമല്ലായിരുന്നു എന്നു പറയപ്പെടുന്നു.
സാഹിത്യ ജീവിതം : നവോത്ഥാന കാലത്തെ നാടകകൃത്തും കവിയും നടനും ആയിരുന്ന ബെഞ്ചമിന്‍ ജോണ്‍സണ്‍ എന്ന ബെന്‍ ജോണ്‍സണ്‍ പ്രധാനമായും അറിയപ്പെടുന്നത് വോള്‍പോണ്‍, ദി ആല്‍ക്കിമിസ്റ്റ്, ബര്‍ത്തലോമ്യാ ഫെയര്‍ തുടങ്ങിയ ഹാസ്യ നാടകങ്ങളുടെയും കുറെ ഭാവഗീതങ്ങളുടെയും പേരിലാണ്. എലിസബത്തന്‍ കാലത്തിനു ശേഷം വന്ന ജേക്കബിയന്‍, കരോളിയന്‍, ക്രോംവെല്ലിയന്‍ കാലങ്ങളിലെ ഇംഗ്ലീഷ് നാടകകൃത്തുക്കളെയും കവികളെയും ജോണ്‍സണ്‍ വളരെയേറെ സ്വാധീനിച്ചു. അദ്ദേഹത്തിന്റെ എണ്ണമറ്റകൃതികളില്‍ കോമഡികള്‍, ട്രാജഡികള്‍, മാസ്‌ക്കുകള്‍ (ഇതിവൃത്തത്തിനോ കഥാപാത്രത്തിനോ പ്രാധാന്യമില്ലാത്തതും, വിനോദത്തിനുവേണ്ടി നിറപ്പകിട്ടാര്‍ന്ന വേഷവിധാനങ്ങളണിഞ്ഞു നടത്തുന്നതുമായ ഒരിനം ഗാനനൃത്തരൂപമാണ് മാസ്‌ക്ക്), വിമര്‍ശന മൂല്യമുള്ള റ്റിമ്പര്‍ എന്നിവയുള്‍പ്പെടുന്നു. റൊമാന്റിക് നാടകങ്ങളെ എതിര്‍ത്ത അദ്ദേഹം ഗ്രീക്ക് നാടകങ്ങളുടെ പല അംശങ്ങളും സ്വീകരിക്കുകയുണ്ടായി. ട്രാജഡികളും, കോമഡികളുമെഴുതിയിട്ടുണ്ടെങ്കിലും ഒരു കൃതിയില്‍ ഹാസ്യദുരന്തഘടകങ്ങള്‍ അദ്ദേഹം കൂട്ടിക്കലര്‍ത്തിയിരുന്നില്ല. ദൃഢബന്ധമല്ലെങ്കിലും നാടകങ്ങളില്‍ ഐക്യത്രയം പാലിക്കാന്‍ ആവുന്നത്ര ശ്രമിച്ചിട്ടുണ്ട്. കോമഡി ഓഫ് ഹ്യൂമേഴ്‌സിന്റെ ഉപജ്ഞാതാവ് ജോണ്‍സണാണ്. അസൂയ, ആര്‍ത്തി, പിശുക്ക് തുടങ്ങി ഏതെങ്കിലുമൊരു പ്രതേ്യക ശീലമുള്ളവരായിരിക്കും കഥാപാത്രങ്ങളെന്നാണ് കോമഡി ഓഫ് ഹ്യൂമേഴ്‌സിന്റെ സവിശേഷത. ഏതെങ്കിലുമൊരു സ്വഭാവവിശേഷത്തെ പരിസ്ഫുടമായി ചിത്രീകരിക്കാനാവുമെങ്കിലും ഇവയ്ക്കുമുണ്ട് ഇതിന്റേതായ പരിമിതികള്‍. ഏതെങ്കിലുമൊരു ഗുണം മാത്രം തികഞ്ഞവരായിരിക്കില്ല ഓരോ മനുഷ്യനും. ഓരോ കഥാപാത്രത്തിലും ഓരോ പ്രതേ്യക ശീലഗുണങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനാല്‍ മനുഷ്യസ്വഭാവത്തിന്റെ വൈചിത്ര്യങ്ങളും സങ്കീര്‍ണ്ണതകളും ചിത്രീകരിക്കാന്‍ സാധിക്കാതെ വരുന്നു.
1599-ല്‍ എവരിമാന്‍ ഇന്‍ ഹിസ്ഹ്യൂമര്‍ എന്ന നാടകത്തിന്റെ വമ്പിച്ച വിജയത്തോടെയാണ് ബെന്‍ ജോണ്‍സണ്‍ സാഹിത്യരംഗത്ത് ശ്രദ്ധേയനായത്. ലോഡ് ചേമ്പര്‍ ലെയ്ന്‍സ് മെന്‍ എന്ന പ്രശസ്ത നാടകകമ്പനിയാണ് ഈ നാടകം രംഗത്ത് അവതരിപ്പിച്ചത്. പ്രതിപാദ്യത്തിലും രംഗസംവിധാനത്തിലും ക്ലാസിക്കല്‍ റോമന്‍ കോമഡികളെ പിന്തുടരുന്ന ഈ നാടകത്തില്‍ തലമുറകള്‍ തമ്മിലുള്ള സംഘര്‍ഷം നര്‍മ്മം കലര്‍ത്തി അവതരിപ്പിക്കുന്നു. നര്‍മ്മമനുഷ്യന്‍ എന്ന കഥാപാത്ര സങ്കല്പമാണ് ബെന്‍ ജോണ്‍സണ്‍ന്റെ ഒരു സവിശേഷ സംഭാവന. ഈ കഥാപാത്രത്തിന്റെ വ്യക്തിത്വത്തിനു രൂപം നല്‍കുന്നത് നര്‍മ്മരസങ്ങളാണ്. ഇത്തരം കഥാപാത്രങ്ങളെ ആദ്യമായി രംഗത്ത് അവതരിപ്പിച്ച ജോര്‍ജ്ജ് ചാപ്മാന്റെ എ ഹ്യൂമറസ് ഡേസ് മിര്‍ത്ത് എന്ന നാടകം ബെന്‍ ജോണ്‍സണ്‍ന്റെ അരങ്ങേറ്റത്തോടെ പിന്തളളപ്പെട്ടു. നര്‍മം സ്വഭാവത്തിന്റെ ഒരു സവിശേഷതയാണെന്നുള്ളത് ജോണ്‍സന്റെ ഭാവനാസമ്പന്നതയ്ക്കു നിദര്‍ശനമാണ്. ആദ്യ നാടകാവതരണത്തിന്റെ വമ്പിച്ച വിജയം ആവര്‍ത്തിക്കാനായി ജോണ്‍സണ്‍ രചിച്ച എവരി മാന്‍ ഔട്ട് ഓഫ് ഹിസ് ഹ്യൂമര്‍ അരങ്ങത്തു പരാജയപ്പെടുകയാണുണ്ടായത്. തുടര്‍ന്ന് നാടകകമ്പനിക്കാരും ജോണ്‍സണും വേര്‍പിരിയാനിടയായി. ഇക്കാലത്തു രൂപംകൊണ്ട ചില്‍ഡ്രന്‍ ഓഫ് ദി ക്വീന്‍സ് ചാപ്പല്‍ എന്ന നാടകക്കമ്പനി്ക്കുവേണ്ടി ജോണ്‍സണ്‍ പല കോമഡികളും രചിക്കുകയും ഈ സാഹചര്യത്തില്‍ നാടകകമ്പനികള്‍ തമ്മിലുള്ള മത്സരം വര്‍ധിക്കുകയും ചെയ്തു. എങ്കിലും ജോണ്‍സന്റെ ആദ്യ നാടകത്തിന്റെ പ്രശസ്തി നിലനിര്‍ത്താന്‍ തുടര്‍ന്നുള്ള നാടകങ്ങള്‍ക്കു കഴിഞ്ഞില്ല. സിന്തിയാസ് റെവല്‍സ് എന്ന നാടകത്തില്‍ ജോണ്‍സണ്‍ സ്വയം ഒരു കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നു. സമൂഹത്തെയും കലാസൃഷ്ടികളെയും നിഷ്പക്ഷമായി വിലയിരുത്തുന്ന ഒരു ജഡ്ജിയായിട്ടാണ് പ്രസ്തുത കഥാപാത്രം ഈ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
ജോണ്‍സണ്‍ന്റെ ദുരന്ത ചരിത്ര നാടകങ്ങളായ സൊജാനസ് ഹിസ് ഫാള്‍ (1603), കാറ്റിലീന്‍ ഹിസ് കോണ്‍സ്പിരസി (1611) എന്നിവയ്ക്കു കാണികളെ ഏറെ ആകര്‍ഷിക്കാനായില്ലെങ്കിലും, ഗ്രീക്ക് ദുരന്ത നാടകങ്ങളുടെ മാതൃകയിലുള്ള ഇവ മഹത്തായ കൃതികള്‍ തന്നെയാണെന്നാണ് നാടകകൃത്തിന്റെ പക്ഷം. നാടകകൃത്തിന്റെ പാണ്ഡിത്യം തെളിയിക്കുന്നുവെങ്കിലും അവ സര്‍ഗ്ഗാത്മക പ്രതീതി ജനിപ്പിക്കുന്നില്ല. എങ്കിലും രണ്ടാമത്തെ നാടകം മികച്ച സംഭാഷണത്താലും നാടകീയ മുഹൂര്‍ത്തങ്ങളാലും മേന്മ പുലര്‍ത്തുന്നു. ഇക്കാലയളവില്‍ രചിച്ച മൂന്നു കോമഡികളിലാണ് ജോണ്‍സന്റെ പ്രതിഭ വെട്ടിത്തിളങ്ങുന്നത്. വോള്‍ പോണി ഓര്‍ ദി ഫോക്‌സ് (1603) ദി ആല്‍ക്കെമിസ്റ്റ് (1610) ബാര്‍ത്തലോമിയോ ഫെയര്‍ (1614) എന്നിവയാണ് നാടകങ്ങള്‍. പരിഹാസ ധ്വനി ഇവയുടെ പ്രത്യേകതയാണ്. ഈ നാടകങ്ങളിലെല്ലാം മനുഷ്യന്റെ വൈകല്യങ്ങളെ നാടകീയമായവത രിപ്പിക്കുന്നതില്‍ ജോണ്‍സണ്‍ തികഞ്ഞ വൈദഗ്ധ്യം പുലര്‍ത്തി. ദുരാചാരങ്ങളെ നിര്‍ദ്ദയം തുറന്നു കാട്ടുന്ന വോള്‍ പോണ്‍, പ്രബോധന സ്വഭാവമുളള ഒരു ക്ലാസ്സിക്കല്‍ നാടകമാണ്. അരിസ്റ്റോട്ടിലിയന്‍ പാരമ്പര്യം പുലര്‍ത്തുന്ന രചനയായ ആല്‍ക്കെമിസ്റ്റ് അപ്പാടെ ബ്ലാങ്ക്‌വേഴ്‌സിലാണ് രചിച്ചിട്ടുളളത്. ബാര്‍ത്തലോമ്യാ ഫെയറില്‍ നാടകകൃത്ത് ക്ലാസ്സിക്കല്‍ സന്മാര്‍ഗ്ഗവാദിയുടെ വേഷമുപേക്ഷിച്ച് തികഞ്ഞ നര്‍മ രസത്തോടെ പ്രേക്ഷകരെ പരമാവധി ആഹ്‌ളാദിപ്പിക്കുന്നു.
സങ്കീര്‍ണ്ണമായ ഇതിവൃത്ത ഘടന ജോണ്‍സണ്‍ന്റെ നാടകങ്ങളുടെ പൊതു സ്വഭാവമാണ്. എണ്ണമറ്റ ഉപകഥകള്‍ ക്ലിഷ്ടമാണെന്നു മാത്രമല്ല, ഇതിവൃത്തത്തെ ഇഴപിരിപ്പിക്കുന്നതിനു തടസ്സമായിത്തീരുകയും ചെയ്യുന്നു. പ്രഥമ നിയോക്ലാസ്സിക്ക് നാടകകൃത്താണ് ബെന്‍ ജോണ്‍സണ്‍. ഷേക്‌സ്പിയറുടെയും അദ്ദേഹത്തിന്റെ അനുകര്‍ത്താക്കളുടെയും റൊമാന്റിക് നാടകങ്ങള്‍ക്കെതിരായിരുന്നു അദ്ദേഹം. വൈകാരികാനുഭൂതിയെക്കാള്‍ ബൗദ്ധികമൂല്യങ്ങള്‍ക്കാണ് ജോണ്‍സണ്‍ പ്രാധാന്യം നല്‍കിയത്. വ്യത്യസ്തവും പരസ്പര ഭിന്നങ്ങളുമായ സ്വഭാവങ്ങളുടെ കൂമ്പാരമാണ് മനുഷ്യന്‍. സാഹചര്യത്തിനനുസരിച്ച് മാറുകയും വളരുകയും വികസിക്കുകയും ചെയ്യുന്നതാണ് മനുഷ്യ പ്രകൃതി. ഈ മാറ്റങ്ങള്‍ കഥാപാത്രങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍ ജോണ്‍സണ്‍ന്റെ കഥാപാത്രങ്ങള്‍ മാറ്റങ്ങള്‍ക്കു വിധേയമായ വ്യക്തികളല്ല. നിശ്ചലരായ ടൈപ്പുകള്‍ മാത്രമാണ്.
1616-ല്‍ രചിച്ച വിരസമായ ദി ഡെവിള്‍ ഈസ് ആന്‍ ആസിനു ശേഷം 1625 വരെ നാടകവേദി വിട്ട് ജോണ്‍സണ്‍ മാസ്‌കുകള്‍ അഥവാ മുഖംമൂടി നാടകങ്ങളിലേക്കു തിരിഞ്ഞു. രാജ സദസ്സില്‍ അവതരിപ്പിക്കുന്നതായിട്ടാണ് മിക്കതും രചിച്ചത്. 1605-ല്‍ ഇനിഗോ ജോണ്‍സണുമായി യോജിച്ച് ദി മാസ്‌ക് ഓഫ് ബ്ലാക്ക്‌നസ്സ് എന്നൊരു മുഖംമൂടി നാടകം എഴുതിയിരുന്നു. മാസ്‌ക്കുകളുടെ രചനയില്‍ അദ്വിതീയനായ ജോണ്‍സണ്‍ ദി മാസ്‌ക് ഓഫ് ബ്യൂട്ടി (1608), ദി മാസ്‌ക്ക് ഓഫ് ക്വീന്‍സ് (1609), ഒബറോണ്‍ ദി ഫെയറി പ്രിന്‍സ് (1611) എന്നിവ രചിച്ചു. പ്‌ളഷര്‍ റിക്കണ്‍സൈല്‍ഡ് ടു വിര്‍ച്യു (1618), ദി ജിപ്‌സീസ് മെറ്റമോര്‍ഫോസ്ഡ് (1621) എന്നിവ അവതരണത്തില്‍ മാത്രമല്ല പാരായണത്തിലും മികച്ചവയാണ്. ജോണ്‍സണ്‍ രചിച്ച മാസ്‌ക്കുകളുടെ വിജയത്തില്‍ രംഗ സംവിധായകനായ ഇനിഗോ ജോണ്‍സണും സുപ്രധാനമായ പങ്കുണ്ട്. ജോണ്‍സന്റെ അവസാനകാല നാടകങ്ങള്‍ക്ക് വേണ്ടത്ര ജനശ്രദ്ധ നേടാനായില്ല. ഇവയില്‍ ദി സൈലന്റ് വിമന്‍, ദി ഡെവില്‍ ഈസ് ആന്‍ ആസ്, ദി സ്റ്റേപ്പിള്‍ ഓഫ് ന്യൂസ് എന്നിവ ശ്രദ്ധേയമാണ്. ലണ്ടന്‍ ജീവിതത്തിന്റെ വിവിധ വശങ്ങള്‍ ചിത്രീകരിക്കുന്ന നാടകങ്ങളാണിവ.
ഒരു കവി എന്ന നിലയിലും ശ്രദ്ധേയനായ സാഹിത്യകാരനാണ് ബെന്‍ ജോണ്‍സണ്‍. കവിതകളുടെ സമാഹാരം ദി കംപ്ലീറ്റ് പോയംസ് എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധീകരിക്കുകയുണ്ടായി. ജോണ്‍സന്റെ ഗാനങ്ങള്‍ക്ക് വ്യക്തമായ ശൈലിയും, ആസ്വാദ്യതയുമുണ്ടെങ്കിലും അവയ്ക്കു വികാര തീവ്രതയില്ലെന്നാണ് നിരൂപക പക്ഷം. നിരൂപണ രംഗത്തും ജോണ്‍സണ്‍ വൈദഗ്ധ്യം പ്രകടിപ്പിച്ചു. 1623-ല്‍ പ്രസിദ്ധീകരിച്ച ഷേക്‌സ്പിയര്‍ കൃതികള്‍ക്ക് ജോണ്‍സണ്‍ നല്കിയ വ്യാഖ്യാന കവിതകള്‍ പ്രതേ്യകം ശ്രദ്ധേയമാണ്. ലൗ റിസ്റ്റോര്‍ഡ് (1612), ദി ഐറീഷ് മാസ്‌ക് (1613) എ ചലഞ്ച് അറ്റ് റ്റീല്‍റ്റ് (1614) ദി വിഷന്‍ ഓഫ് ഡിലൈറ്റ് (1617) ക്ലോറിഡിയ (1631) എന്നീ നാടകങ്ങളും ഇദ്ദേഹത്തിന്റെ രചനകളില്‍ ഉള്‍പ്പെടുന്നു. തിയറ്റര്‍ നാടക രചനയിലേക്കു വിഫലമായ ഒരു തിരിച്ചു വരവിനു ശേഷം രചിച്ച അര്‍ച്ചനാ ഗീതം ആണ് ലീവ് ദ ലോത്തഡ് സ്റ്റേജ് (1632). ഇക്കാലത്തു തന്നെ രചിച്ച ഇടയ നാടകമാണ് ദ സാഡ് ഷെപ്പേര്‍ഡ് (1640). അതിന്റെ ഗാനാത്മകത കൊണ്ടു ഷേക്‌സ്പിയര്‍ രചനകളുടെ തൊട്ടടുത്തെത്തി നില്‍ക്കുന്നു. വോള്‍ പോണിയിലും സിന്തിയാസ് റെവല്‍സിലുമൊക്കെ ഈ ഗാനാത്മകത വളരെ പ്രകടമാണ്. കൗലി, ഡ്രൈഡന്‍, തുടങ്ങിയവരെപ്പോലെ ക്ലാസിക് നിരയിലുളള ഒരു നിരൂപകന്‍ കൂടിയാണ് ജോണ്‍സണ്‍. ടിമ്പര്‍: ഓര്‍ ഡിസ്‌കവറീസ് ആണ് ഇദ്ദേഹമെഴുതിയ നിരൂപണം. വില്യം ഗീഫോര്‍ഡ്, കേണല്‍ കണ്ണിങ് ഹാം, ഹെര്‍ ഫോര്‍ഡ് തുടങ്ങിയ പ്രസിദ്ധരാണ് ജോണ്‍സന്റെ കൃതികള്‍ എഡിറ്റു ചെയ്തിട്ടുളളത്. 1637 ആഗസ്റ്റ് 6-ന് ജോണ്‍സണ്‍ ലണ്ടനില്‍ അന്തരിച്ചു.