രോഗിയെ മയക്കാതെ തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്തു

Web Desk
Posted on May 30, 2018, 5:16 pm
ശസ്ത്രക്രിയയിലുടനീളം രോഗി ഉണര്‍ത്തിരിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും ചെയ്തു.
 
കൊച്ചി: ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ രോഗിയെ പൂര്‍ണമായും മയക്കാതെ തലച്ചോറിലെ ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തു. ആദ്യമായാണ് കേരളത്തിലെ വിരലിലെണ്ണാവുന്ന ആശുപത്രികളില്‍ മാത്രം നടന്നു വരുന്ന ഈ ശസ്ത്രക്രിയ ജനറലാശുപത്രിയില്‍ ചെയ്യുന്നത്. ആശുപത്രിയിലെ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. ഡാല്‍വിന്‍ തോമസ്സിന്റെയും അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ബിന്ദു മോള്‍ വി.ആര്‍, ഡോ. സമീര്‍ സിയാദ്ദീന്‍, നഴ്‌സുമാരായ അംബുജം, ശ്യാമള  എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ ജംഹെറിന്റെ തലച്ചോറില്‍ കൈകാലുകളുടെ ചലനശേഷിയെ നിയന്ത്രിക്കുന്ന ഭാഗത്ത ട്യൂമറാണ് നീക്കം ചെയ്തത്. 
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ലോക്കല്‍ അനസ്‌തേഷ്യയും നിയന്ത്രിത സെഡേഷനും നല്‍കിയാണ് നിര്‍വഹിച്ചത്. ശസ്ത്രക്രിയയിലുടനീളം രോഗി ഉണര്‍ന്നിരിക്കുകയും ഡോക്ടര്‍മാരുമായി സംസാരിക്കുകയും നിര്‍ദ്ദേശാനുസരണം കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന രോഗി ഇപ്പോള്‍ നടന്നു തുടങ്ങി. 
കോട്ടയം മെഡിക്കല്‍ കോളേജാണ് കേരളത്തില്‍ ഇതിനു മുന്‍പ് ഇത്തരമൊരു ശസ്ത്രക്രിയ നടത്തിയ സര്‍ക്കാര്‍ ആശുപത്രി. സ്വകാര്യ ആശുപത്രികളില്‍ ലക്ഷങ്ങള്‍ ചിലവു വരുന്ന ഈ ശസ്ത്രക്രിയ കാരുണ്യ ചികിത്സാസഹായ പദ്ധതിയിലൂടെ പൂര്‍ണമായും സൗജന്യമായാണ് നിര്‍വ്വഹിച്ചത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ന്യൂറോ സര്‍ജനായിരുന്ന ഡോ. ഡാല്‍വിന്‍ തോമസ്സ് 2 മാസം മുന്‍പാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേന ജനറല്‍ ആശുപത്രിയില്‍ നിയമിതനായത്.