Thursday
21 Mar 2019

രാരിച്ചന്റെ ബുദ്ധി

By: Web Desk | Sunday 10 March 2019 8:03 PM IST


സന്തോഷ് പ്രിയന്‍

ധനികനെങ്കിലും അറുപിശുക്കനായ രാമണ്ണയുടെ വീട്ടുജോലിക്കാരനാണ് രാരിച്ചന്‍. മാസം കൃത്യമായി ശമ്പളം പോലും രാമണ്ണ രാരിച്ചന് കൊടുക്കില്ല. മാത്രമോ, രാരിച്ചനെ എല്ലുമുറിയെ പണിയെടുപ്പിക്കുകയും ചെയ്യും. മറ്റ് ജോലിയൊന്നും ആ ഗ്രാമത്തില്‍ കിട്ടാത്തതിനാല്‍ രാമണ്ണയുടെ ആട്ടുംതുപ്പും കേട്ട് രാരിച്ചന്‍ എല്ലാം സഹിച്ച് അയാളുടെ വേലക്കാരനായി നില്‍ക്കുകയായിരുന്നു.
അങ്ങനെ രാമണ്ണയുടെ മകള്‍ പവിഴത്തിന്റെ വിവാഹമെത്തി. വിവാഹത്തിന്റെ ഭാഗമായി വീട്ടില്‍ തകൃതിയായി പണി നടക്കുകയാണ്. പെയിന്റിംഗ്, മുറ്റവും പറമ്പും വൃത്തിയാക്കല്‍ അങ്ങനെ നൂറുകൂട്ടം കാര്യങ്ങള്‍. കല്യാണത്തിന് പവിഴത്തിന് അണിയാന്‍ പെട്ടി നിറച്ചും സ്വര്‍ണവും രാമണ്ണ വാങ്ങിവച്ചു. ഒരു ദിവസം രാമണ്ണയും ഭാര്യയും മകളും വിവാഹ വസ്ത്രങ്ങള്‍ വാങ്ങാന്‍ അകലെ പട്ടണത്തിലേക്ക് പോയി. പോകാന്‍ നേരം രാമണ്ണ രാരിച്ചനെ അടുത്തു വിളിച്ചു പറഞ്ഞു.
‘എടാ, വീട്ടില്‍തന്നെയുണ്ടാകണം. ഞങ്ങള്‍ വരുന്നതുവരെ എങ്ങും പോകരുത്. പട്ടണത്തിലുള്ള മകന്റെ വീട്ടില്‍ തങ്ങിയിട്ട് നാളെ എത്തും.’
രാരിച്ചന്‍ തലകുലുക്കി സമ്മതിച്ചു. എന്നാല്‍ അന്നു രാത്രി രണ്ടു കള്ളന്മാര്‍ രാമണ്ണയുടെ വീട്ടിലെത്തി. അവര്‍ രാരിച്ചനെ പിടിച്ചുകെട്ടിയിട്ടു പറഞ്ഞു.
‘മിണ്ടിപ്പോയാല്‍ കൊന്നുകളയും.’ എന്നിട്ട് അവര്‍ അലമാര തുറന്ന് ആഭരണങ്ങള്‍ മുഴുവന്‍ ചാക്കിലാക്കി. അപ്പോള്‍ രാരിച്ചന്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
‘അയ്യോ, ആഭരണങ്ങള്‍ കൊണ്ടുപോകരുതേ, വേണമെങ്കില്‍ മറ്റേ അലമാരയിലെ പണം എടുത്തോ.’
‘ങേ, അപ്പോള്‍ പണവും വേറെയുണ്ട്. അല്ലേ, ഉം, നമുക്ക് അതും എടുക്കാം. കള്ളന്മാര്‍ക്ക് സന്തോഷമായി.
‘എടാ ദുഷ്ടന്മാരെ, ആഭരണം എടുക്കാതിരിക്കാനാ പണം തന്നത്. എന്നിട്ട്….’
‘ഹ…ഹ….ഹ… വളരെ നന്ദി രാരിച്ചാ, പണവും കിട്ടി സ്വര്‍ണവും കിട്ടി. ഹി…ഹി…ഹി….’
അപ്പോള്‍ കള്ളന്‍ പറഞ്ഞു. ‘പോടാ മണ്ടാ, ഞങ്ങള്‍ക്ക് പണവും വേണം സ്വര്‍ണവും വേണം.’
കള്ളന്മാര്‍ പോകാന്‍ തുടങ്ങി. അപ്പോള്‍ രാരിച്ചന്‍ ഓര്‍ത്തു.
ഹും. ചതിയന്മാര്‍, ഇവരെ അങ്ങനെ വിടാന്‍ പറ്റില്ല. രാരിച്ചന് ഒരു ബുദ്ധി തോന്നി. അവന്‍ പറഞ്ഞു
അതു കൊണ്ടുപോയാല്‍ രാമണ്ണയുടെ ഏറ്റവും വലിയ പണപ്പെട്ടി ഞാന്‍ കാണിച്ചുതരില്ല.’
‘ങേ ഇനിയുമുണ്ടോ.’
‘ഉണ്ട്, ഞാന്‍ കാണിച്ചുതരാം. എന്നെ അഴിച്ചുവിടൂ.’
‘ഉം, ശരി ശരി….പണപ്പെട്ടി കാണിച്ചുതാ’
രാരിച്ചനെ അവര്‍ അഴിച്ചു സ്വതന്ത്രനാക്കി. രാരിച്ചന്‍ നേരേ നിലവറയിലേക്ക് അവരെ കൊണ്ടുപോയി.
‘ദാ, ആ കാണുന്ന പെട്ടി മുഴുവന്‍ സ്വര്‍ണമാ.’ അതുകേട്ട് കള്ളനമാര്‍ അകത്തേക്ക് കയറിയപ്പോള്‍ രാരിച്ചന്‍ പുറത്തുനിന്ന് നിലവറ പൂട്ടി. അപ്പോഴേക്കും നേരം വെളുത്തിരുന്നു. രാമണ്ണയും കുടുംബവും എത്തുകയും ചെയ്തു. എല്ലാം അറിഞ്ഞപ്പോള്‍ രാമണ്ണ രാരിച്ചനെ അഭിനന്ദിച്ചു. രാമണ്ണ പോലീസിനെ വരുത്തി കള്ളന്മാരെ പിടിപ്പിക്കുകയും ചെയ്തു. അങ്ങനെ അന്നുമുതല്‍ രാരിച്ചന്‍ രാമണ്ണയുടെ വിശ്വസ്തനാവുകയും ശമ്പളം കൂട്ടി കൊടുക്കുകയും ചെയ്തു.