Janayugom Online
വള്ളംകളിയുടെ ദൃശ്യം

റാസല്‍ഖൈമ ജലമേള: ചമ്പക്കുളം ചുണ്ടന് കിരീടം

Web Desk
Posted on September 14, 2019, 10:40 pm

കെ രംഗനാഥ്

റാസല്‍ഖൈമ: കേരളത്തിന്റെ തനിമയാര്‍ന്ന വള്ളംകളി യുഎഇയിലെ റാസല്‍ഖൈമയില്‍ പുനഃസൃഷ്ടിക്കപ്പെട്ടപ്പോള്‍ ആദ്യ നെഹ്രുട്രോഫി റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്റെ ചമ്പക്കുളം ചുണ്ടന്. ഓണാഘോഷത്തിന്റെ ഭാഗമായി ഇവിടെ അല്‍ഖാസിമി കടലോരത്തു നടന്ന ജലോത്സവം കേരളത്തിന്റെ തനതുപാരമ്പര്യ കലാരൂപങ്ങളുടെ അവതരണപ്പൊലിമകൊണ്ടും ഒരടയാളമായപ്പോള്‍ വള്ളംകളി കാണാന്‍ അടുത്ത രാജ്യങ്ങളില്‍ നിന്നുപോലും ആയിരക്കണക്കിന് കാണികളെത്തി.

മലയാളി പ്രവാസികള്‍ ഒരുത്സവമേള തന്നെയാക്കി മാറ്റിയ പ്രഥമ നെഹ്രു ട്രോഫി വള്ളംകളിയില്‍ റാസല്‍ഖൈമ വൈഎംസിയുടെ കാരിച്ചല്‍ ചുണ്ടന്‍ രണ്ടാം സ്ഥാനവും വലിയ ദിവാന്‍ജി മൂന്നാം സ്ഥാനവും നേടി. റാസല്‍ഖൈമ യുവകലാസാഹിതി തുഴഞ്ഞ കാവാലം, കേരളസമാജത്തിന്റെ നടുഭാഗം, നന്‍മയുടെ പായിപ്പാട്, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കരുവാറ്റ, ചേതനയുടെ ചെറുതന എന്നീ ചുണ്ടന്‍മാര്‍ ജേതാക്കളുമായി വീറോടെ പൊരുതിയപ്പോള്‍ കരകളിലും ആവേശത്തിരയിളക്കം. കോര്‍ണിഷ് ഫഌഗ് പോസ്റ്റു മുതല്‍ മറൈന്‍ ക്ലബ് മേഖല വരെയായിരുന്നു കാണികള്‍ അണിനിരന്നത്. വിദേശവിഭാഗത്തില്‍ സ്വദേശികളാണ് വള്ളം തുഴഞ്ഞത്. ഈ വിഭാഗത്തില്‍ ടൈറ്റാന്‍ വണ്‍ ജേതാവായി.

റാസല്‍ഖൈമ അബ്ദുല്‍ നാസര്‍ മുറാദായിരുന്നു ജലമേള ഉദ്ഘാടനം ചെയ്തത്. ക്ലബ് എക്‌സിക്യൂട്ടീവ് മാനേജര്‍ ആരിഫ് ഇബ്രാഹിം അല്‍ ഹറാന്‍കി, റാസല്‍ഖൈമ എന്‍എംസി റോയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. കെ എം മാത്യു, റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ് എ സലിം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. വള്ളംകളിയുടെ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് കാട്ടില്‍, സോഹന്റോയ്, കെ അസൈനാര്‍, ബി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.