സുരേഷ് നാരായണൻ

June 22, 2021, 2:46 pm

റാസിയും റൂമിയും

Janayugom Online

അങ്ങനെയിരിക്കേ,
ഒരു വൃദ്ധൻ റാസിയുടെ* കടയിലെത്തി.

മുമ്പവിടെയെങ്ങും കണ്ടിട്ടില്ലാത്ത ഒരാൾ!

‘എന്തുവേണം?’
ഒട്ടും മയമില്ലാതെയവൻ ചോദിച്ചു.

“മഴവെള്ളം ”
വൃദ്ധന്റെ ഉത്തരം.

എന്തോ പറയാൻ
തികട്ടി വന്നതും
തൊണ്ടയിലാരോ
കുത്തിപ്പിടിച്ചതു പോലെ
റാസിക്കു തോന്നി.

ഒന്നു ചുമച്ച്,
വേദനയെ കുടഞ്ഞു കളഞ്ഞ്
അവനാ കിഴവനെ അകത്തേക്കു ക്ഷണിച്ചു.

തുടർന്ന്,
‘ങ്ങക്ക് മഴവെള്ളം അല്ലേ വേണ്ടത്?
ഇപ്പോ തരാ!’
എന്നു പറഞ്ഞ്
‘ഫലാസ്’^ വായിച്ചു തുടങ്ങി.

മാതളക്കൂനയിൽ# തട്ടി
ഒരു കാറ്റപ്പോൾ
കിഴവൻറെ മടിയിലേക്കു വീണു.

റാസിയുടെ തലയിൽ
ഒലിവിലകൾ കൊണ്ടൊരു കിരീടം!

‘കൂട്ടുകാരി നസീഹ’
എന്ന വരിയിലെത്തിയപ്പോഴേക്കും
വൃദ്ധൻ ചാടിയെഴുന്നേറ്റ്
റാസിയുടെ വായപൊത്തി.

വിറയ്ക്കുന്ന ശബ്ദത്തിൽ
അയാൾ പറഞ്ഞു:

“മകനേ, മതി!
നിൻറെ കിരീടം
വാടിപ്പോകാതിരിക്കട്ടെ.
നിൻറെ കവിതക്ക്
എൻറെ പുല്ലാങ്കുഴലിൽ കൂടി കടന്നുപോകാനുള്ള വഴിയൊരുക്കിയാലും!”

(*റാസി പ്രിയസുഹൃത്താണ്. അവനും റൂമിയുമായുള്ള ഒരു സാങ്കല്പിക മുഖാമുഖം ആണ് ഈ കവിത.

^ഫലാസ് റാസി എഴുതിയ ഏറ്റവും പുതിയ കവിതയാണ് . പാലസ്തീനിനെപ്പറ്റി.

#പഴക്കച്ചവടക്കാരനാണ് റാസി. അതാണ് ഇങ്ങനെ ഒരു പ്രയോഗം.)