Web Desk

വയനാട്

July 15, 2021, 5:48 pm

വയനാട്ടില്‍ എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദ്ദേശം

Janayugom Online

വയനാട് ജില്ലയില്‍ എലിപ്പനി രോഗം സ്ഥിരീകരിച്ചു. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക അറിയിച്ചു. മഴക്കാലത്ത് രോഗം കൂടാന്‍ സാധ്യതയുള്ളതിനാല്‍ കാര്‍ഷിക മേഖലയിലുള്ളവര്‍ , തൊഴിലുറപ്പിലേര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ ശ്രദ്ധിക്കണം. ഇവരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടണം. കൃഷിയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഷൂ. ഗ്ലൗസ് എന്നിവ ധരിക്കേണ്ടതുണ്ട്. എലിപ്പനി രോഗം പിന്നീട് മഞ്ഞപ്പിത്ത രോഗമായി തെറ്റിധരിച്ച് ആരും ചികിത്സ തേടാതിരിക്കരുത്. 

ഇത് മരണത്തിന് വരെ കാരണമായേക്കാം. മലിനജലവുമായിട്ടുള്ള സമ്പര്‍ക്കം, ശരീരത്തിലെ ചെറുമുറിവ്, കണ്ണ്, മൂക്ക്, വായ എന്നിവയിലെ മൃദുല ചര്‍മ്മത്തിലൂടെയുമാണ് എലിപ്പനിയുടെ അണുക്കള്‍ മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. എലി മൂത്രത്തില്‍ നിന്നുമാണ് എലിപ്പനി മനുഷ്യരിലേക്ക് പകരുന്നതെങ്കിലും വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജ്ജനത്തിലൂടെയും അസുഖം പകരാം. ഇവയുടെ രോഗലക്ഷണങ്ങള്‍ പനി, തലവേദന, കണ്ണിന് ചുവപ്പ് നിറം, ശരീരവേദന, ശക്തമായ പേശീവേദന, വിറയല്‍ തുടങ്ങിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. അതേസമയം എലിപ്പനി ഒരു ബാക്ടീരിയ രോഗമായതിനാല്‍ തക്കസമയത്തുള്ള ചികിത്സകൊണ്ട് രോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താന്‍ കഴിയുമെന്ന് ഡി.എം.ഒ അറിയിച്ചു. 

ENGLISH SUMMARY:rat fever con­firmed in Wayanad; Caution
you may also like this video