Monday
18 Feb 2019

രാത്രിയാണിത്

By: Web Desk | Sunday 27 January 2019 10:36 AM IST

രാജുകൃഷ്ണന്‍

രാത്രിയാണിത്, ഏതോ രാത്രി
കലികാലസൂരികള്‍ വിശ്വമണ്ഡലംവിളങ്ങുന്ന രാത്രി.
കടല്‍ കര പുഴ വിണ്ടലമൊന്നില്ലാതെയെല്ലാം
വിഷം തീണ്ടി, ഇരുള്‍പാമ്പുകളിഴയുന്ന രാത്രി.
പുറമെ പെരുമഴക്കാലമാണെന്നാലുള്ളില്‍ നനവില്ല പതമില്ല പച്ചപ്പില്ല.
തേന്‍പുഴകള്‍ വറ്റി, കാഞ്ചനസ്‌നേഹഹൃദന്തം
ഉണങ്ങിവരണ്ടു, ദിഗന്തങ്ങള്‍
പൊട്ടുമാറുച്ചത്തില്‍ ഇടിമുഴങ്ങി,
കണ്‍തിരിയാടിയാടിക്കുഴഞ്ഞു.
ഇല്ല,യില്ലയീമണ്‍ചിരാതില്‍ ഇനി ഒരു തീപ്പൊന്‍വെളിച്ചം
ഇന്നലെക്കണ്ടകിനാവിലലിഞ്ഞലിഞ്ഞ്
ഇല്ലാതെയായവയെല്ലാം.
കോള്‍മയിര്‍ കൊണ്ടട്ടഹാസപ്പെരുചിരി
തെരുവില്‍ പരസ്പരം വെട്ടിവീഴ്ത്തുന്നു,
പൊട്ടിയകലുന്നു, മൃതപ്രാണനില്‍
മുത്തമിട്ടണയുന്നു സ്‌നേഹപ്പൂപ്പുഞ്ചിരി.
രക്തത്തെത്തിരിച്ചറിയുവാനാകാതെ
സ്വന്തംമക്കളെ ഭോഗിച്ചു കൊന്നുതള്ളുന്നു.
കടല്‍ത്തിരകേളികൊട്ടി കരയിലേക്കാഞ്ഞടിക്കുന്നു
കരള്‍തകര്‍ന്നാമുഗ്ദമലരുകള്‍ കടപുഴകുന്നു.
എന്‍ പൂര്‍വ്വികര്‍ സ്‌നേഹത്തോടെ
തലമുറകൈമാറി പകര്‍ന്നേകിയകൈത്തിരി,
പൈതൃകമുതലെല്ലാം ചവിട്ടിക്കുഴച്ച്,
അതിന്‍മേലല്ലോ താണ്ഡവനൃത്തമാടുന്നു
തസ്‌ക്കരര്‍, മാറിമാറി ഊഴമെണ്ണുന്നു.
ചേലിലെല്ലാമൊടുങ്ങിടുമീക്കാറ്റില്‍
ഞാനും മറഞ്ഞുമാഞ്ഞിടുമെങ്കിലും
എന്‍ കരള്‍ കനല്‍ച്ചീളുകള്‍കടഞ്ഞെടുത്തതാണീ
കടുംനിറങ്ങളെ, പൂവിതള്‍ത്തുമ്പിയെ,
ഈമലര്‍വാടിതന്‍ സൗഗന്ധികങ്ങളെ.
ഈകാറ്റും ഈകുളിരുമീസ്‌നേഹസഞ്ചലനങ്ങളു-
മല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ലബാക്കി.
എന്തുഞാനേകിടുമിനിയെന്‍ പിന്‍തലമുറയ്ക്ക്
അയ്യോ, കഷ്ടം ! വിണ്ടലംവിണ്ടു
ഞാന്‍ പോയിടട്ടെ, എങ്കിലുംസങ്കടമില്ല
എന്നാലിത് കണ്ടുകണ്ടിരുപ്പതിനാവതില്ല.
നിര്‍ത്തൂ നരാധമാ, ഇരുകാലിമൃഗമേ,
നിന്‍ വികസനപരിപ്രേഷ്യം, മാറ്റിനല്കൂ
പൂവിനുംപുള്ളിനും നറുജീവജാലങ്ങള്‍ക്കൊക്കെയും
ഈ ഭൂവിലൊരു നല്ല നാളെ
രാത്രിയാണിത്, ഏതോ രാത്രി…….