മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി മുന്‍ഗണന വിഭാഗത്തില്‍ പെട്ട കാര്‍ഡുകള്‍ കൈവശം വെച്ചിട്ടുള്ള ഉടമകള്‍ സൂക്ഷിക്കുക. പിടിക്കപ്പെട്ടാല്‍ അരലക്ഷം രൂപ പിഴയും ആറുമാസം തടവും അനുഭവിക്കേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാന ഭക്ഷ്യ വിതരണ വകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്കി കഴിഞ്ഞു. നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ താലൂക്ക് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പ്രത്യേകം സ്ക്വാഡുകള്‍ രൂപവല്‍ക്കരിച്ച് വീടുകള്‍ കയറിയിറങ്ങിയുള്ള പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ആയിരം ചതുരശ്ര അടിയിലധികമുള്ള വീടുകള്‍, നാലുചക്ര വാഹനം, സര്‍ക്കാര്‍ ജോലി, ഒരേക്കറിലധികം ഭൂമി എന്നിവയാണ് റെയ്ഡുകളില് പരിശോധിക്കുന്നത്. കണ്ടെത്തുന്ന പക്ഷം കാര്‍ഡ് ഉടമകള്‍ നാളിതുവരെ കാര്‍ഡ് ഉപയോഗിച്ച് റേഷന്‍ കടകളില്‍ നിന്നും വാങ്ങിയ ഭക്ഷ്യധാന്യങ്ങള്‍ക്ക് വില ഈടാക്കും. ഒരു കിലോ അരിക്ക് 40 രൂപ, ഗോതമ്പിന് 29 രൂപ പ്രകാരമാണ് ഈടാക്കുന്നത്. ഇക്കഴിഞ്ഞ ദിവസം ഏറനാട് താലൂക്കിലെ പുല്‍പ്പറ്റ പഞ്ചായത്തില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ 16 പേരാണ് കുടുങ്ങിയത്. ഷാപ്പിന്‍കുന്ന്, ചേനപ്പറമ്പ് എന്നിവിടങ്ങളിലെ 54 വീടുകളില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് അന്ത്യോദയ അന്നയോജന കാര്‍ഡുകളും അഞ്ച് ബിപിഎല്‍ കാര്‍ഡുകളും എട്ട് സബ്സിഡി കാര്‍ഡുകളുമാണ് പിടികൂടിയത്. റെയ്ഡും ശിക്ഷയും ആരംഭിച്ചതോടെ അനധികൃതമായി മുന്‍ഗണനാകാര്‍ഡ് കൈവശം വെച്ചവര്‍ കാര്‍ഡ് മാറ്റിയെടുക്കാനായി നെട്ടോട്ടം തുടങ്ങി. രണ്ടായിരത്തോളം അപേക്ഷകള്‍ ഏറനാട് താലൂക്ക് സപ്ലൈ ഓഫീസില്‍ മാത്രം എത്തിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.