തൊട്ടതെല്ലാം പൊന്ന് : ആറ് കോടി ബമ്പറിന് പിറകെ പുരയിടത്തിൽ നിധിയുമായി രത്നാകരൻ പിള്ള

Web Desk
Posted on December 04, 2019, 9:04 am

കിളിമാനൂർ: തൊട്ടതെല്ലാം പൊന്ന്… ഈ പഴഞ്ചൊല്ല് രത്നാകരൻ പിള്ളയുടെ കാര്യത്തിൽ സത്യമായിരിക്കുകയാണ്. ആറുകോടിയുടെ ബമ്പർ ലോട്ടറി അടിച്ച രത്നാകരൻ പിള്ള സ്വന്തമായി സ്ഥലം വാങ്ങി കുഴിച്ചപ്പോൾ ലഭിച്ചത് 2600 പുരാതന നാണയങ്ങളുടെ നിധി. കീഴ്പേരൂർ തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു കിഴക്കു ഭാഗത്തെ പുരയിടത്തിൽ നിന്നാണു രാജഭരണ കാലത്തെ നാണയങ്ങളുടെ ശേഖരം കണ്ടെത്തിയത് 20 കിലോയുണ്ട് നാണയശേഖരം.

ചില നാണയങ്ങളിൽ ചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമവർമ മഹാരാജ ഓഫ് ട്രാവൻകൂർ എന്ന് ഇംഗ്ലിഷിൽ രേഖപ്പെടുത്തലുമുണ്ട്. കീഴ്പേരൂർ രാജേഷ് ഭവനിൽ മുൻ പഞ്ചായത്ത് അംഗം ബി.രത്നാകരൻ പിള്ളയുടെ പുരയിടത്തിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഒന്നര വർഷം മുൻപ് രത്നാകരൻ പിള്ള വിലയ്ക്കു വാങ്ങിയ 27 സെന്റ് വസ്തുവിൽ കൃഷി ചെയ്യുന്നതിനായി 2 പേർ കിളച്ചു കൊണ്ടിരിക്കെയാണു കുടം കണ്ടെത്തിയത്.

you may also like this video


പുരാവസ്തു വകുപ്പു സ്ഥലത്ത് എത്തി കൂടുതൽ പരിശോധനയ്ക്കായി നാണയശേഖരം ഏറ്റുവാങ്ങി. ലാബിൽ പരിശോധന നടത്തിയാൽ മാത്രമേ നാണയത്തിന്റെ പഴക്കം അറിയാൻ കഴിയൂ. തിരുപാൽക്കടൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും കവടിയാർ കൊട്ടാരവുമായി ബന്ധമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. സ്ഥലത്ത് ഇത്തരം നിധി ശേഖരങ്ങൾ ഇനിയും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പുരാവസ്തു വകുപ്പ് കൂടുതൽ പരിശോധനകൾ ഉടൻ നടത്തും