എലികൾ തിന്നുതീർത്തത് കർഷകൻ വിളവെടുത്ത് നേടിയ അരലക്ഷം രൂപ !

Web Desk
Posted on October 23, 2019, 11:21 am

ചെന്നൈ: കർഷകൻ തൻറെ കുടിലിൽ സൂക്ഷിച്ചുവെച്ച 50000 രൂപ എലി കരണ്ടു. തമിഴ്നാട്ടിലാണ് കർഷകന് എലി പണികൊടുത്തത്. കോയമ്പത്തൂർ വെള്ളിയങ്ങാട് സ്വദേശി രംഗരാജിനാണ് എലികൾ കാരണം ഭീമമായ നഷ്ടമുണ്ടായിരിക്കുന്നത്. തൻറെ കുടിലിനുള്ളിലെ ബാഗിലാണ് കൃഷിചെയ്തുണ്ടാക്കിയ പണം രംഗരാജൻ സൂക്ഷിച്ചുവെച്ചിരുന്നത്.

വാഴകൃഷിയാണ് 56 കാരനായ രംഗരാജിന്. സ്വരുക്കൂട്ടി വെച്ച പണം പ്രാദേശിക ബാങ്കിൽ മാറാനെത്തിയെങ്കിലും ബാങ്ക് അധികൃതർ നശിച്ചതിനെത്തുടർന്ന് സ്വീകരിച്ചില്ല. വാഴക്കുല വിളപ്പെടുപ്പിൽ നിന്ന് ലഭിച്ച പണമാണിത്. കിട്ടിയ പണം തുണി സഞ്ചിയിലാണ് സൂക്ഷിച്ചുവെച്ചിരുന്നത്. 2000ത്തിൻറെയും അഞ്ഞൂറിൻറെയും നോട്ടുകളായിരുന്നു ഇവ. രണ്ട് ദിവസത്തിന് ശേഷമാണ് ബാഗ് തുറന്നുനോക്കിയതെന്നും രംഗരാജ് പറഞ്ഞു. കേടായ കറൺസി നോട്ടുകൾ മാറ്റിവാങ്ങാമെന്ന് ആര്‍ബിഐ അറിയിച്ചു.

കഴിഞ്ഞ വർഷവും എലികൾ ഇത്തരത്തിൽ നോട്ടുകൾ നശിപ്പിച്ചിരുന്നു. എടിഎം മെഷിനിൽ കിടന്ന ഏകദേശം 12 ലക്ഷം രൂപയാണ് എലി നശിപ്പിച്ചത്.