May 27, 2023 Saturday

രാവണ റിപ്പബ്ലിക്കില്‍ എല്ലാം ഭദ്രം!

Janayugom Webdesk
December 15, 2019 10:44 pm

devika

കുറുക്കന്റെ ആത്മഗതം സുപ്രസിദ്ധമാണ്. നാടെല്ലാം തന്റേത്. പക്ഷേ നട്ടുച്ചയ്ക്ക് നടുറോഡില്‍ ഒന്നിറങ്ങാന്‍ മേല എന്നാണ് ഊളന്റെ ആത്മനൊമ്പരം! നോട്ടത്തിലും ശരീരഭാഷയിലും ലക്ഷണമൊത്ത കുറുക്കന്റെ സാദൃശ്യമുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റിലും പുറത്തും ഓരിയിടുമ്പോഴും കാട്ടിലെ കുറുക്കന്റെ മൂത്ത സഹോദരനെപ്പോലെ. മുസ്ലീങ്ങളെ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കുന്ന പൗരത്വഭേദഗതിബില്‍ പാ­ര്‍­ലമെന്റില്‍ പാസാക്കിയശേഷം രാക്ഷസഷാ പി­­ന്നെയും വിജയാഹ്ലാദത്തോടെ ഓരിയിട്ടു. മു­സ്ലിം മുക്തഭാരതത്തില്‍ ഇനി അടിച്ചുപൊളിച്ചു വിരാജിക്കാമെന്ന മോഹത്തോടെ. പക്ഷേ, ഷായുടെ കിരാതനിയമത്തില്‍ ഭാരതഭൂമി കത്തിക്കാളുന്ന കാര്യം മാത്രം ഷാ അറിഞ്ഞില്ല. മതേതര ശക്തികളുടെ കൂട്ടായ്മയില്‍ രാജ്യമാകെ ഒരു തീക്കുണ്ഡമായപ്പോഴാണ് സംഗതി പന്തിയല്ലെന്ന് ഷായ്ക്ക് ബോധ്യമായത്.

പൗരത്വബില്‍ പാസാക്കിയ ഗമയില്‍ അസമില്‍ ഒന്നു ഉലാത്തിക്കളയാം എന്നു കരുതി വിമാനം കയറുംമുമ്പ് രഹസ്യാന്വേഷകര്‍ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയുടെ കാതില്‍ മന്ത്രിച്ചു; ‘അസമിലെങ്ങാനും ചെന്നാ­ല്‍ ജനം ഷായുടെ കുറുമുട്ട് തല്ലിയൊടിക്കുമെന്ന്.’ പുറപ്പെടാനിറങ്ങിയതിന്റെ പ­ത്തി­ര­ട്ടി വേഗതയില്‍ ഷാ തന്റെ ആഭ്യന്തരമന്ത്രി കസേരയില്‍ അമര്‍ന്നു. അസമില്‍ മോഡിമഹാനും ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബേയും തമ്മിലുള്ള ഉച്ചകോടി റദ്ദാക്കി. സന്തോഷ് ട്രോഫി ഫുട്ബോളിന്റെ ഫൈനല്‍ പോലും. ഇന്ത്യയുമായി ആകെ സൗഹൃദത്തിലായിരുന്ന ബംഗ്ലാദേശുപോലും ഇടഞ്ഞ് ശത്രുപാളയത്തിലായി. വി­മാനത്താവളങ്ങള്‍ അടച്ചു, വ്യോമഗതാഗതവും ട്രെയിന്‍-ബസ് ഗതാഗതവും സ്തംഭിച്ചു.

അസമിലെ പ്രക്ഷോഭം കാട്ടുതീപോലെ ത്രിപുരയിലും മേഘാലയയിലും നാഗാലാന്‍ഡിലും പശ്ചിമബംഗാളിലും മോഡിയുടെ തട്ടകമായ യുപിയിലുമടക്കം നാടെങ്ങും പടര്‍ന്നുപിടിച്ചു. മോഡിയുടെയും ഷായുടെയും മൂക്കിനുതാഴെയുള്ള ഡല്‍ഹി മെട്രോ സ്റ്റേഷന്‍ വരെ കലാപത്തിനിടെ അടച്ചിട്ടു. ജാമിയമില്ലിയ, അലിഗഡ്, ജെഎന്‍യു സര്‍വകലാശാലകള്‍ വിദ്യാര്‍ഥി പ്രക്ഷോഭം മൂലം താഴിട്ടുപൂട്ടി. കേന്ദ്ര സര്‍ക്കാരിന്റെ വാഹനങ്ങളും റെയില്‍വേസ്റ്റേഷനുകളും തീവണ്ടികളും കത്തിച്ചു ചാമ്പലാക്കിയ ജനസഹസ്രങ്ങളുടെ രൗദ്രഭാവം മോഡിയും ഷായും ആദ്യമായി തൊട്ടറിഞ്ഞു. സര്‍വാദൃതമായ ഇന്ത്യന്‍ സംസ്കാരത്തെ തൊട്ടുകളിക്കേണ്ടെന്ന ഉഗ്രമായ താക്കീത്. എന്നിട്ടും അമിത്ഷാ പറയുന്നു, ഇവിടെ എല്ലാം ഭദ്രമെന്ന്.

ഇതുകേട്ട് ഷാ തൊലിക്കട്ടിയില്‍ തങ്ങളെ തോല്‍പിച്ചു കളഞ്ഞെന്ന് അലമുറയിടുന്ന അസമില്‍ കാസിരംഗ വനത്തിലെ കാണ്ടാമൃഗങ്ങള്‍! എങ്കിലും ഇന്ത്യയില്‍ ബലാല്‍സംഗക്കൊലകളുടെ വ്യവസായം പൂര്‍വാധികം ഭംഗിയാക്കുന്നതില്‍ മോഡി-ഷാ അച്ചുതണ്ട് വന്‍വിജയക്കുതിപ്പ് നടത്തിയിരിക്കുന്നു. മോഡിയുടെ കൂലിത്തല്ലുകാരനായ യുപി മുഖ്യമന്ത്രി ആദിത്യനാഥ് എന്ന പൂച്ചസന്യാസിയുടെ നേതൃത്വത്തില്‍ യുപിയിലെ ഉന്നാവോ ബലാല്‍സംഗക്കൊലകളുടെ ലോകതലസ്ഥാനമാക്കിത്തന്ന ബിജെപിക്ക് ആയിരമായിരം അഭിവാദ്യങ്ങള്‍! ഇന്ത്യയില്‍ ഒരു മണിക്കൂറിനുള്ളില്‍ ഏഴു ബലാല്‍സംഗങ്ങള്‍ നടക്കുന്നുവെന്നാണ് കണക്ക്.

ഇവയില്‍ രണ്ടെണ്ണമെങ്കിലും കൂട്ടബലാല്‍സംഗങ്ങളും കാര്യം കഴിഞ്ഞശേഷം കത്തിച്ചു കൊല്ലലും. ബിജെപിയുടെ യുപിയിലെ എംഎല്‍എയും ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതിയുമായ കുല്‍ദീപ് സെന്‍ഗാറിന് ഭാരതരത്നം നല്‍കാന്‍ ശുപര്‍ശ ചെയ്യുമെന്ന ശ്രുതിയും കേള്‍ക്കുന്നു. ‘ബേഠി പഠാവോ, ബേഠി ബച്ചാവോ’ (പെണ്ണിനെ പഠിപ്പിക്കുക, പെണ്ണിനെ രക്ഷിക്കുക) എന്ന മോഡിയല്‍ അലമുറ സാധിതപ്രായമാക്കിയില്ലെന്ന് ആര്‍ക്കെങ്കിലും പറയാനാകുമോ? ആനന്ദലബ്ധിക്കിനി എന്തുവേണം! പ്രതിസന്ധികളിലൂടെ വളര്‍ന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ എഴുപതുവര്‍ഷത്തിനിടെ തകര്‍ത്ത് ചിതാഭസ്മം ഗംഗയിലൊഴുക്കിയ മോഡിയെ സാമ്പത്തിക ശാസ്ത്രത്തിനുള്ള അടുത്ത നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശ ചെയ്താല്‍ എല്ലാം ശുഭം.

കേന്ദ്രം സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായിയുടെയും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും ആരോപണങ്ങള്‍ അങ്ങനെയങ്ങു ശരിവയ്ക്കാമോ! ഇന്ത്യയില്‍ കാക്കത്തൊള്ളായിരം പോക്സോ കോടതികള്‍ തുടങ്ങാനാണ് മോഡിയുടെ തീരുമാനം. അതില്‍ 29 എണ്ണം കേരളത്തിനും നല്‍കുമ്പോള്‍ നമ്മെ കേന്ദ്രം അവഗണിച്ചുവെന്നു പറയാമോ? പാല്‍മണം മാറാത്ത പൈതലുകള്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു കുഞ്ഞുങ്ങളെയാണ് ഓ­രോ വര്‍ഷവും ബലാല്‍സംഗം ചെയ്തുകൊന്നു ത­ള്ളുന്നത്. ശിശുരതിയും അരുംകൊലയും ബിജെപി ഭരണത്തിന്‍ കീഴില്‍ നിമിഷംതോറുമുള്ള സംഗതികളാവുമ്പോള്‍ ഇന്ത്യ വളര്‍ന്നുവളര്‍ന്നു അതിന്റെ ഖ്യാതി ഏഴാം കടലുകള്‍ക്കുമപ്പുറം ഭൂഖണ്ഡാന്തര മിസൈലുകള്‍ പോലെ പായുന്നു.

ഇക്കാര്യം മോഡിയും അമിത്ഷായും ഇന്ത്യന്‍ വളര്‍ച്ചയുടെ നാഴികക്കല്ലുകളാണെന്ന് സമ്മതിക്കുന്നതിന് തു­ല്യ­മാണല്ലോ ഈ കോടതികളുടെ പങ്കുവയ്പ്! ശിശുബലാല്‍സംഗങ്ങളും കൊലകളും എത്രത്തോളം വര്‍ധിക്കുന്നുവോ അതാണ് രാജ്യത്തിന്റെ വികസനസൂചികയെന്നു പറയുന്ന മോഡി-ഷാമാരുടെ പുതിയ സാമ്പത്തികശാസ്ത്രത്തിന് നമോവാകം! മോഡിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന മധുരമനോജ്ഞ മുദ്രാവാക്യം ‘റേപ് ഇന്‍ ഇന്ത്യ’യായി മാറിയെന്നു പറയുന്നവര്‍ക്കെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെന്ന പഴയ സീരിയല്‍ നടി പാര്‍ലമെന്റില്‍ ഉറഞ്ഞുതുള്ളിയപ്പോള്‍ അതിന് ഒരു താടകാനൃത്തത്തിന്റെ ചന്തമായിരുന്നു. ബിജെപിയുടെ ഭരണത്തിരി അണയാന്‍ കാലമായി എന്ന വിളംബരമാണ് രാജ്യമാസകലം കത്തിക്കാളുന്ന ജനത്തിന്റെ രോഷാഗ്നി.

ഈ തീജ്വാലകള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ഇന്ത്യയുടെ പ്രകാശം പരത്തുന്ന വഴികളാണ് കാട്ടിത്തരുന്നത്. ഈ അഗ്നികുണ്ഠങ്ങളില്‍ മോഡിയും ഷായും കൂട്ടാളികളും ഈയാം പാറ്റകള്‍പോലെ വെന്തുരുകുന്ന കാലം അടുത്തടുത്തു വരുന്നു. ‘കൊണ്ടുനടന്നതും നീയേചാപ്പാ, കൊണ്ടുപോയി കൊല്ലിച്ചതും നീയേ ചാപ്പാ’ എന്ന മട്ടിലാണ് നമ്മുടെ നാടകത്ത് ചില സംഭവശ്രേണികള്‍‍ അരങ്ങേറുന്നത്. മുമ്പൊരു കഥ കേട്ടിട്ടുണ്ട്. ഒരു കുട്ടിയെ സിനിമയില്‍ ഉണ്ണിയേശുവായി അഭിനയിപ്പിച്ചു. ഉണ്ണിയേശുവിനെ കണ്ട് കൊട്ടകയില്‍ ജനം കയ്യടിച്ചു. കുറേക്കാലം കഴിഞ്ഞ് യേശുവിനെ ഒറ്റുകൊടുത്ത പിലാത്തോസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ നിര്‍മ്മിക്കാന്‍ ഇതേ നിര്‍മ്മാതാക്കള്‍ തന്നെ ഒരു യുവാവിനെ തേടിയിറങ്ങി. ജീവിതത്തിലും അരാജകവാദിയായിരിക്കണം കഥാപാത്രമെന്ന് നിര്‍മ്മാതാവിനും സംവിധായകനും ഒരേവാശി. ഒടുവില്‍ അവര്‍ പിലാത്തോസിനെ കണ്ടെത്തി.

ആള്‍ ഉണ്ണിയേശുവായി പണ്ടു വേഷമിട്ട അതേയാള്‍! അയാളെവച്ച് ചിത്രമെടുക്കാന്‍ നിര്‍മ്മാതവും സംവിധായകനും പെടാപ്പാടുപെട്ടു. പിലാത്തോസിനെ ഇങ്ങോട്ടുവിളിച്ചാല്‍ അങ്ങോട്ട്. സദാ ക‍ഞ്ചാവടിച്ച് മയക്കം. ഒടുവില്‍ ആ പടം ഉപേക്ഷിക്കേണ്ടിവന്നുവെന്നാണ് കഥ. ഈട, ഇഷ്ക്, കിസ്മത്ത്, പറവ, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഷെയ്ന്‍ പഴയ ഉണ്ണിയേശുവിനെ പോലായിരുന്നു. വെയിലിലും കുര്‍ബാനയിലുമെത്തുമ്പോഴേക്കും ഷെയ്ന്‍ നിഗം കഥയിലെ പിലാത്തോസിനെപ്പോലെ എന്ന് നിര്‍മ്മാതാക്കള്‍ പറയുന്നു. എല്ലാ സിനിമകളിലും ഷെയ്‌നിനെ വിലക്കിയപ്പോള്‍ നേരേ പോയത് ഫിലിം-സാംസ്കാരിക മന്ത്രി എ കെ ബാലന്‍ സമക്ഷത്തിലേക്ക്. ബാലന്‍ മന്ത്രി പറഞ്ഞു, ഓന്‍ ഒരു കുഞ്ഞല്ലേ. മയക്കുമരുന്നല്ല ഉറക്കക്കുറവാണ് ഈ കു‍ഞ്ഞിന്റെ പ്രശ്നം. ഉറക്കമില്ലെങ്കില്‍ അതു തലച്ചോറിനെ ബാധിക്കും. അതാണ് ആ കുട്ടി ഇതൊക്കെ കാട്ടികൂട്ടുന്നത്.

‘ഒരു വൈദ്യനെപ്പോലുള്ള ബാലന്‍ മന്ത്രിയുടെ വിശദീകരണം. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചതും ഷെയിന്‍ ഉറക്കക്കുറവുകൊണ്ടായിരിക്കാം എന്ന ടിപ്പണിയും. പക്ഷേ, നിര്‍മ്മാതാക്കള്‍ നിലപാട് കടുപ്പിച്ചതോടെ താരസംഘടനയായ അമ്മയും സിനിമയിലെ കങ്കാണിത്തലവനായ ബി ഉണ്ണികൃഷ്ണനും മന്ത്രിതന്നെയും കയ്യൊഴിഞ്ഞു. ദുബായ് വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ സംവദിക്കാന്‍ ഒരു ഏര്‍പ്പാടുണ്ടാക്കുമെന്ന വാര്‍ത്ത കേട്ടപ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിക്കപ്പെട്ട ഹതഭാഗ്യരായ പൊലീസുകാരെയോര്‍ത്ത് ദുഃഖം തോന്നി. ഇന്നലെ ഒരു ലക്ഷം പേരാണ് ശബരിഗിരിനാഥനെക്കാണാന്‍ എത്തിയത്. തീര്‍ത്ഥാടകരില്‍ നല്ലൊരു പങ്ക് അന്യ സംസ്ഥാനക്കാരായ സ്ത്രീകള്‍. തമിഴരാണെങ്കില്‍ ‘എത്തിന വയസായി, മെന്‍സസ് കടശ്ശിയാച്ചാ’ എന്നൊക്കെ പറഞ്ഞു ഒപ്പിച്ചുമാറാം. കര്‍ണാടകയില്‍ നിന്നും വരുന്ന മാളികപ്പുറങ്ങളോട് ‘മി വയന എന്റാ’ എന്നു പ്രായം ചോദിക്കാന്‍ നമ്മുടെ പെണ്‍പൊലീസിനറിയുമോ. തെലുങ്കത്തികളോട് എവിടെ പോകുന്നുവെന്ന ‘ഹക്കട പോത്തിനാരു’ എന്ന് ചോദിക്കാനുമറിയില്ല.

‘അക്കട ഭഗവാന്‍ ഗാരു ദര്‍ശന പോത്തിനാരു’ എന്നു മറുപടി പറഞ്ഞാല്‍ കണ്ണുതള്ളി നില്‍ക്കുകയേ ഗത്യന്തരമുള്ളൂ. പിന്നെയും ചിട്ടവട്ടങ്ങളുണ്ട്. കന്നട മാളികപ്പുറം ആര്‍ത്തവവിരാമം കഴിഞ്ഞയാളാണോ എന്നു ‘മീരു മെനോപാസത്രോ ഉണ്ണാറ’ എന്നു ചോദിക്കാനുമറിയില്ല. തെലുങ്കത്തിയോട് ‘അല്ലി ഗേ ഹോഗുട്ടി’ എന്ന് എവിടെ പോകുന്നുവെന്ന് ചോദിക്കാനും പാങ്ങില്ല. ഇതെല്ലാം കണക്കിലെടുത്ത് ശബരിമലയില്‍ ഡ്യൂട്ടിക്കു നിയോഗിക്കുന്ന പെണ്‍പൊലീസുകാരെ ബഹുഭാഷാ പണ്ഡിതരാക്കാന്‍ ദേവസ്വം ബോര്‍ഡ് ഒരു കോഴ്‌സ് സംഘടിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളിയോട് ഒരപേക്ഷയുണ്ട്. മന്ത്രിക്കും ഈ കോഴ്സിനു ചേരാം. കന്നഡ മാളികപ്പുറങ്ങളോട് ‘നീവു സുന്ദരവാഗിധരി’ എന്നു മന്ത്രിക്കും പറയാം. (അതായത് നീ സുരസുന്ദരിയാണെന്ന്. കടകംപള്ളി ഇങ്ങനെ കന്നഡ വെച്ചുകാച്ചുന്നത് കയ്യകലത്തില്‍ നിന്നേ ആകാവൂ. ‘കന്നഡ സുന്ദര വാഗിധിരി’ മാര്‍ക്ക് കൈക്കരുത്തു കൂടുതലാണത്രേ?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.