മഗ്‌സസേ പുരസ്‌കാരം മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന്

Web Desk
Posted on August 02, 2019, 1:04 pm

ന്യൂഡല്‍ഹി: എന്‍ ഡി ടിവിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രവീഷ് കുമാറിന് 2019 ലെ രമണ്‍ മഗ്‌സസേ പുരസ്‌കാരം. അഞ്ചുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം ലഭിച്ചത്. മാധ്യമപ്രവര്‍ത്തകനെന്ന നിലയില്‍ ശബ്ദമില്ലാത്തവര്‍ക്ക് ശബ്ദം പകരാന്‍ രവീഷിന് സാധിച്ചെന്ന് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തി.

1996 മുതല്‍ എന്‍ ഡി ടിവിയില്‍ പ്രവര്‍ത്തിക്കുന്ന രവീഷ് കുമാര്‍ പ്രൈം ടൈം എന്ന പരിപാടിയുടെ അവതാരകനാണ്. മ്യാന്‍മറില്‍നിന്നുള്ള കോ സ്വി വിന്‍, തായ്‌ലന്‍ഡില്‍നിന്നുള്ള അംഗ്ഹാന നീലാപായിജിത്, ഫിലിപ്പിന്‍സില്‍നിന്നുള്ള റേയ്മണ്ടോ പുജാന്റെ കായാബ്യാബ്, ദക്ഷിണ കൊറിയയില്‍നിന്നുള്ള കിം ജോങ് കി എന്നിവരാണ് പുരസ്‌കാരം ലഭിച്ച മറ്റു നാലുപേര്‍.

ഏഷ്യയുടെ നോബല്‍ പുരസ്‌കാരം എന്നറിയപ്പെടുന്ന രമണ്‍ മഗ്‌സസേ പുരസ്‌കാരം 1957 മുതലാണ് നല്‍കിവരുന്നത്. ഫിലിപ്പൈന്‍ പ്രസിഡന്റായിരുന്ന രമണ്‍ മഗ്‌സസേയുടെ സ്മരണാര്‍ഥമാണ് പുരസ്‌കാരം സ്ഥാപിച്ചത്. ആചാര്യ വിനോബാ ഭാവെ, മദര്‍ തെരേസ, ബാബാ ആംതെ, അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരാണ് മുമ്പ് മഗ്‌സസേ പുരസ്‌കാരത്തിന് അര്‍ഹരായ ഇന്ത്യക്കാര്‍.

you may also like this video