ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് നടത്തിയ പ്രസ്താവനയെ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് വിമർശിച്ചു. സൈനിക വിഷയങ്ങളുമായി ബന്ധമില്ലാത്ത കാര്യങ്ങളെ കുറിച്ച് അഭിപ്രായപ്രകടനം നടത്തിക്കൂടെന്ന സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് റാവത്ത് നടത്തിയതെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
1950 ലെ സൈനികനിയമം അനുഛേദം 21 സൈനിക ഉദ്യോഗസ്ഥരുടെ സേവനങ്ങൾ സംബന്ധിച്ച് വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. ഉയർന്നതോ താഴ്ന്നതോ ആയ തസ്തികയിലുള്ള സൈനിക ഉദ്യോഗസ്ഥർ, രാജ്യത്തെയാണ് സേവിക്കുന്നതെന്നും രാഷ്ട്രീയ ശക്തികളെയല്ലെന്നുമാണ് പ്രസ്തുത അനുഛേദത്തിൽ പറയുന്നത്. അതുകൊണ്ട് തന്നെ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ജനറൽ റാവത്തിന്റെ നടപടി പൂർണ്ണമായും തെറ്റാണ്.
അനുചിതമായ ദിശകളിലേക്ക് ആളുകളെ നയിക്കുന്നവരല്ല നേതാക്കളെന്നായിരുന്നു പുതിയ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ആളുകളെ സൂചിപ്പിച്ച് കരസേനാ മേധാവി ഡിസംബർ 26 ന് അഭിപ്രായപ്പെട്ടത്.
നഗരങ്ങളിലും പട്ടണങ്ങളിലും കൊള്ളിവയ്പും അക്രമവും നടത്താൻ ജനക്കൂട്ടത്തെ നയിക്കുന്ന നിരവധി യൂണിവേഴ്‌സിറ്റി, കോളജ് വിദ്യാർത്ഥികളെയാണ് നാം കാണുന്നത്. ഇത് ശരിയായ നേതൃത്വമല്ല. ശരിയായ വഴിയിലൂടെ നിങ്ങളെ നയിക്കുന്ന വ്യക്തിയായിരിക്കണം നേതാവ്. അദ്ദേഹം തുടർന്നു പറഞ്ഞു: നിങ്ങൾക്ക് ശരിയായ ഉപദേശം നൽകുകയും നയിക്കപ്പെടുന്നവരുടെ പരിപാലനം ഉറപ്പാക്കുകയും ചെയ്യുന്നവരാണ് യഥാർഥ നേതാവെന്നും ആരോഗ്യ ഉച്ചകോടിയിൽ സംസാരിക്കവേ കരസേനാ മേധാവി പറയുകയുണ്ടായി.
ഡിസംബർ 31 ന് ആർമി ചീഫ് പദവിയിൽ നിന്ന് വിരമിക്കാനിരിക്കുന്ന ജനറൽ റാവത്തിനെ മൂന്ന് സൈനിക വിഭാഗത്തിന്റെയും ഉപദേശക പദവിയുള്ള ഏക ചീഫ് ഓഫ് ഡിഫൻസ് പദവിയിൽ നിയമിക്കുന്നതിന് സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. ഇത്തരമൊരു വ്യക്തിക്ക് പ്രതിരോധ സേവനങ്ങളിൽ ഏറ്റവും ഉയർന്ന സ്ഥാനം നൽകാൻ കഴിയുമോ എന്നത് സർക്കാർ പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചു.
ജനവിധി എതിരാണെങ്കിൽ ഭരണകക്ഷി മാറാമെന്നും അതുകൊണ്ട് നമ്മുടേതുപോലുള്ള ഒരു ജനാധിപത്യ രാജ്യത്ത് ഇത്തരം നിയമലംഘനങ്ങൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സേവനമനുഷ്ഠിക്കുന്ന എല്ലാ പ്രതിരോധ ഉദ്യോഗസ്ഥരോടും സെക്രട്ടേറിയറ്റ് അഭ്യർത്ഥിച്ചു.
‘you may also like this video’
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.