Web Desk

തിരുവനന്തപുരം

November 16, 2020, 8:47 pm

കോവിഡ് പ്രതിരോധം; കേരളത്തെ അഭിനന്ദിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Janayugom Online

കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ബിഐയുടെ വാര്‍ഷിക പ്രസിദ്ധീകരണത്തില്‍ വന്ന പ്രത്യേക ലേഖനത്തിലാണ് കേരളത്തെ അഭിനന്ദിച്ചിരിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മികച്ച പ്രതിരോധ സംവിധാനമാണ് കേരളമൊരുക്കിയതെന്ന് ആര്‍ബിഐ പറഞ്ഞു.

രാജ്യത്തെ ആദ്യ കോവിഡ് കേസ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഇതുവരെയുളള പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്ന് ലേഖനത്തില്‍ പറയുന്നു. ഹോട്ട് സ്‌പോട്ടായി മാറുമായിരുന്ന സംസ്ഥാനത്തെ അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ നിയന്ത്രിച്ചത്. കൃത്യമായ ആസൂത്രണത്തോടെയുളള പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സംസ്ഥാനത്തെ മരണനിരക്ക് 0.3 ശതമാനത്തില്‍ പിടിച്ചു നിര്‍ത്താൻ സാധിച്ചുവെന്നത് നേട്ടമാണ്.

ലോക്ഡൗണ്‍ കാലത്ത് ഭക്ഷണമെത്തിക്കുന്നതിലടക്കം മികച്ച പ്രവര്‍ത്തനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങള്‍ നടത്തിയത്. കുടുംബശ്രീ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ഇടപെടലും ലേഖനത്തില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു. ഒത്തരൊമയുടെ വിജയമാണ് പ്രതിരോധത്തിന്റെ തിളക്കമെന്നും ലേഖനം പറയുന്നു.

രോഗികളെ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഫസ്റ്റ് ലൈൻ ചികിത്സ കേന്ദ്രങ്ങള്‍, സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്തി പരിശോധിച്ച് നിരീക്ഷണത്തിലേക്ക് മാറ്റുന്നതിനും മികച്ച ബോധവല്‍ക്കരണം നടത്തുന്നതിനെല്ലാം സര്‍ക്കാരിനൊപ്പം നിന്നത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക പ്രസിദ്ധീകരണമായ സ്റ്റേറ്റ് ഫിനാൻസ്, എ സ്റ്റഡി ഓഫ് ബജറ്റ്സ് ഓഫ് 2020–21 ല്‍ കോവിഡ് 19 ദി കേരള മോഡല്‍ ഓഫ് കണ്ടെൻമെന്റ്- ദി റോള്‍ ഓഫ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ENGLISH SUMMARY: RBI APPRECIATES KERALA’S COVID MODEL

YOU MAY ALSO LIKE THIS VIDEO