Wednesday
20 Mar 2019

കേരള ബാങ്കിന് ആർ ബി ഐ അനുമതി

By: Web Desk | Sunday 30 September 2018 10:47 AM IST


reserve bank

838 ശാഖകൾ ചേർന്ന് കേരള ബാങ്ക് 

കണ്ണൂര്‍: രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിൽ കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി. 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച് കേരള ബാങ്ക് ആക്കാൻ ചർച്ചകൾക്കൊടുവിൽ അനുമതിയായി. ഇതു സംബന്ധിച്ചു സര്‍ക്കാര്‍ അടുത്തയാഴ്ച ഓര്‍ഡിനന്‍സ് ഇറക്കും.

14 ജില്ലാ ബാങ്കുകളും 804 ജില്ലാ ബാങ്ക് ശാഖകളും സംസ്ഥാന സഹകരണ ബാങ്കിന്റെ 20 ശാ ഖകളും ചേർന്ന് 838 ശാഖകൾ കേരള ബാങ്കിന്റെ ശാഖകളായി മാറും. ഇതോടെ ജില്ലാ ബാങ്കുകള്‍ ഇല്ലാതാകും. സഹകരണ നിയമപ്രകാരം ജില്ലാ ബാങ്കുകള്‍ ലയിപ്പിക്കാന്‍ പൊതുയോഗത്തില്‍ മൂന്നില്‍ രണ്ട് അംഗങ്ങളുടെ അനുമതി വേണം. എന്നാല്‍ പല ജില്ലാ ബാങ്കുകളിലും യുഡിഎഫ് അനുകൂല വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ എളുപ്പത്തില്‍ അനുമതി ലഭിച്ചേക്കില്ല. ഇത് മറികടക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുന്നത്.

ആര്‍ബിഐ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് കേരള ബാങ്കിന് അനുമതി നല്‍കിയെങ്കിലും യു ഡി എഫിന് സ്വാധീനമുള്ള ചില ജില്ലാ ബാങ്കുകളുടെ പൊതുയോഗത്തില്‍ എതിര്‍പ്പ് ഉയരുന്ന സാഹചര്യം ഒഴിവാക്കാനാണു ഓർഡിനൻസ് ഇറക്കുന്നത്. ആര്‍ബിഐ അനുമതിക്ക് ചില ഉപാധികൾ ഉള്ളതിനാൽ ഏതാനും മാസം കൂടി എടുക്കും ബാങ്ക് പ്രവര്‍ത്തനം തുടങ്ങാന്‍.  ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് വിവിധ കോടതികളിൽ കേസുകളും നിലനില്‍ക്കുന്നുണ്ട്.

കേരളത്തിലെ ദേശസാൽകൃത ബാങ്കുകൾ ഇവിടെ നിന്നും ഭീമമായ നിക്ഷേപം സ്വീകരിക്കുകയും ഇന്നാട്ടുകാർക്കു വായ്‌പ്പ നൽകാൻ വിമുഖത കാണിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് എൽ ഡി എഫ് സർക്കാർ കേരള ബാങ്ക് എന്ന ആശയം പ്രഖ്യാപിച്ചത്. നോട്ടു നിരോധനത്തിന്റെ പേരിൽ കേന്ദ്രത്തിലെ എൻ ഡി എ സർക്കാർ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകർക്കാൻ ശ്രമിച്ചതോടെ ഇതിനുള്ള ശ്രമങ്ങൾ കൂടുതൽ സജീവമായി.

ജില്ലാ ബാങ്കുകളില്‍നിന്നു വായ്പ ലഭിക്കണമെങ്കില്‍ ജില്ലാ ബാങ്ക് ഭരണസമിതികളുടെ അനുമതി വേണമെന്ന കീഴ്വഴക്കം ഇല്ലാതാകും. കേരള ബാങ്കില്‍ നേരിട്ട് ഇടപാടു നടത്താം. വികസന പ്രവര്‍ത്തനങ്ങള്‍ക്കോ താല്‍പര്യമുള്ളവര്‍ക്കു വായ്പ നല്‍കാനോ ആരുടെയും അനുമതി ആവശ്യമില്ല. സംസ്ഥാനത്തെ 1640 പ്രാഥമിക കാര്‍ഷിക ക്രെഡിറ്റ് സംഘങ്ങളില്‍ നിന്നു (പാക്‌സ്) തിരഞ്ഞെടുക്കപ്പെടുന്നവര്‍ ചേര്‍ന്നതാവും പുതിയ ഭരണസമിതി.