ആര്‍ബിഐ‑കേന്ദ്രസര്‍ക്കാര്‍ ഭിന്നത: ഐഎംഎഫിന് അതൃപ്തി

Web Desk
Posted on November 02, 2018, 10:58 pm

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുതിയ സംഭവവികാസങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്ന് ഇന്റര്‍ നാഷണല്‍ മോണിറ്ററി ഫണ്ട്. കേന്ദ്രസര്‍ക്കാരിന്റേയും ആര്‍ബിഐയുടെയും ഇടയില്‍ ഉണ്ടായ അഭിപ്രായവ്യത്യാസങ്ങളെ പരാമര്‍ശിച്ച് സംസാരിക്കുകയായിരുന്നു ഐഎംഎഫ്.
‘കേന്ദ്ര ബാങ്കുകളുടെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന തരത്തിലുള്ള ഇടപെടലുകളില്‍ ഐഎംഎഫ് അതൃപ്തി അറിയിച്ചു. കേന്ദ്രബാങ്കുകളുടെ പരമാധികാരത്തെ ഇല്ലാതാക്കുന്ന തരത്തിലുള്ള സര്‍ക്കാരിന്റെയോ വ്യവസായികളുടേയോ ഇടപെടലുകള്‍ ഉണ്ടാവാതിരിക്കലാണ് ഏറ്റവും അനുയോജ്യം’ ഐഎംഎഫ് മേധാവി ജെറി റൈസ് പറഞ്ഞു.
ആര്‍ബിഐയുടെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകള്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരല്‍ ആചാര്യ ഈയിടെ വെളിപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പോടനുബന്ധിച്ച് വോട്ടുകള്‍ ലക്ഷ്യമിട്ട് ബിജെപി ആര്‍ബിഐയെ കരുവാക്കുകയാണെന്ന വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.