കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന്റെ പല രാജ്യങ്ങളും ഗുരുതരമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് വീണേക്കുമെന്ന് ആർബിഐ. തകർന്നുകൊണ്ടിരിക്കുന്ന സാമ്പത്തികമേഖലയ്ക്ക് കരുത്തുപകരാനുള്ള നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വെട്ടിക്കുറയ്ക്കുകയും വായ്പാ തിരിച്ചടവുകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്തു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 5.15 ശതമാനത്തില്‍ നിന്ന് 4.40 ശതമാനമായാണ് കുറച്ചിരിക്കുന്നത്. 75 ബേസിസ് പോയിന്റ് കുറവ്. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്കായ റിവേഴ്സ് റിപ്പോ നാലു ശതമാനമായും നിജപ്പെടുത്തി. 90 ബേസിസ് പോയിന്റാണ് കുറച്ചത്.
ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവുണ്ടാകും. പണ നയ അവലോകനസമിതിയിലെ ആറ് അംഗങ്ങളും നിരക്ക് കുറയ്ക്കുന്നതിനായി വോട്ട് ചെയ്തു. ഇവരിൽ രണ്ടുപേർ അരശതമാനം കുറയ്ക്കുന്നതിനാണ് വോട്ട് ചെയ്തത്. ഏപ്രിൽ മൂന്നിന് ചേരേണ്ടിയിരുന്ന യോഗം അടിയന്തര സാഹചര്യത്തിൽ ഒരാഴ്ച മുമ്പേ യോഗം ചേരുകയായിരുന്നു. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരു ശതമാനവും കുറവു വരുത്തിയിട്ടുണ്ട്. ഇതോടെ സിആര്‍ആര്‍ മൂന്നു ശതമാനമായി. സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (എസ്എൽആർ)യും മൂന്ന് ശതമാനമാക്കി നിജപ്പെടുത്തി. യുഎസ് ഫെഡറൽ റിസർവ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചതിന് സമാനമായ മാറ്റങ്ങളാണ് ആർബിഐ വരുത്തിയിരിക്കുന്നത്. എന്നാൽ നിലവിലെ അടിയന്തര സാഹചര്യത്തെ നേരിടുന്നതിനും നിലച്ചുപോയ വ്യോമയാനക്കമ്പനികൾ ഉൾപ്പെടെയുള്ളവയുടെ പുനരുജ്ജീവനത്തിനും ഉപയുക്തമായി ഇവ മാറില്ലെന്ന് ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു.
സുരക്ഷിത നിലയിലാണ് നാണ്യപ്പെരുപ്പമെന്ന് ആര്‍ബിഐ കണക്കുകൂട്ടുന്നു. എന്നാല്‍ 2020–21 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉല്പാദന വളര്‍ച്ച ഇപ്പോള്‍ പ്രവചനാതീതമാണ്. കാർഷിക അനുബന്ധപ്രവർത്തനങ്ങൾക്ക് പുറമേ സാമ്പത്തിക വ്യവസ്ഥയുടെ മിക്ക മേഖലകളെയും പകർച്ചവ്യാധി പ്രതികൂലമായി ബാധിക്കും. കോവിഡ് 19 തീവ്രത, വ്യാപനം, ദൈർഘ്യം എന്നിവയെ ആശ്രയിച്ചായിരിക്കും സാമ്പത്തികമേഖലയുടെ വളർച്ചയെന്ന് ആർബിഐ കരുതുന്നു. കോവിഡ് ദീർഘിക്കുകയാണെങ്കിൽ ആഗോളമാന്ദ്യം വർധിക്കും. ഇത് വിതരണമേഖലയിൽ തടസങ്ങൾ സൃഷ്ടിക്കും. നീണ്ടുനിൽക്കുന്ന ലോക്ക്ഡൗണും സാമ്പത്തിക വളർച്ചയ്ക്ക് ദോഷകരമാകും. ആഭ്യന്തര സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും മാന്ദ്യം ദീർഘകാലത്തേക്കുണ്ടാവില്ലെന്ന് പ്രതീക്ഷിക്കുന്നതായും വാര്‍ത്താസമ്മേളനത്തില്‍ ശക്തികാന്ത ദാസ് പറഞ്ഞു. കോവിഡ് 19 വ്യാപനംമൂലം ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി തരണംചെയ്യാന്‍ നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: RBI cuts interest rates
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.