പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര ഇടപെടല്‍; റിസര്‍വ്  ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവച്ചു

Web Desk
Posted on June 24, 2019, 6:44 pm

ന്യൂഡെല്‍ഹി : ഔദ്യോഗിക കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെ റിസര്‍വ്  ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവച്ചു.  ആറുമാസത്തിനിടെ ഉന്നതതലത്തില്‍ നടക്കുന്ന രണ്ടാമത്തെ രാജിയാണിത്. തന്റെ കാലാവധി തീരാന്‍ ഒന്‍പതുമാസമുള്ളപ്പോഴാണ് റിസര്‍വ് ബാങ്ക്   ഗവര്‍ണര്‍ പദവിയില്‍നിന്നും  ഊര്‍ജ്ജിത് പട്ടേല്‍ രാജിവച്ചത്. കേന്ദ്രസര്‍ക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളെതുടര്‍ന്നുണ്ടായ രാജി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന്‍റെ മുഖത്തേറ്റ അടിയായിരുന്നു.

ഗവര്‍ണര്‍ ശക്തികാന്തദാസുമായി സാമ്പത്തിക പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് വിലാല്‍ ആചാര്യ അഭിപ്രായവ്യത്യാസത്തിലായിരുന്നു.  റിസര്‍വ് ബാങ്കിന്‍റെ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നതിനെതിരെ വിരാല്‍ വി ആചാര്യ രംഗത്തുവന്നിരുന്നു. ഇന്ത്യന്‍ സമ്ബദ്ഘടനയെ നിയന്ത്രിക്കാനുളള റിസര്‍വ് ബാങ്കിന്‍റെ സ്വാതന്ത്ര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുകയാണെന്നും റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവില്‍ ഇനി റിസര്‍വ് ബാങ്കില്‍ മൂന്നു ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് അവശേഷിക്കുന്നത്.എന്‍എസ് വിശ്വനാഥന്‍,ബി പി കനുംഗോ,എം കെ ജയിന്‍ എ്ന്നിവരാണവര്‍. 2017 ല്‍ആണ് ഏറ്റവുംപ്രായംകുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണര്‍ആയി വിരാല്‍ ആചാര്യ ജോലിയിലെത്തിയത്.

ആചാര്യ രാജിവച്ചത് വ്യക്തിപരമായ കാരണങ്ങളാലെന്ന് റിസര്‍ബാങ്ക് വിശദീകരണം.  രാജിവച്ചതായി മാധ്യമങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ആര്‍ ബി ഐ രംഗത്തെത്തിയത്.

ആഴ്ചകള്‍ക്ക് മുമ്ബേ 2019 ജൂലൈ 23 മുതല്‍ സ്ഥാനത്ത് തുടരാനാകില്ലെന്ന് വിരാല്‍ കത്ത് നല്‍കിയിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വെക്കുന്നതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിരുന്നെന്നും ആര്‍ ബി ഐ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

അദ്ദേഹത്തിന്‍റെ കത്ത് ബന്ധപ്പെട്ട അധികൃതര്‍ക്ക് പരിഗണനക്കായി നല്‍കിയിരുന്നുന്നെന്നും ആര്‍ ബി ഐ അറിയിച്ചു. 2017 ജനുവരിയിലാണ് വിരാല്‍ വി ആചാര്യ മൂന്ന് വര്‍ഷത്തേക്ക് ആര്‍ ബി ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനമേല്‍ക്കുന്നത്. കാലാവധി പൂര്‍ത്തിയാകാന്‍ ആറ് മാസം ശേഷിക്കെയാണ് രാജി.

ആചാര്യ ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി സ്റ്റേണ്‍ സ്കൂള്‍ ഓഫ് ബിസിനസില്‍ അധ്യാപകനായി മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.