രണ്ടാം പാദത്തിലും സമ്പദ്ഘടന ചുരുങ്ങുമെന്ന് ആർബിഐ

Web Desk

മുംബൈ

Posted on August 26, 2020, 10:29 pm

രാജ്യത്തിന്റെ സമ്പദ്ഘടനയിൽ നേരിട്ടുകൊണ്ടിരിക്കുന്ന ചുരുക്കം ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള പാദത്തിലും തുടരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ബാങ്കിന്റെ 2019–20 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയതാണ് ഇതിന് കാരണമായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ വീണ്ടും ഏർപ്പെടുത്തിയതിനാൽ മെയ്, ജൂൺ മാസങ്ങളിൽ കരുത്താർജ്ജിച്ച സമ്പദ്ഘടന രണ്ടാം പാദമായ ജൂലൈ- സെപ്റ്റംബർ മാസങ്ങളിൽ വീണ്ടും ചുരുങ്ങുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്.

കോവിഡ് മഹാമാരി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരമായ തകർച്ചയ്ക്കു കാരണമാകും. എന്നാൽ ഈ സാമ്പത്തിക വർഷത്തെ സാമ്പത്തിക ഞെരുക്കത്തിൽ നിന്നും കരകയറ്റം 2008-09 വർഷത്തിൽ അനുഭവിച്ച ആഗോള സാമ്പത്തിക മാന്ദ്യത്തിലേതിനേക്കാൾ വ്യത്യസ്തമായിരിക്കും. വർഷങ്ങളുടെ തുടർച്ചയായ വളർച്ചയ്ക്കശേഷമാണ് 2008-09 വർഷത്തിൽ പ്രതിസന്ധി നേരിട്ടതെങ്കിൽ വലിയൊരു സാമ്പത്തിക മാന്ദ്യത്തിനിടയിലാണ് കോവിഡ് തിരിച്ചടിയായതെന്നും ആർബിഐ പറയുന്നു.

നിലവിലെ സാമ്പത്തിക സ്ഥിതിക്ക് സർക്കാർ ചെലവ് ഉത്തേജനമാകും. കോവിഡ് വ്യാപനം കുറയുമ്പോൾ സ്വകാര്യ ചെലവുകളിലുണ്ടാകുന്ന വർധനവ് സമ്പദ്‌വ്യവസ്ഥയുടെ വീണ്ടെടുക്കലിന് കാരണമാകും. എന്നാൽ തെക്ക്പടിഞ്ഞാറൻ മൺസൂണിന്റെ അസ്ഥിരതയും വിപണിയിലെ ചാഞ്ചാട്ടവും വളർച്ചയെ ബാധിക്കുമെന്നും ആർബിഐ പറയുന്നു.

ജനങ്ങൾ വീടുകളിൽ തന്നെ തുടരുന്നതിനാൽ പണത്തിന്റെ ഉപയോഗത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടായി. ഇത് വിപണിയിൽ മതിയായ പണലഭ്യത ഉറപ്പാക്കുന്നതിന് വിപുലീകരണ നയങ്ങൾ സ്വീകരിക്കുന്നതിന് നിർബന്ധിതമായി.

മഹാമാരി ആഗോള സമ്പദ്ഘടനയിൽ ആഴത്തിലുളള വൈരൂപ്യങ്ങൾഉണ്ടാക്കും. മഹാമാരിയുടെ വ്യാപനം, ദൈർഘ്യം, വാക്സിൻ വികസനം എന്നിവ അടിസ്ഥാനപ്പെടുത്തിയാകും സമ്പദ്ഘടനയുടെ ഭാവി നിർണയിക്കപ്പെടുക എന്ന് ആർബിഐ പറയുന്നു. ഭാവിയിലെ വായ്പാ തിരിച്ചടവിലുണ്ടാകുന്ന വീഴ്ചയെ ഭയന്ന് ബാങ്കുകൾ വായ്പ നൽകുന്നത് ഗണ്യമായി കുറച്ചിട്ടുണ്ട്.

മാർച്ചിൽ വിവിധ പദ്ധതികളിലേക്കായി എട്ട് ലക്ഷം കോടി രൂപ മുതൽ ഒമ്പത് ലക്ഷം കോടി രൂപവരെ ആർബിഐ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റു് കുറയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികൾ ഒന്നും വളർച്ചയെ സഹായിച്ചില്ല.

Eng­lish sum­ma­ry: RBI expects econ­o­my to shrink in sec­ond quar­ter

You may also like this video: