റിസര്‍വ് ബാങ്കിന്റെ കണ്ടെത്തല്‍ മാന്ദ്യകാരണം നോട്ടുനിരോധനം

Web Desk
Posted on September 07, 2019, 10:05 pm

മുംബൈ: രാജ്യത്തുണ്ടായ സാമ്പത്തിക മാന്ദ്യത്തിന്റെ മുഖ്യകാരണം നോട്ട് പിന്‍വലിക്കല്‍ തീരുമാനമായിരുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) വിലയിരുത്തല്‍. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതങ്ങള്‍ വളര്‍ച്ചയ്ക്ക് നിദാനമാകുന്ന എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചുവെന്ന് ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് അടിവരയിടുന്നു. നോട്ട് പിന്‍വലിക്കലിന് ശേഷം ജനങ്ങളുടെ ഉപഭോഗശേഷിയിലും ഉപഭോക്തൃ വായ്പകളിലും ഗണ്യമായ കുറവുണ്ടായി. സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും വാങ്ങല്‍ ശേഷി ശോഷിച്ചത് സമ്പദ്ഘടനയെ വല്ലാതെ ബാധിച്ചുവെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇതിലൂടെ ചെറുകിട — ഇടത്തരം സംരംഭങ്ങളും ഭക്ഷ്യ — വാഹന — ഉപഭോഗാധിഷ്ഠിത വ്യവസായങ്ങളും പ്രതിസന്ധിയിലായി.

നോട്ടുനിരോധനത്തിന്റെ മറ്റൊരു ലക്ഷ്യമായി പ്രഖ്യാപിച്ചിരുന്ന സാമ്പത്തിക അരാജകത്വത്തിന്റെ കാര്യത്തില്‍ വലിയ പരാജയമാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാങ്ക് തട്ടിപ്പുകളില്‍ 73.8 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്. നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് ശേഷമുള്ള വര്‍ഷം (2017–18) 5,916 കേസുകളിലായി 41,167 കോടി രൂപയുടെ ബാങ്ക് തട്ടിപ്പാണ് ഉണ്ടായത്. 2018–19ല്‍ 6,801 കേസുകളിലായി 71,543 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.
ധനദൗര്‍ലഭ്യത കാരണം നിക്ഷേപത്തില്‍ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിന്റെ തുടക്കം മുതല്‍ ഇത് പ്രകടമായി. ഉല്‍പ്പാദന — വിവരസാങ്കേതികത ഒഴികെയുള്ള എല്ലാ മേഖലകളിലും വളര്‍ച്ച ഭീമമായി കുറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വില്‍പ്പനയില്‍ കുറവുണ്ടായതും നോട്ടുനിരോധനത്തെ തുടര്‍ന്നായിരുന്നു. പണത്തിനുണ്ടായ ഞെരുക്കം കാരണം ചെറുകിട വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ കാണിച്ച വിമുഖത പ്രതിസന്ധിയുടെ ആക്കംകൂട്ടി. കയറ്റുമതിയിലും ഗണ്യമായ കുറവുണ്ടായി. സ്വര്‍ണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാര മേഖല തുടര്‍ച്ചയായി തളരുന്ന അവസ്ഥയാണ് പിന്നീടുണ്ടായതെന്നും ആര്‍ബിഐ റിപ്പോര്‍ട്ടിലുണ്ട്.

വളര്‍ച്ചയെ പ്രചോദിപ്പിക്കുന്ന ഉല്‍പ്പാദനം, സേവനം തുടങ്ങിയ മേഖലകള്‍ ജഡാവസ്ഥയിലായി. വ്യാപാരം, ഗതാഗതം, ആശയവിനിമയം, പ്രക്ഷേപണം തുടങ്ങിയ മേഖലകളും തളര്‍ച്ചയാണ് നേരിടുന്നത്. കാര്‍ഷിക മേഖല, ഇതിന് അനുബന്ധമായുള്ള മൂല്യവര്‍ധിത വ്യവസായ മേഖല എന്നിവയൊക്കെ പ്രതിസന്ധിയിലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മോഡിസര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതുമുതല്‍ രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തളരുന്നതായാണ് ആര്‍ബിഐ റിപ്പോര്‍ട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. 2013 മുതല്‍ 2019 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 2014വരെ ജിഡിപി നിരക്കില്‍ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2014 മുതല്‍ വളര്‍ച്ചാ നിരക്ക് ഇടിയുകയാണുണ്ടായത്.

പൊതു-സ്വകാര്യ മേഖലകളിലെ നിക്ഷേപങ്ങളില്‍ ഉണ്ടായ ഗണ്യമായ കുറവ് പരിഹരിക്കാനുള്ള നടപടികള്‍ ഉണ്ടാകാത്തത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. മൂലധന നിക്ഷേപങ്ങള്‍ വര്‍ധിച്ചാല്‍ മാത്രമേ ഒരു രാജ്യത്തിന് സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ കഴിയൂ. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഈ ദിശയിലുള്ള ഒരു നടപടിയും കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. വാഹന നിര്‍മ്മാണ മേഖലയില്‍ ഏര്‍പ്പെടുത്തിയ ഉയര്‍ന്ന ജിഎസ്ടി നിരക്ക്, ഉല്‍പ്പാദന മേഖലയില്‍ പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനം, ചെറുകിട വായ്പകള്‍ അനുവദിക്കാന്‍ വിമുഖത കാണിക്കുന്ന ബാങ്കുകളില്‍ കൂടുതല്‍ മൂലധന നിക്ഷേപം നടത്താനുള്ള തീരുമാനം എന്നിവ സാമ്പത്തിക പ്രതിസന്ധിയെ സാമ്പത്തിക മാന്ദ്യം എന്ന അവസ്ഥയില്‍ എത്തിച്ചു.